വീടുപണിയാൻ ഡിസൈനറെ തേടി അലയേണ്ട; ഡിസൈനറും ഓഫിസും കാരവനിൽ പ്ലോട്ടിലെത്തുന്നതാണ് ട്രെൻഡ് Caravan Office: A New Trend in House Design
വീടുവയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർ സാധാരണ ആർക്കിടെക്ടിനെയോ എൻജിനീയറെയോ ഡിസൈനറെയോ അങ്ങോട്ടു പോയിക്കാണുകയാണ് പതിവ്. ഡിസൈനർ ഓഫിസുമായി ഇങ്ങോട്ടുവന്നാലോ? മനുഷ്യൻ ചന്ദ്രനിൽ പോലും ജീവിക്കാൻ തുടങ്ങുന്ന ഇക്കാലത്ത് അതിലൊന്നും അത്‌ഭുതം തോന്നേണ്ട കാര്യമില്ല. കാരവനിൽ ഓഫിസുമായി പ്ലോട്ട് കാണാൻ എത്തുന്ന ഡിസൈനറാണ് പുതിയ ട്രെൻഡ്.
പ്ലോട്ടുമുറ്റത്ത് കാരവൻ
തൊടുപുഴയിലെ നിർമാണക്കമ്പനിയായ കുമാർ ആൻഡ് കുമാർ ഡിസൈനേഴ്സ് ആൻഡ് ബിൽഡേഴ്സ് ആണ് കാരവനിൽ ഓഫിസ് എന്ന വേറിട്ട ചിന്തയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
വ്യത്യസ്തമായൊരു ആശയം എന്നതിനപ്പുറം ഇതിനു പിന്നിൽ മറ്റു ചില കാര്യങ്ങളുണ്ടെന്ന് കുമാർ ആൻഡ് കുമാറിന്റെ സാരഥി ഡിസൈനർ അനൂപ് കുമാർ പറയുന്നു,‘‘വിദേശ മലയാളികളും മറ്റു തിരക്കുള്ളവരും പുതിയ വീട് ആഗ്രഹിക്കുമ്പോൾ സമയം അവർക്കൊരു പ്രശ്നമാണ്. നാട്ടിൽ ഉള്ളപ്പോഴത്തെ നിശ്ചിത സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് ഡിസൈനറെ അല്ലെങ്കിൽ ആർക്കിടെക്ടിനെ വന്നുകാണാനും അവരുടെ പ്രോജക്ടുകളെക്കുറിച്ച് കൂടുതൽ അറിയാനും സമയം കിട്ടി എന്നു വരില്ല. കാരവനിൽ ക്രമീകരിച്ച ഓഫിസുമായി ആവശ്യക്കാരുടെ അടുത്തെത്തുന്നത് അവർക്ക് വലിയ ആശ്വാസമായിരിക്കും.’’
തങ്ങളുടെ മുൻ പ്രോജക്ടുകൾ കണ്ടുമനസ്സിലാക്കാൻ മാത്രമല്ല പ്രായമായവർ ഉൾപ്പെടെയുള്ള വീട്ടുകാരുടെ മുഴുവൻ സ്വപ്നങ്ങളും ഐഡിയകളും ഡിസൈനർ ടീമുമായി പങ്കുവയ്ക്കാനും കാരവൻ സഹായിക്കുമെന്ന് അനൂപ് കരുതുന്നു, ‘‘പ്ലോട്ടിലേക്കു വീട്ടുകാർ വന്നാൽ എവിടെയിരുന്നു സംസാരിക്കും എന്നതൊരു ചോദ്യമായിരുന്നു. കാരവന്റെ ഉള്ളിൽ സ്വസ്ഥമായിരുന്ന് വീടിനെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവയ്ക്കാം. ആവശ്യമെങ്കിൽ ആദ്യഘട്ട പ്ലാനും അവിടെയിരുന്നുതന്നെ തയാറാക്കാം.’’
തന്റെ ഓഫിസിലുള്ള എല്ലാ സൗകര്യങ്ങളും കാരവനിലും അനൂപ് ഒരുക്കിയിട്ടുണ്ട്. ഒരു വലിയ കുടുംബത്തിനു തന്നെ ഇരിക്കാനുള്ള സൗകര്യങ്ങളും ബാത്റൂമും ഈ കാരവനിലുള്ളിലുണ്ട്. ഇതു കൂടാതെ, ടിവി, റഫ്രിജറേറ്റർ, അവ്ൻ തുടങ്ങിയ അത്യാവശ്യസൗകര്യങ്ങൾ വേറെയും. ദൂരെയുള്ള സൈറ്റുകളിലേക്കുള്ള യാത്രകളിൽ ഒന്നു വിശ്രമിക്കണം എന്നു തോന്നിയാൽ ബെഡ് ആക്കി മാറ്റാൻ സൗകര്യമുള്ള മൾട്ടിപർപ്പസ് ഇരിപ്പിടങ്ങളാണ് ഇതിനകത്ത്.
വ്യക്തിപരമായ ആവശ്യങ്ങൾക്കുപരി കാരവൻ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് ‘ഓഫിസ് ഓൺ വീൽസി’നു പിന്നിൽ. ഇത് പുതിയൊരു ഡിസൈൻ ട്രെൻഡിനു തുടക്കമാകും എന്ന് അനൂപ് വിശ്വസിക്കുന്നു.
അനൂപ് കുമാർ, Designer, Kumar & Kumar designers & builders, Thodupuzha
Phone- 9447752420