Friday 26 February 2021 02:38 PM IST

100 വർഷം പഴക്കമുള്ള വീടിന്റെ പുതിയ രൂപവും ഉപയോഗവും ഞെട്ടിക്കും, കാലഹരണപ്പെട്ട കെട്ടിടങ്ങൾക്ക് പുതു ജീവൻ നൽകുന്നത് ഇങ്ങനെ

Sona Thampi

Senior Editorial Coordinator

sona2

കർണാടകടയിലെ ബസവൻഗുഡി എന്ന സ്ഥലത്തിനു പോലുമുണ്ട് ഒരു ചരിത്രം. 1920 കളിൽ ആളുകൾ തിങ്ങിനിറഞ്ഞു പാർത്തിരുന്ന മൈസൂർ രാജ്യത്ത് പ്ലേഗ് പടർന്നുപിടിച്ചപ്പോഴാണ് ബസവൻഗുഡി എന്ന സ്ഥലം കൂടുതൽ വാസയോഗ്യമാക്കാൻ രാജാവ് തീരുമാനിച്ചതത്രേ. ഒരു പക്ഷേ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം കൂടുതൽ പ്രസക്തമായി തോന്നാം.അങ്ങനെയാണ് ശുഭ്രതാദാസിന്റെ മുത്തച്ഛൻ ബസവൻഗുഡിയിൽ എത്തിപ്പെട്ടത്. പക്ഷേ, ഇന്ന് വർഷങ്ങൾക്കിപ്പുറം അവിടം വാണിജ്യ കേന്ദ്രമായി മാറിയപ്പോൾ വീട്ടുകാർ അവിടം വിട്ടു, അങ്ങനെയാണ് വീടിന് മറ്റൊരു ഉപയോഗം എന്ന ആശയത്തിലെത്തിയത്.

sona 1

ബെംഗളൂരിൽ പ്രാക്ടീസ് ചെയ്യുന്ന ആർക്കിടെക്ട് സീജോയുടെ കൈയിൽ എത്തിയ വീടിന് ഉപയോഗക്ഷമത മാത്രമല്ല, സൗന്ദര്യവും ഇരട്ടിയായെന്നത് യാഥാർഥ്യം മാത്രം. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന വീട്ടിൽ ഇന്ന് പ്രവർത്തിക്കുന്നത് അസിം പ്രേംജി ഫൗണ്ടേഷനു കീഴിലുള്ള എൻജിഒ. ഒാഫിസ് ആണെങ്കിലും ‘ഹോംലി ഫീൽ’ ആണ് കെട്ടിടത്തിന്റെ സവിശേഷത. അകത്തെ ഭിത്തികളൊന്നും തന്നെ സീജോ പൊളിച്ചില്ല. കെട്ടിടത്തിന്റെ മുൻവശത്ത് റിസപ്ഷനും പിൻഭാഗത്ത് ഒാഫിസും പ്രവർത്തിക്കുന്നു.

sona3

മുകൾനിലയിൽ ഏകദേശം 30 അടി വീതിയും 30 അടി നീളവുമുള്ള വലിയൊരു ഹാൾ ഉണ്ടാക്കി. കോൺഫറൻസുകൾ, ഒത്തുകൂടലുകൾക്കുള്ള ഇടം എന്നിവയൊക്കെയായി ഉപയോഗിക്കാവുന്ന ഏരിയ ആണിത്. അതിന്റെ ഭാഗമായി താഴെ നീളത്തിൽ ഒരു വരാന്ത കൂട്ടിച്ചേർക്കാൻ കഴിഞ്ഞു. ടെറാക്കോട്ട ടൈലുകൾ പാകിയ ഇവിടെ നിറയെ ചെടികളും കോൺക്രീറ്റ് ഇരിപ്പിടങ്ങളും വീടിന്റെ പ്രതീതി തരുന്നു. ലാൻഡ്സ്കേപ് കോൺട്രാക്ടർമാരായ വീട്ടുകാർ തന്നെയാണ് ഇവിടെ പച്ചപ്പ് സൃഷ്ടിച്ചത്. വെള്ളനിറത്തിലുള്ള കെട്ടിടത്തിനും ജനലുകൾക്കും വാതിലിനും ചേരുന്ന രീതിയിലാണ് ഇൗ വരാന്തയുടെ സൗമ്യഭാവം.

sona4

മുകളിലെ ഹാളിന് ചുവന്ന കട്ടകളുടെ ഭംഗിയാണ് ചാരുത പകരുന്നത്. മൂന്നു വശത്തും ചുവന്ന കട്ടകളുടെ ഭിത്തിയാണെങ്കിൽ നാലാമത്തെ ഭാഗം മുഴുവൻ ഗ്ലാസ്സ് ആണ്. മെറ്റൽ ഫ്രെയിമിൽ ഒരു വശത്ത് ഭിത്തിയായും എതിർവശത്ത് വെന്റിലേഷൻ ആയും ഗ്ലാസ്സ് ജാലകങ്ങൾ വർത്തിക്കുന്നു. ഗ്ലാസ് ഭിത്തിക്കപ്പുറത്ത് വള്ളിപ്പടർപ്പുകൾക്കായി ഒരു കൊച്ചു ഗാർഡൻ ഏരിയയും ആർക്കിടെക്ട് ക്രമീകരിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട ഒരു കെട്ടിടത്തെ എങ്ങനെ കൂടുതൽ ഭംഗിയോടെ ഉപയോഗപ്രദമാക്കാം എന്ന കാലഘട്ടത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകുകയാണ് സീജോ ഇവിടെ.

Tags:
  • Vanitha Veedu