പണിയില്ലാത്തവർക്കു മാത്രം വരുന്നതാണ് ഡിപ്രഷനെങ്കിൽ ദീപിക പദുകോണിന് വിഷാദരോഗം വന്നത് അവർക്ക് പണിയില്ലാഞ്ഞിട്ടാണോ? ചോദിക്കുന്നത് ഡോ. സി.ജെ. ജോൺ Depression: It's Not Just for the Unemployed
നമ്മൾ എല്ലാവർക്കും എല്ലാം അറിയണമെന്നില്ല. പക്ഷേ, അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാതിരിക്കാനും അതേക്കുറിച്ച് പറഞ്ഞ് ആർത്ത് അട്ടഹസിക്കാതിരിക്കാനും നമുക്കൊരോരുത്തർക്കും ശ്രമിക്കാവുന്നതാണ്. ഡിപ്രഷൻ അഥവ വിഷാദ രോഗം ഒരു പണിയുമില്ലാത്തവർക്കു വരുന്ന ഒന്നാണെന്ന് പ്രശസ്തയായോരാൾ പൊതുവിടത്തിൽ നിന്ന് പറയുമ്പോൾ, തെറ്റു ചൂണ്ടിക്കാണിച്ചിട്ടും തിരുത്താരിക്കുമ്പോൾ അതിൽ രണ്ട് അപകടങ്ങളുണ്ട്.
ആ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെ കുറിച്ചുള്ളൊരു തെറ്റിധാരണ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് പരത്തുക.
നിലവിൽ ടാബു ആയിട്ടുള്ള മാനസികാരോഗ്യം പോലൊരു വിഷയത്തെക്കുറിച്ച് തുറന്നു പറയാനും ചികിത്സതേടുവാനും ആളുകളിൽ കൂടുതൽ മടിയും പരിഹാസം ഭയവും ഉണ്ടാക്കുക.
കൊച്ചു കുട്ടികൾ മുതൽ പ്രസാവാനന്തര കാലത്തും വാർദ്ധക്യത്തിലും ഒക്കെ എത്തി നിൽക്കുന്നവർ വരെ വിഷാദത്തിന്റെ പിടിയിലാകാറുണ്ട്. അതുകൊണ്ട് തന്നെ പണിയൊന്നുമില്ലാത്തവർക്കാണ് വിഷാദം വരിക എന്നത് ശാസ്ത്രത്തിന് നിരക്കാത്ത ഒരു വാചകമായിപ്പോയി.
ഏതൊരു മാനസികാവസ്ഥയും പല കാര്യങ്ങൾ ഒത്തുചേരുന്നതു വഴിയാണ് ഉണ്ടാകുന്നത്. അതിൽ ജനിതക ഘടകങ്ങൾ, തല്ചോറിലെ കെമിക്കലുകൾ, ചുറ്റുപാട്, സാമൂഹിക ഘടകങ്ങൾ തുടങ്ങി പലതും സ്വാധീനിക്കും. വളരെ തിരക്കുള്ള ജോലിയിലേർപ്പെടുന്ന ഐടിക്കാർ, ജേണലിസ്റ്റുകൾ, സിനിമാക്കാർ, ബിസിനസുകാർ, രാഷ്ട്രീയക്കാർ, നിയമപാലകർ തുടങ്ങി ആർക്കും വിഷാദരോഗം വരാം. അതേപോലെ തന്നെ പണിയില്ലാതെ യാതൊരു സമ്മർദ്ദവും ഇല്ലാതിരിക്കുന്ന അത്യാവശം ജീവിക്കാനുള്ള ചുറ്റുപാടുള്ള ആളുകൾക്കും വിഷാദത്തിന്റെ കരത്തിൽ നിന്നും മുക്തിയില്ല. നടി ദീപിക പദുകോൺ തനിക്ക് വിഷാദരോഗമുണ്ടെന്ന് വർഷങ്ങൾക്കു മുൻപേ പറഞ്ഞിരുന്നു. അതൊക്കെ ഒരുപാട് ആളുകൾക്ക് മാനസികാരോഗ്യത്തെ കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാൻ സഹായിച്ചിട്ടുമുണ്ട്. അതുകൊണ്ടൊക്കെയാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അവരെ മാനസികാരോഗ്യ അംബാസിഡറായി തിരഞ്ഞെടുത്തതും.
വേണ്ടത് കൂടുതൽ അവബോധം
വിവാദ പ്രസ്ഥാവന നടത്തിയ മലയാളി നടി ഇത്തരത്തിലൊരു അബദ്ധ–പ്രസ്ഥാവന നടത്തിയത് വിഷാദം പോലൊരു അവസ്ഥയെ കുറിച്ച് ധാരാളം തുറന്നു പറച്ചിലും ചർച്ചയും നടത്താൻ അവസരമൊരുക്കി എന്നതാണ് അതിന്റെ മറുവശം.
വിഷാദരോഗം വളരെ സാധാരണവും എന്നാൽ വേണ്ട രീതിയിൽ പരിഗണിച്ചിട്ടില്ലെങ്കിൽ ആത്മഹത്യയിലേക്കൊക്കെ വരെ എത്താവുന്നൊരവസ്ഥയാണ്. ഡിപ്രഷൻ എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്നൊരു ചോദ്യാവലിയുണ്ട്. അത് പൊതുവിടങ്ങളിലൊക്കെ സ്ഥാപിക്കാം. ഇതിൽ മൂന്നു ചോദ്യങ്ങൾക്ക് ‘ഉണ്ട്’ എന്ന് ഉത്തരം കിട്ടിയാൽ പരിഹരിക്കാനാവുന്നൊരു വിഷാദാവസ്ഥ നിങ്ങൾക്കു പിടിപെട്ടുട്ടുണ്ടാകാം. ഉടനെ തന്നെ മാനസികാരോഗ്യവിദഗ്ധരെ കാണുക. ഇതു വഴി പൊതുജനത്തിനിടയിലുള്ള അവബോധം കൂടും. കൂടാതെ വിഷാദരോഗത്തോടുള്ള ടാബു, തെറ്റിധാരണ എന്നിവ മാറും. #defeat_depression എന്നൊരു ക്യാംമ്പൈൻ തന്നെ പൊതുവിടങ്ങൾ പ്രത്യേകിച്ചും ആശുപത്രികൾ വഴിയൊക്കെ നമുക്ക് തുടങ്ങാവുന്നതാണ്.