‘ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ?’; റീൽസ് കണ്ട് മാനസികാരോഗ്യം വിശകലനം ചെയ്യുന്നത് അപകടകരമായ ട്രെൻഡ്! Understanding the True Nature of Autism, ADHD, and OCD
സോഷ്യൽ മീഡിയ വഴി സാധാരണ അനുഭവങ്ങളെയും വ്യക്തിപരമായ ബുദ്ധിമുട്ടുകളെയും ഓട്ടിസം, ADHD, OCD തുടങ്ങിയ ഗൗരവമേറിയ മാനസിക രോഗങ്ങളായി തെറ്റായി ചിത്രീകരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ഇത്തരം തെറ്റായ ധാരണകൾ യഥാർത്ഥ രോഗബാധിതരെ നിസ്സാരവൽക്കരിക്കാനും സ്വയം തെറ്റായ രോഗനിർണയങ്ങൾ നടത്താനും ഇടയാക്കും. യഥാർത്ഥ രോഗനിർണയത്തിന് വിദഗ്ദ്ധരുടെ സഹായം തേടേണ്ടതിന്റെ പ്രാധാന്യവും സാധാരണ ഉത്കണ്ഠയും പാനിക് അറ്റാക്കും തമ്മിലുള്ള വ്യത്യാസവും ലേഖനം വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയ വഴി സാധാരണ അനുഭവങ്ങളെയും വ്യക്തിപരമായ ബുദ്ധിമുട്ടുകളെയും ഓട്ടിസം, ADHD, OCD തുടങ്ങിയ ഗൗരവമേറിയ മാനസിക രോഗങ്ങളായി തെറ്റായി ചിത്രീകരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ഇത്തരം തെറ്റായ ധാരണകൾ യഥാർത്ഥ രോഗബാധിതരെ നിസ്സാരവൽക്കരിക്കാനും സ്വയം തെറ്റായ രോഗനിർണയങ്ങൾ നടത്താനും ഇടയാക്കും. യഥാർത്ഥ രോഗനിർണയത്തിന് വിദഗ്ദ്ധരുടെ സഹായം തേടേണ്ടതിന്റെ പ്രാധാന്യവും സാധാരണ ഉത്കണ്ഠയും പാനിക് അറ്റാക്കും തമ്മിലുള്ള വ്യത്യാസവും ലേഖനം വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയ വഴി സാധാരണ അനുഭവങ്ങളെയും വ്യക്തിപരമായ ബുദ്ധിമുട്ടുകളെയും ഓട്ടിസം, ADHD, OCD തുടങ്ങിയ ഗൗരവമേറിയ മാനസിക രോഗങ്ങളായി തെറ്റായി ചിത്രീകരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ഇത്തരം തെറ്റായ ധാരണകൾ യഥാർത്ഥ രോഗബാധിതരെ നിസ്സാരവൽക്കരിക്കാനും സ്വയം തെറ്റായ രോഗനിർണയങ്ങൾ നടത്താനും ഇടയാക്കും. യഥാർത്ഥ രോഗനിർണയത്തിന് വിദഗ്ദ്ധരുടെ സഹായം തേടേണ്ടതിന്റെ പ്രാധാന്യവും സാധാരണ ഉത്കണ്ഠയും പാനിക് അറ്റാക്കും തമ്മിലുള്ള വ്യത്യാസവും ലേഖനം വ്യക്തമാക്കുന്നു.
നിത്യജീവിതത്തിൽ അനുഭവിക്കുന്ന സാധാരണ പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും സങ്കീർണ രോഗങ്ങളായി ചിത്രീകരിക്കുന്നതിലെ അപകടങ്ങൾ...
ക്ലിനിക്കൽ വാക്കുകളുടെ അർഥവും ഗൗരവവും മ നസ്സിലാക്കാതെ പ്രയോഗിക്കുന്നതു കൊണ്ടുള്ള അപകടങ്ങളാണു (തെറപി സ്പീക്)കഴിഞ്ഞ ലക്കത്തിൽ ചർച്ച ചെയ്തത്. മറ്റുള്ളവരെ വിലയിരുത്താനും അവർക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു സമർഥിക്കാനും തെറപി സ്പീക് ഉപയോഗിക്കുന്നത് ഒരു കാര്യം. ഇങ്ങനെ കിട്ടുന്ന ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത വിവരങ്ങൾ വച്ചു സ്വയം മാനസികാരോഗ്യം വിശകലനം ചെയ്യുന്നതു മറ്റൊരു അപകടകരമായ ട്രെൻഡ് ആണ്.
നിത്യജീവിതത്തിൽ അനുഭവിക്കുന്ന സാധാരണ പ്രശ്നങ്ങളെയെല്ലാം വലിയ ക്ലിനിക്കൽ അസുഖങ്ങളായി ചിത്രീകരിക്കുന്നതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ‘ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ?’ എന്ന മട്ടിലുള്ള റീൽസ് മുതൽ സ്വയംവിശകലനം ചെയ്യാനുള്ള കണ്ടന്റുകൾ വരെ സോഷ്യൽമീഡിയയിൽ ധാരാളമുണ്ട്.
അടുത്തിടെ മലയാളിയായ സെലിബ്രിറ്റി തനിക്ക് ഓട്ടിസം (Autism Spectrum) ഉണ്ടെന്ന് സംശയിക്കുന്നതായി ചില അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞു. അവർ ഒരു ചോദ്യാവലി ഉപയോഗിച്ച് ടെസ്റ്റ് ചെയ്തു നോക്കുകയും അതിൽ നിന്നുള്ള വിവരങ്ങൾ വച്ച് തനിക്ക് ഓട്ടിസം ആണെന്ന നിഗമനത്തിൽ എത്തുകയുമാണ് ചെയ്തതെന്നാണ് ആ സംഭാഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്.
ഇവിടെ യഥാർഥ പ്രശ്നം അവർ സ്വന്തം അവസ്ഥ പങ്കുവച്ചതിൽ അല്ല ; മറിച്ച് ആ വിഡിയോകൾക്കു താഴെ വന്ന പ്രതികരണങ്ങളിലാണ്. ഈ അഭിമുഖങ്ങൾക്കു താഴെ അവരുടെ ആരാധകർ ഇങ്ങനെ കമന്റ് ചെയ്തു: ‘‘അതെ, ഇപ്പോൾ ഞങ്ങൾക്കു കാര്യങ്ങൾ മനസ്സിലായി! എനിക്കും ഇതേ പ്രശ്നങ്ങളാണുള്ളത്, അതുകൊണ്ട് എനിക്കും തീർച്ചയായും ഓട്ടിസം ആയിരിക്കും.’’
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ വളരെ സങ്കീർണമായ അവസ്ഥയാണ്. ഇതിനെയാണു പലപ്പോഴും നാം വെറുമൊരു നാണംകുണുങ്ങി സ്വഭാവമായി ചുരുക്കുന്നത്. ഒന്നാമത്തെ കാര്യം ചോദ്യാവലി പൂരിപ്പിച്ചു മാത്രം സ്ഥിരീകരിക്കാൻ കഴിയുന്ന കാര്യമല്ലിത്.
ചോദ്യാവലികൾ പ്രഥമപരിശോധനയ്ക്കുള്ള സ്ക്രീനിങ് ടൂൾ മാത്രമാണ്. ഒരുവ്യക്തിയുടെ ചെറുപ്രായം തൊട്ടുള്ള (ഗർഭാവസ്ഥ മുതൽ) വികാസ പരിണാമങ്ങൾ (development history), വിശദമായ നിരീക്ഷണങ്ങൾ, ഒരേ ല ക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സമാനമായ രോഗാവസ്ഥകൾ, അങ്ങനെ പലതും പരിശോധിച്ചാണു രോഗനിർണയത്തിലേക്ക് എത്തുന്നത്.
രോഗത്തിന്റെ ഗൗരവം മനസ്സിലാക്കുക
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) എന്നത് തലച്ചോറിന്റെ വളർച്ചയുമായി ബന്ധപ്പെട്ട അതിസങ്കീർണമായ അവസ്ഥയാണ്. ഇത് ആശയവിനിമയ ശേഷി, ചുറ്റുപാടുകളിൽ നിന്നുള്ള വിവരങ്ങൾ ഗ്രഹിക്കാനുള്ള കഴിവ്, ഗ്രഹിച്ച വിവരങ്ങൾ കൃത്യമായി ഉപയോഗിക്കാനുള്ള ശേഷി ഇവയെ സാരമായി ബാധിക്കാം.
വളരെ ചെറുപ്പം മുതലുള്ള ശാസ്ത്രീയ പരിശീലനങ്ങൾ കൊണ്ട് അവരുടെ ഉള്ള കഴിവുകളെ വികസിപ്പിക്കാനും ഒരുപരിധിവരെ കാര്യങ്ങൾ ചെയ്യാനുള്ള ക്ഷമത ഉണ്ടാക്കിക്കൊണ്ടു വരാനും സാധിച്ചേക്കാം. എന്നിരുന്നാലും ഈ ലക്ഷണങ്ങൾ വ്യക്തിയുടെ ദൈനംദിന ജീവിതത്തിലോ തൊഴിലിലോ സാമൂഹിക ഇടപെടലുകളിലോ കാര്യമായ തടസ്സങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നതു കൊണ്ടുതന്നെ ഈ അവസ്ഥയിലുള്ളവർക്കു പലപ്പോഴും ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെയും സമൂഹത്തിന്റെയും പിന്തുണയും പരിചരണവും ആവശ്യമായി വരും. എന്നാൽ, ഒരു വലിയ പാർട്ടിക്ക് ശേഷം അനുഭവപ്പെടുന്ന ക്ഷീണമോ, മാനസിക സമ്മർദമോ, അല്ലെങ്കിൽ വീണ്ടും ഊർജസ്വലനാകാൻ കുറച്ചുനേരം തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നതോ ഒരിക്കലും ഓട്ടിസമല്ല; അതു തികച്ചും സ്വാഭാവികമായ ഒരു സ്വഭാവരീതി മാത്രമാണ്.
മനുഷ്യസഹജമായ ഇത്തരം ചെറിയ ബുദ്ധിമുട്ടുകളെ വലിയൊരു ക്ലിനിക്കൽ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, യഥാർഥത്തിൽ ഈ രോഗത്തിലൂടെ കടന്നുപോകുന്നവരും അവരുടെ കുടുംബവും നിത്യേന അനുഭവിക്കുന്ന വലിയ പോരാട്ടങ്ങളെ നാം പൂർണമായും നിസ്സാരവൽക്കരിക്കുകയുമാണു ചെയ്യുന്നത്.
തെറ്റായ വ്യാഖ്യാനങ്ങൾ തിരിച്ചറിയുക
മുതിർന്നവരിലെ ADHD-യുടെ (Attention-Deficit/Hyperactivity Disorder) കാര്യത്തിലും ഇത്തരം നിസ്സാരവൽക്കരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. ഒരുകാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുകയോ താക്കോലോ ഫോണോ വച്ച സ്ഥലം മറന്നുപോവുകയോ ഒരു നീണ്ട മീറ്റിങ്ങിൽ വെറുതെ ഇരിക്കാൻ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താൽ അത് ADHD ആണെന്ന് ഇന്റർനെറ്റ് പലരെയും വിശ്വസിപ്പിച്ചിരിക്കുകയാണ്.
സോഷ്യൽ മീഡിയ ഇത്തരം അസുഖങ്ങളെ വളരെ കൗതുകമുള്ള സ്വഭാവമായാണ് ചിത്രീകരിക്കുന്നത്. ഒരു പുതിയ ഹോബി തുടങ്ങിയിട്ട് ഒരാഴ്ച കഴിയുമ്പോൾ അ ത് ഉപേക്ഷിക്കുന്നതും സാധനങ്ങൾ എവിടെ വച്ചു എന്ന് മറക്കുന്നതുമൊക്കെ വളരെ കൗതുകകരമായ കാര്യമായി അവർ കാണിക്കുന്നു.
നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി മാത്രം ഡിസൈ ൻ ചെയ്തിട്ടുള്ള ‘അറ്റൻഷൻ ഇക്കണോമിയിലാണ്’ (Attention Economy) നാം ജീവിക്കുന്നത്. നിരന്തരം വന്നുകൊണ്ടിരിക്കുന്ന നോട്ടിഫിക്കേഷനുകളും ഇമെയിലുകളും അവസാനിക്കാത്ത സോഷ്യൽ മീഡിയ സ്ക്രോളിങ്ങും നമ്മുടെ തലച്ചോറിലെ ഡോപമൈൻ സംവിധാനത്തെ പൂർണമായും തട്ടിയെടുത്തിരിക്കുകയാണ്. ഇത്തരം സമ്മദങ്ങൾക്കിടയിൽ നിങ്ങളുടെ ശ്രദ്ധ കുറയുകയോ ഓർമക്കുറവ് അനുഭവപ്പെടുകയോ ചെയ്യുന്നത് തികച്ചും സ്വാഭാവികമായ പ്രതിഭാസം മാത്രമാണ്.
യഥാർഥ ADHD എന്നത് സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന ഒന്നല്ല; മറിച്ച് അത് കുട്ടിക്കാലം മുതൽക്കേ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും, വ്യക്തിയുടെ ശ്രദ്ധയും വികാരങ്ങളും പെട്ടെന്നുള്ള പ്രതികരണങ്ങളും നിയന്ത്രിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുന്ന ഗൗരവമേറിയ ഒരവസ്ഥയാണ്.
അതേപോലെ, സ്വന്തം ഉത്തരവാദിത്തമില്ലായ്മ കൊണ്ടോ ചിട്ടയില്ലായ്മ കൊണ്ടോ കാര്യങ്ങൾ വൈകുമ്പോൾ, അതിനെ വലിയ ക്ലിനിക്കൽ വാക്കുകൾ ഉപയോഗിച്ച് ന്യായീകരിക്കുന്നതും ശരിയല്ല.
അടുക്കും ചിട്ടയും അസുഖമല്ല
അതുപോലെ തന്നെ പരിശോധിക്കേണ്ട ഒന്നാണ് OCD (Obsessive-Compulsive Disorder) എന്ന വാക്കിന്റെ അമിതമായ ഉപയോഗം.
‘വൃത്തിയുടെ കാര്യത്തിലൊക്കെ എനിക്കു വലിയ OCD ആണ്’ എന്നു മുതിർന്ന ആളുകൾ പലപ്പോഴും അഭിമാനത്തോടെ പറയുന്നതു കേട്ടിട്ടുണ്ടാകും. വെറുതെ സ്വന്തം മേശയിലെ സാധനങ്ങളും പേനകളും കൃത്യമായി അടുക്കിവയ്ക്കാൻ ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ് അവർ അങ്ങനെ പറയുന്നത്!
ഒരു വ്യക്തിയെ മാനസികമായി തളർത്തുന്ന, അവരുടെ വ്യക്തിജീവിതം, ബന്ധങ്ങൾ, തൊഴിൽ ജീവിതം തുടങ്ങി എല്ലാ മേഖലകളെയും ആഴത്തിൽ ബാധിക്കുന്ന ഗൗരവമേറിയ അവസ്ഥയെ കേവലം വൃത്തിയെയും അടുക്കിനെയും സൂചിപ്പിക്കുന്ന ഒരു സാധാരണ വാക്കായി മാറ്റി. എന്നാൽ, യഥാർഥത്തിൽ, ഒരു മുറി വൃത്തിയാക്കുന്നതുമായോ വീട് അടുക്കിവയ്ക്കുന്നതുമായോ OCD ക്ക് യാതൊരു ബന്ധവുമില്ല.
ഭയപ്പെടുത്തുന്നതും അനാവശ്യവുമായ ചിന്തകൾ (obsessions) മനസ്സിലേക്ക് ആവർത്തിച്ചു കടന്നുവരികയും അത് ഒഴിവാക്കാനായി ചില പ്രവൃത്തികൾ (compulsions) വീണ്ടും വീണ്ടും ചെയ്യാൻ വ്യക്തികൾ നിർബന്ധിതരാവുകയും ചെയ്യുന്ന കടുത്ത ഉത്കണ്ഠാ രോഗമാണിത്.
ഉദാഹരണത്തിന്, OCD ഉള്ള ഒരു വ്യക്തി സ്വന്തം വീട് കത്തിപ്പോകുമോ എന്ന അമിതമായ ഭയം കാരണം, വീട് പൂട്ടിയോ ഗ്യാസ് ഓഫ് ആക്കിയോ എന്ന് 30 തവണയെങ്കിലും തിരിച്ചുപോയി നോക്കാൻ നിർബന്ധിതനാകും; ഇത് കാരണം അവർക്കു കൃത്യസമയത്ത് ജോലിക്ക് പോകാനോ സാധാരണ ജീവിതം നയിക്കാനോ സാധിക്കില്ല.
ഒട്ടും താല്പര്യമില്ലാതെ ഈ പ്രവൃത്തികൾ ആവർത്തിക്കുമ്പോഴും അവർ വലിയ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടാകും. സ്വന്തം ഷർട്ടുകൾ നിറം തിരിച്ച് അടുക്കിവെക്കുന്നതിനെയോ അല്ലെങ്കിൽ കണക്കുകൾ കൃത്യമായി ചെയ്യുന്നതിനെയോ OCD എന്ന് വിളിക്കുന്നത് വെറുമൊരു തമാശയല്ല; മറിച്ചു വലിയൊരു രോഗത്തെ നിസ്സാരവൽക്കരിക്കലാണത്.
സോഷ്യൽ മീഡിയയിലെ മറ്റൊരു തമാശ
‘ഇൻട്രൂസീവ് തോട്ട്സ്’ (Intrusive thoughts) എന്ന വാക്കിന്റെ കാര്യത്തിലും ഭാഷയുടെ ഈ ലഘൂകരണം നമുക്ക് കാണാൻ സാധിക്കും. പെട്ടെന്നുള്ള ഒരാവേശത്തിൽ സ്വന്തം മുടി മുറിക്കുകയോ, ആവശ്യമില്ലാത്ത വിലകൂടിയ ഷൂസുകൾ വാങ്ങുകയോ, അല്ലെങ്കിൽ ഒരു കേക്ക് മുഴുവൻ ഒറ്റയ്ക്ക് കഴിക്കുകയോ ചെയ്യുമ്പോൾ ‘എന്റെ ഇൻട്രൂസീവ് തോട്ട്സ് ജയിച്ചു’ എന്ന് പറയുന്നത് സോഷ്യൽ മീഡിയയിലെ ഇന്നത്തെ വലിയ തമാശയാണ്. എന്നാൽ, ഇവ കേവലം പെട്ടെന്നുണ്ടാകുന്ന ആഗ്രഹങ്ങൾ (Impulsive thoughts) മാത്രമാണ്. അല്പം വിഡ്ഢിത്തമാണെങ്കിൽ പോലും, ആ നിമിഷത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണവ. എന്നാൽ, യഥാർഥ ‘ഇൻട്രൂസീവ് തോട്ട്സ്’ (പ്രത്യേകിച്ച് OCD പോലുള്ള മാനസിക അവസ്ഥകളിൽ കാണുന്നത്) ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
വ്യക്തി ഒട്ടും ആഗ്രഹിക്കാത്തതും, മനസ്സിലേക്ക് അനിയന്ത്രിതമായി കടന്നുവരുന്നതുമായ ദാരുണമായ ചിന്തകളാണവ. ഈ ചിന്തകൾ ആ വ്യക്തിയുടെ യഥാർഥ സ്വഭാവത്തിനും മൂല്യങ്ങൾക്കും തീർത്തും വിരുദ്ധമായിരിക്കും. താൻ അതിയായി സ്നേഹിക്കുന്ന സ്വന്തം കുഞ്ഞിനെ താൻ തന്നെ ഉപദ്രവിക്കുമോ എന്ന് ഒരു അമ്മയുടെ മനസ്സിലേക്ക് അവരുടെ നിയന്ത്രണമില്ലാതെ കടന്നുവരുന്ന ഭയപ്പെടുത്തുന്ന ചിന്ത ഉദാഹരണമാണ്.
വ്യത്യാസം മനസ്സിലാക്കുക
തോന്നിയപോലെ ഉപയോഗിക്കപ്പെടുന്ന മറ്റൊരു വാക്കാണ് പാനിക് അറ്റാക്ക് (panic attack). സാധാരണ പേടിയും (General nervousness) യഥാർഥ പാനിക് അറ്റാക്കും തമ്മിലുള്ള വലിയ വ്യത്യാസം കൃത്യമായി മനസ്സിലാക്കണം.
വലിയൊരു മീറ്റിങ്ങിനു മുൻപോ, ഞെട്ടിപ്പിക്കുന്ന വാർത്തകൾ കേൾക്കുമ്പോഴോ, ട്രെയിൻ കിട്ടാൻ വൈകുമ്പോഴോ, ജോലി തീർക്കാൻ സമയമില്ലാതിരിക്കുമ്പോഴോ തോന്നുന്ന ടെൻഷനെ ആളുകൾ എളുപ്പത്തിൽ ‘എനിക്കിപ്പോൾ ഒരു പാനിക് അറ്റാക്ക് വരും’ എന്ന് പറയാറുണ്ട്. ഇത്തരം ഉത്കണ്ഠകൾ ഒരു പരിധിവരെ ആരോഗ്യകരവും സ്വാഭാവികവുമായ ശാരീരിക പ്രതിഭാസമാണ്. ആ സാഹചര്യത്തെ നേരിടാൻ നിങ്ങളെ സഹായിക്കുന്നതിനായി ശരീരം അഡ്രിനാലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്.
എന്നാൽ, ക്ലിനിക്കൽ പാനിക് അറ്റാക്ക് എന്നത് അ തിതീവ്രമായ ഉത്കണ്ഠ മൂലം ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ്. കടുത്ത നെഞ്ചുവേദന, ശ്വാസംമുട്ടൽ, ശരീരമാസകലം വിറയൽ, ഹൃദയാഘാതം വന്ന് താൻ മരിക്കാൻ പോകുന്നു എന്ന അതിയായ ഭയം എന്നിവയൊക്കെ ഉണ്ടാകാം.
യാതൊരു അടിസ്ഥാനവുമില്ലാത്ത ഭയത്താൽ ശരീരത്തിന്റെ അലാറം സംവിധാനം തെറ്റായി പ്രവർത്തിക്കുന്നതാണിത്. പാനിക് അറ്റാക്കുകൾക്ക് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിയാത്ത ചില ആന്തരിക കാരണങ്ങളും (Hidden triggers) ഉണ്ടാകാം. പ്രത്യേകിച്ച് PTSD (Post-Traumatic Stress Disorder) പോലുള്ള മാനസിക ആഘാതങ്ങൾ നേരിട്ടവരിൽ ഇത് കൂടുതലായി കാണാറുണ്ട്. പണ്ടു നടന്ന എന്തെങ്കിലും വലിയ അപകടമോ ഭയപ്പെടുത്തുന്ന സംഭവങ്ങളോ (Trauma) അനുഭവിച്ചവരിൽ, ആ സംഭവവുമായി നേരിയ സാമ്യമുള്ള ചെറിയ ശബ്ദമോ, ഗന്ധമോ, സമാനമായ സാഹചര്യമോ പോലും അവരറിയാതെ ഒരു പാനിക് അറ്റാക്കിനു കാരണമായേക്കാം.
ബാഹ്യമായി നോക്കുമ്പോൾ യാതൊരു പ്രശ്നവുമില്ലാത്ത സാധാരണ സാഹചര്യമായിരിക്കും അത്; എ ന്നാൽ അവരുടെ ഉപബോധമനസ്സിന് അതു പഴയ വലിയൊരു അപകടത്തിന്റെ ഓർമപ്പെടുത്തലായിരിക്കും. അവിടെ ശരീരം അറിയാതെ തന്നെ പ്രതിരോധിക്കാൻ തയാറെടുക്കുകയാണ്..
അതുകൊണ്ടാണ് പാനിക് അറ്റാക്ക് എന്നത് വെറുമൊരു സാധാരണ പേടിയല്ല, കൃത്യമായ ക്ലിനിക്കൽ ചികിത്സ ആവശ്യമുള്ള ഒന്നാണ്.
ക്ലിനിക്കൽ രോഗനിർണയം അതിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്കു വിട്ടുകൊടുക്കാം. അതിലൂടെ, ജീവിതത്തിലെ ഇത്തരം അവസ്ഥകളെയും വൈകാരിക മാറ്റങ്ങളെയും സ്വാഭാവികമായി ഉൾക്കൊള്ളാൻ സാധിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്: നീരജ ജാനകി, സൈക്കോളജിസ്റ്റ്, കരിയര്‍ മെന്റര്‍ മെന്റേഴ്സ് ഫോര്‍ യു, ബെംഗളൂരു. അര്‍ച്ചന സുധാകരന്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ബെംഗളൂരു