Friday 24 July 2020 04:57 PM IST : By സ്വന്തം ലേഖകൻ

റെഡിമെയ്ഡ് വാഷിങ് സ്റ്റോൺ റെഡി; ഇനി ഫ്ലാറ്റിലുമാകാം അടിച്ചുനന

veedu

ഫ്ലാറ്റിലാണ് താമസം. പക്ഷേ, പഴയതുപോലെ അലക്കുകല്ലിൽ തുണി കഴുകിയാലേ സംതൃപ്തി വരൂ. എന്തുചെയ്യും? എന്തായാലും ഇത്തരക്കാർക്ക് ഒരു ആശ്വാസവാർത്ത എത്തിയിട്ടുണ്ട്. ‘ന്യൂജെൻഅലക്കുകല്ല്’അഥവാ‘റെഡിമെയ്ഡ് വാഷിങ്സ്റ്റോൺ’ആണ് വാർത്താതാരം. സ്റ്റീൽ സ്റ്റാൻഡിനുമുകളിൽ ഉറപ്പിച്ച നല്ല സുന്ദരൻ അലക്കു കല്ലാണിത്.  ഫ്ലാറ്റിലെ ബാത്റൂമിലോ ടെറസിലോ കൊണ്ടുവയ്ക്കാം. നല്ല വെടിപ്പായി അടിച്ചുതന്നെ തുണിനനയ്ക്കാം.
നല്ല കട്ടിയുള്ള സ്റ്റീൽ പ്ലാറ്റ്ഫോമിൽ ഉറപ്പിച്ച സ്റ്റീൽപൈപ്പിനു മുകളിലാണ് കരിങ്കൽപ്പാളി പിടിപ്പിച്ചിരിക്കുന്നത്. ചതുരാകൃതിയിൽ മെഷീൻപോളിഷ് ചെയ്തു തയാറാക്കിയ കരിങ്കൽപ്പാളി ആയതിനാൽ സൗകര്യപ്രദമായി തുണികഴുകാം. വെള്ളം ഒലിച്ചുപോകാൻ ചെറിയ ചരിവുള്ള രീതിയിലാണ് ഇതുപിടിപ്പിച്ചിരിക്കുന്നത്. സൈഡിൽ സോപ്പ് വയ്ക്കാനുള്ള പെട്ടിയുമുണ്ട്. ഇനി നിലത്തുതന്നെ വയ്ക്കാവുന്നതാണ് വേണ്ടതെങ്കിൽ അതുമുണ്ട്. ആവശ്യാനുസരണം സ്ഥലം മാറ്റാനും കാൽ ഉരച്ചു വൃത്തിയാക്കാനുമെല്ലാം ഇത് സഹായിക്കും.
രണ്ടുപേരുടെ സഹായമുണ്ടെങ്കിൽ മെറ്റൽ പൈപ്പിൽ വച്ചത് സുഖമായി എടുത്തുമാറ്റാം. ബാത്റൂമിൽ മാത്രമല്ല, ബാൽക്കണി പോലുള്ള ഏത് ചെറിയ സ്ഥലത്തും വയ്ക്കാമെന്നതാണ് പ്രധാന സവിശേഷത. ഉറപ്പും ബലവുമുള്ള രീതിയിലാണ് നിർമാണം. ശക്തിയായി അടിച്ചുതന്നെ തുണികഴുകാം. 2,500 രൂപമുതൽ 3,500 രൂപവരെ വിലയുള്ള മോഡലുകളുണ്ട്.