വീടുകൾ സമചതുരമോ ദീർഘചതുരമോ തന്നെ ആകണോ? വാസ്തുവനുസരിച്ച് വീടിന്റെ ഡിസൈനിൽ കട്ടിങ്ങുകൾ ആകാമോ?
നിർമിച്ച ഗൃഹത്തിൽ വാസ്തുപരമായ തിരുത്തൽ നൂറു ശതമാനം ചെയ്യാൻ സാധിക്കാറില്ല. എന്നാൽ വീട് രൂപകൽപന ചെയ്യുമ്പോൾ വളരെ നിസ്സാരമായി വാസ്തു നിയമങ്ങൾ പാലിക്കാവുന്നതേയുള്ളൂ.
 കോണുകളിൽ കട്ടിങ് ആകാമോ?
 വളരെ അധികം ആളുകൾക്ക് തെറ്റിദ്ധാരണയുണ്ടാവുന്ന ഒന്നാണ് വീടിന് ഒടിവുകളും കട്ടിങ്ങുകളും ഒരു കാരണവശാലും പാടില്ല എന്ന വിശ്വാസം.
 സാധാരണയായി നാം നിർമിക്കുന്ന വീട് ഏകശാലയാണ്. ഇതിന്റെ ദർശനം ഏതുഭാഗത്തേക്കും ആകാം. തെക്കു പടിഞ്ഞാറേ കോണിൽ കട്ടിങ് ഒഴിവാക്കി രൂപകൽപന ചെയ്താൽ മാത്രം മതി. മറ്റു കോണുകളിൽ കട്ടിങ് വരുത്തുന്നതിൽ തെറ്റില്ല. വാസ്തുവിലെ ശാലാവിന്യാസത്തെക്കുറിച്ചും സ്ഥാന നിർണയത്തെക്കുറിച്ചും ശരിയായ പരിജ്ഞാനമില്ലാത്തതു കൊണ്ടാണ് ഗൃഹങ്ങൾ എല്ലാം സമചതുരവും ദീർഘചതുരവും ആയിരിക്കണമെന്ന് ശഠിക്കുന്നത്.
 വൃത്തം, ത്രികോണം വേണ്ട...
 എന്നാൽ ഗൃഹത്തിന് വൃത്താകൃതി, ത്രികോണാകൃതി, നാലിൽ കൂടുതൽ വശങ്ങൾ ഉള്ള മുറികൾ എന്നിവ രൂപകൽപന ചെയ്യുന്നത് ഉചിതമല്ല. ഗൃഹത്തിൽ നിന്ന് തെക്കു ഭാഗത്തേക്കോപടിഞ്ഞാറ് ഭാഗത്തേക്കോ ടോയ്‌ലറ്റ് പണിത് തെക്കു പടിഞ്ഞാറേ മൂല ഒഴിച്ചിടുന്ന രീതിയും ശരിയല്ല. തെക്കു ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും ഉണ്ടാക്കുന്ന അകത്തേക്കുള്ള കട്ടിങ്ങുകളും ഒഴിവാക്കുക.
 കാർപോർച്ച് തെക്കു ഭാഗത്തേക്കോ പടിഞ്ഞാറുഭാഗത്തേക്കോ പൂർണമായും പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ പണിയുന്നത് വാസ്തുപരമായി തെറ്റല്ല. വാസ്തുപരമായാണ് ചെയ്യുന്നതെങ്കിൽ തെക്കു പടിഞ്ഞാറ് ഒഴിച്ച് ബാക്കിവരുന്ന കട്ടിങ്ങുകൾ ചുറ്റളവ് കണക്കാക്കി മാത്രം ക്ര മീകരിച്ചാൽ മതിയാകും.
 ഇരുനില വീടുകളിൽ രണ്ടുനിലകളിലും തെക്കു പടിഞ്ഞാറേ കോൺ കട്ടിങ് ഇല്ലാതെ പൂർണമായിരിക്കുന്നതാണ് അഭികാമ്യം. ഏതേത് ദിക്കിലേക്കാണോ വീട് തിരിഞ്ഞിരിക്കുന്നത് അതിനനുസൃതമായ വിധത്തിലാകണം വീടിന് കണക്കുകൾ നൽകുവാൻ എന്ന കാര്യം മറക്കാതിരിക്കുക.