ജിഎസ്ടിയിലെ പുതിയ മാറ്റങ്ങൾ വീടുപണിയുന്ന സാധാരണക്കാർക്ക് ഗുണകരമാകുമോ? നിർമാണസാമഗ്രികളുടെ പലതിന്റെയും വില കുറയും എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ, ഒറ്റനോട്ടത്തിൽ ജിഎസ്ടി 2.0 സാധാരണക്കാരന് ആശ്വാസം തന്നെയായിരിക്കും. എന്നാൽ ലാഭം എത്രമാത്രം എന്നത് മറ്റുചില കാര്യങ്ങളെ കൂടി ആശ്രയിച്ചിരിക്കും എന്നതാണ് വിദഗ്ധർ പറയുന്നത്.

സിമന്റിന്റെ കാര്യത്തിൽ 28%ത്തിൽ നിന്ന് 18% ലേക്കാണ് ജിഎസ്ടി മാറിയത്. ഇത് തീർച്ചയായും സാധാരണക്കാരന് ആശ്വാസമായിരിക്കും. അതായത്, 50 കിലോയിൽ 25–30 രൂപയുടെ വ്യത്യാസം ഉണ്ടാകാം. മാർബിൾ, ഗ്രാനൈറ്റ്, ഇൻലേ വർക്കുകൾ ചെയ്യാനുള്ള സ്റ്റോണുകൾ ഇവയുടെയെല്ലാം ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്ന് 5% ആയി കുറഞ്ഞതും വീടുനിർമിക്കുന്നവർക്ക് സന്തോഷവാർത്തയാണ്. നിർമാണച്ചെലവിന്റെ 60%–65% നിർമാണസാമഗ്രികളുടെ വിലയാണ്. അതുകൊണ്ടുതന്നെ നിർമാണച്ചെലവിൽ 3–5% കുറവ് ഉണ്ടാകാം എന്നതാണ് വിദഗ്ധമതം. അതായത്, ചതുരശ്രയടിക്ക് 2,000 രൂപ എന്ന കണക്കിൽ വീടുനിർമിക്കുമ്പോൾ 1000 ചതുരശ്രയടി വീടിന് 60,000 മുതൽ ഒരു ലക്ഷം രൂപ വരെ ചെലവു കുറയാം.

ADVERTISEMENT

ഓർക്കുക, ഈ ലാഭക്കണക്ക് സാധനങ്ങൾ വീട്ടുകാർ നേരിട്ടു വാങ്ങിക്കൊടുക്കുമ്പോഴത്തേത് ആണ്. അതായത്, ലേബർ കോൺട്രാക്ടിൽ ആണ്. നിർമാണം മുഴുവൻ കോൺട്രാക്ട് കൊടുത്തവർക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അവിടെ തൽക്കാലം കോൺട്രാക്ടർക്കാണ് ലാഭം കിട്ടുക. സാനിറ്ററി ഉൽപന്നങ്ങളെല്ലാം നേരിട്ടുവാങ്ങുമ്പോഴും വിലക്കുറവ് പ്രതീക്ഷിക്കാം. ലക്ഷ്വറി ഉൽപന്നങ്ങൾക്ക് വില കുറയില്ല എന്നതിനാൽ പ്രീമിയം കാറ്റഗറിയിലുള്ള വീടുപണിയുന്നവർ കാര്യമായ ലാഭം പ്രതീക്ഷിക്കേണ്ടതില്ല. പഴയ സ്റ്റോക്ക് കാരണം പുതിയ വിലയിൽ കിട്ടിത്തുടങ്ങുന്നതു വൈകാനും സാധ്യതയുണ്ട്.

എസി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഡിഷ്‌വാഷർ, വിലയ ടിവി എന്നിവയുടെയെല്ലാം ജിഎസ്ടി 28% ത്തിൽ നിന്ന് 18% ആയി കുറഞ്ഞതും വീടുവയ്ക്കുന്നവരെയും പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുന്നവരെയും സംബന്ധിച്ച് സന്തോഷവാർത്തയാണ്. സ്പ്ലിറ്റ് എസിക്ക് 3,000–5,000 രൂപ കുറവുവരാം.

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട്: ജിതിൻ സുധാകർ, എൻജിനീയർ, സംസ്ഥാന സെക്രട്ടറി, ലെൻസ്ഫെഡ്

ADVERTISEMENT
ADVERTISEMENT