അഴികൾ ഇല്ലാതെ ഗ്ലാസിട്ട ജനലുകൾ, ഗ്ലാസ് മേൽക്കൂരയുള്ള കോർട്യാർഡുകൾ... സ്വന്തം സുരക്ഷയ്ക്കുമേൽ കത്തിവയ്ക്കുകയാണോ നമ്മൾ? Is Glass Safe From Burglars?
മോഡേൺ വീടുകളുടെയെല്ലാം ഭാഗമാണ് ഗ്ലാസ്. ബാൽക്കണി, പാറ്റിയോ തുടങ്ങിയ തുറന്ന ഏരിയകൾക്കെല്ലാം ഗ്ലാസ് വാതിലുകൾ കൊടുക്കുന്നത് നമ്മുടെ സൗന്ദര്യബോധത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പ്രകൃതിയും പുറംകാഴ്ചകളും ആസ്വദിക്കാനും വീടിന്റെ ആകർഷണം കൂട്ടാനും അഴികളില്ലാത്ത ജനലുകളും പല വീടുകളിലും കാണാറുണ്ട്. കോർട്‌യാർഡിന് മേൽക്കൂര എന്നതാണ് ഗ്ലാസിന്റെ മറ്റൊരു റോൾ. ഈ ഗ്ലാസ് പൊട്ടിച്ച് കള്ളൻമാർ അകത്തുകയറില്ലേ എന്ന ചേദ്യം പലരും ഉന്നയിക്കാറുണ്ട്.
ഗ്ലാസ് സുരക്ഷിതമോ?
ഗ്ലാസ് സുരക്ഷിതമാണ് എന്നാൽ പൂർണമായി സംരക്ഷണത്തിന് പര്യാപ്തമല്ല എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ടഫൻഡ് ഗ്ലാസ് അല്ലെങ്കിൽ ടെംപേർഡ് ഗ്ലാസ് എന്നൊക്കെ അറിയപ്പെടുന്ന ഉൽപന്നമാണ് വീടുകളിലും വാണിജ്യസ്ഥാപനങ്ങളിലുമൊക്കെ പ്രധാനമായി ഉപയോഗിക്കുന്നത്. സാധാരണ ഗ്ലാസ് പോലെ പൊട്ടിച്ചിതറില്ല എന്നതാണ് ഈ ഗ്ലാസിന്റെ പ്രത്യേകത. ചുറ്റിക കൊണ്ടോ മൂർച്ചയുള്ള മറ്റേതെങ്കിലും വസ്തുകൊണ്ടോ ശക്തമായി അടിച്ചാൽ പൊട്ടിത്തെറിച്ച് മുറിവോ വലിയ അപകടങ്ങളോ സംഭവിക്കില്ല. ടഫൻഡ് ഗ്ലാസ് ചിന്നിപ്പോവുകയാണ് ചെയ്യുന്നത്. പൊടിഞ്ഞ് വീണാൽത്തന്നെ ക്രിസ്റ്റൽ ആകൃതിയിൽ, ബസ്സിന്റെയും മറ്റും ചില്ല് തകർന്നു കിടക്കുന്നതു കണ്ടിട്ടില്ലേ? അതേ രീതിയിൽ അപകടമില്ലാതെ കിടക്കും. കുത്തിക്കയറി അപകടമുണ്ടാകില്ല.
ടഫൻഡ് ഗ്ലാസ് പൊട്ടുമോ?
ഗ്ലാസ് പൊട്ടുമോ എന്ന ചോദ്യത്തിന് പൊട്ടും എന്നുതന്നെയാണ് ഉത്തരം. മർമ്മസ്ഥാനത്ത് അടിച്ചാൽ ചില്ല് പൊട്ടും. അതുകൊണ്ട് ഗ്ലാസ് സുരക്ഷിതമാമെന്ന് അവകാശപ്പെടാനാകില്ല.
ഇതിനൊരു മറുവാദവുമുണ്ട്. കള്ളൻമാരെ പേടിച്ച് ജീവിതകാലം മുഴുവൻ അടച്ചുപൂട്ടിയിരിക്കുന്നതിൽ എന്താണ് അർഥം എന്നാണ് പാഷ്യോയിൽ ഗ്ലാസ് വാതിൽ വച്ച കോഴിക്കോട് പുതിയറ സ്വദേശി നൗഫൽ ചോദിക്കുന്നത്. ‘‘ കള്ളൻമാർ വിചാരിച്ചാൽ എന്തും തകർക്കാനാകുന്ന കാലഘട്ടമാണിത്. വിലപിടിച്ച വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കാതെ ലോക്കറിലോ മറ്റോ സൂക്ഷിക്കണം. കള്ളനെ പേടിച്ച് ജീവിതസന്തോഷങ്ങൾ വേണ്ടെന്നു വയ്ക്കണോ? ’’ നൗഫൽ ചോദിക്കുന്നു. മാത്രമല്ല, ഇത്തരം ഗ്ലാസുകൾ പൊട്ടിക്കുമ്പോൾ ചെറിയ ശബ്ദമൊന്നുമല്ല ഉണ്ടാകുന്നത്. അതും അതിജീവിച്ചുവേണം മോഷണം നടത്താൻ.
ചുറ്റും വീടുകളുള്ള, അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഏരിയകളിൽ ഗ്ലാസ് വാതിലുകളോ ഭിത്തികളോ ഒരുപരിധിവരെ ഭീഷണിയുയർത്തില്ലായിരിക്കും. എന്നാൽ ഒറ്റപ്പെട്ടതോ പ്രായമായവര്‍ മാത്രമുള്ളതോ ആയ വീട് ആണെങ്കിൽ റിസ്ക് എടുക്കാതിരിക്കുന്നതു തന്നെയാണ് നല്ലത്.