തലയിൽ നിന്ന് ഇടവിട്ടും വട്ടത്തിലും ഒക്കെ മുടി പോകുന്നുണ്ടോ? കുറ്റിത്താടിയിൽ ഇടയ്ക്കിടെ വിടവു വരുന്നുണ്ടോ? കാരണം അലോപേഷ്യ ആകാം Understanding Alopecia: Causes and Symptoms
മുടി ആദ്യം നേർത്തു വന്നു പിന്നീട് കൊഴിയാൻ തുടങ്ങി...’’ മിത പറഞ്ഞു നിർത്തിയതും കാന്റീനിൽ തൊപ്പിയും വച്ച് ഒപ്പമിരുന്ന വിവേക് സ്വന്തം കാര്യവും കൂട്ടിച്ചേർത്തു. ‘‘എനിക്ക് ആദ്യമൊരു നാണയവട്ടത്തിലാണ് മുടി പോവാൻ തുടങ്ങിയത്. ആദ്യം തലയിലും പിന്നെ താടിയിലും...’’ ‘‘കേട്ടിട്ട് ഇത് അലോപേഷ്യയാവാനാണ് സാധ്യത. വെച്ച് താമസിപ്പിക്കാതെ ഡോക്ടറെ കാണുന്നതാവും നല്ലത്.’’ ഒരു മൂലയ്ക്കിരുന്ന് പരിപ്പുവടയും കൊറിച്ച് റിയ പറഞ്ഞു.
കാന്റീനിൽ നിന്ന് തിരികെ എത്തിയതും മിതയും വിവേകും മികച്ച ചികിത്സയെക്കുറിച്ചും നല്ല ഡോക്ടർമാരെ കുറിച്ചുമുള്ള അന്വേഷണം തുടങ്ങി...
എന്താണ് അലോപേഷ്യ?
മുടികൊഴിച്ചിലിന്റെ ശാസ്ത്രീയ നാമമാണ് അലോപേഷ്യ.ഭാഗികമായ മുടി കൊഴിച്ചിലാവാം, മുടി മുഴുവനായി കൊഴിഞ്ഞു പോകുന്നതാകാം. തലയിൽ മാത്രമാവണമെന്നില്ല ശരീലത്തിന്റെ മറ്റ് ഭാഗങ്ങളിലെ മുടി കൊഴിച്ചിലും(പുരികം, താടി മുതലായ ഇടങ്ങൾ) ഇതിൽ ഉൾപ്പെടും. പുരുഷന്മാർക്ക് കഷണ്ടി വരുന്നത് പോലും അലോപേഷ്യയിൽ പെടും. ആൻഡ്രോജിനിക് അലോപേഷ്യ എന്നാണ് അതിന്റെ ശാസ്ത്രീയ നാമം. സ്ത്രീകൾക്കും ഇത് വരാം. സ്ത്രീകളിൽ പൂർണമായും കഷണ്ടി വന്നില്ലെങ്കിലും മുടി കട്ടികുറഞ്ഞ് വരിക തലയുടെ വകച്ചിലിന്റെ ഭാഗത്ത് വീതിയിൽ മുടി കൊഴിഞ്ഞ് പോകുക ഒക്കെ അതിൽ പെടും.
ലക്ഷണങ്ങൾ ഇവയൊക്കെ
സാധാരണ മുടിക്ക് ഒരു സൈക്കിളുണ്ട്. മുടി വളർന്നു വന്ന് ഒരു സമയം കഴിയുമ്പോൾ കൊഴിഞ്ഞു പോയി അതിന്റെ ഫോളിക്കിൾ/റൂട്ട് ഇരിക്കുന്നിടത്തു നിന്ന് അടുത്ത മുടിനാര് കിളിർത്തു വരും. ഒരു ഫോളിക്കിളിൽ നിന്ന് ഒന്നോ രണ്ടോ ചിലപ്പോൾ മൂന്നോ മുടിയൊക്കെയാകും വരുന്നത്. ഇത് തുടർച്ചയായി നടക്കുന്നൊരു പ്രക്രിയയാണ്. സാധാരണ ഒരാൾക്ക് 5-0 ശതമാനം വരെയേ പല സമയങ്ങളിലായി മുടി കൊഴിയൂ. ഒരു ദിവസം മുഴുവനെടുത്താൽ 50-100 മുടി വരെയൊക്കെ കൊഴിയുന്നത് സ്വാഭാവികമാണ്. അതിലും കൂടുതലായി മുടി കൊഴിയുന്നതായി തോന്നിയാൽ ശ്രദ്ധിക്കുക. മുടി കൊഴിച്ചിൽ എന്നത് ഒരു രോഗലക്ഷണം കൂടിയാണ്. തൈറോയിഡ് പ്രശ്നങ്ങൾ കൊണ്ടോ, ഹോർമോൺ വ്യതിയാനം കൊണ്ടോ പോഷകാഹാരക്കുറവു കൊണ്ടോ ഒക്കെ മുടി കൊഴിച്ചിൽ വരാം. തുടക്കത്തിൽ തന്നെ ഡോക്ടറേ കണ്ട് കാരണം കണ്ടുപിടിച്ച് ചികിത്സിക്കുക.
തലയിലെ മുടി കൊഴിയാതെ ചിലപ്പോൾ മറ്റ് ഭാഗത്തുള്ള രോമങ്ങൾ കൊഴിയുന്ന അവസ്ഥയും വരാം. അതിന് അലോപേഷ്യ ഏരിയേറ്റ എന്നാണ് പറയുക. ഉദാഹരണത്തിന് താടിയുടെ ഒരു ഭാഗത്ത് വട്ടത്തിൽ മുടി പോകുന്നു, ചിലർക്ക് ശരീരത്തിൽ രോമം കൂടുതലായിരിക്കും. അവർക്ക് ഒരു ഭാഗത്ത് ഒട്ടും മുടിയില്ലാതെ വരും. ചിലർക്ക് തലയിൽ കുരുക്കളോ തടിപ്പോ ചോറിച്ചിലോ ഒക്കെയായിട്ടും അലോപേഷ്യ വരാം.
അലോപേഷ്യ പലതരമുണ്ട്
എന്തെങ്കിലും ചർമ പ്രശ്നം വന്നിട്ട് അതിന്റെ ഭാഗമായിട്ട് മുടി കൊഴിച്ചിൽ ഉണ്ടാകാം. അതിനെ സ്കാറിങ്ങ് അലോപേഷ്യ എന്നാണ് പറയുക. ഒരു ഭാഗത്തെ തൊലി ചുരുങ്ങി രോമകൂപങ്ങൾ വരേണ്ട കോശങ്ങൾ നഷ്ടപ്പെടുകയോ അതിന് തകരാറ് വരികയോ ചെയ്യുന്നു. ഇത് പല കാരണങ്ങൾ കൊണ്ട് വരാം. അതിൽ തന്നെ സാധാരണമായി കാണുന്നത് ഫംഗൽ അലോപേഷ്യയാണ്. അതേപോലെ ബാക്ടീരിയൽ ഇൻഫെക്‌ഷൻ കൊണ്ടും ഇത് വരാം. ഇതു കൂടാതെ ചില ശരീരത്തിന്റെ പ്രതിരോധ ശേഷിക്ക് വേണ്ടിയുള്ള ചില ആന്റീബോഡിയുമായി ബന്ധപ്പെട്ട ഓട്ടോ-ഇമ്മ്യൂൺ പ്രശ്നങ്ങൾ കൊണ്ടും മുടി കൊഴിച്ചിൽ വരാം. എന്തെങ്കിലും തരത്തിലുള്ള വീക്കം കൊണ്ടും വാത സംബന്ധമായ അസുഖങ്ങൾ കൊണ്ടും കോശങ്ങൾ നഷ്ടപ്പെട്ടുള്ള മുടി കൊഴിച്ചിൽ വരാം. കോശങ്ങൾ നഷ്ടപ്പെടുന്നതു വഴിയും അല്ലാതെയുമുള്ള അവസ്ഥയുടെ വ്യത്യാസം എന്തെന്നാൽ മുഴുവൻ കോശങ്ങളും വേരും നഷ്ടപ്പെട്ടാൽ മുടി തിരികെ കൊണ്ടുവരുന്നത് കുറച്ചധികം ശ്രമകരമായ ചികിത്സാ രീതിയാണ്.
അച്ഛനോ അമ്മയ്ക്കോ അടുത്ത ബന്ധുക്കൾക്കോ ഒക്കെ കഷണ്ടിയൊക്കെയുണ്ടെങ്കിൽ ചില സ്ത്രീകൾക്കും പുരുഷന്മാർക്കും അതേപോലെ തന്നെ മുടി കൊഴിച്ചിലോ കഷണ്ടിയോ വരാറുണ്ട്. അതാണ് ആഡ്രോജീനിക് അലോപേഷ്യ/ബാൾഡ്നെസ്/പാറ്റേൺ ഹെയർ ലോസ് എന്ന് പറയുന്ന അവസ്ഥ.
പിന്നെയുള്ളത് വട്ടത്തിൽ മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ്. അലോപേഷ്യ ഏരിയേറ്റ എന്നാണ് ഇതിന് പറയുന്നത്. ഇത് തലയിലോ താടിയിലോ മീശയിലോ ഒക്കെ വരാം. പലരും ഇതിനെ അണുബാധയായി തെറ്റിധരിക്കാറുണ്ട്, എന്നാൽ ഇതൊരു സ്വയംപ്രതിരോധം (ഓട്ടോ- ഇമ്മ്യൂൺ) അവസ്ഥ മൂലമുള്ള ശരീരത്തിലെ ആന്റീബോഡിയുടെ ഉൽപ്പാദനം കൊണ്ട് മുടിയുടെ വളർച്ച നടക്കാതിരിക്കുന്നതാണ്. ഇതിനൊക്കെ എളുപ്പം ചികിത്സിച്ച് മാറ്റാവുന്നതാണ്. ചെറിയ ബ്ലോക്കുകൾ മാറ്റുക എന്നത് മാത്രമാണ് അവിടെ ആവശ്യമായി വരിക.
നോൺ സ്കാറിങ്ങ് വിഭാഗത്തിലുള്ള അലോപേഷ്യയാണ് കുഞ്ഞുണ്ടായി കഴിഞ്ഞ് അമ്മമാരിൽ പലർക്കും കാണുന്ന മുടി കൊഴിച്ചിൽ. ടീലൊജെൻ എഫ്ലൂവിയം എന്നാണ് അതിന് പറയുക. വളർന്നു കൊണ്ടിരിക്കുന്ന മുടിയുടെ എണ്ണം കുറയുകയും കൊഴിയുന്നവയുടെ എണ്ണം കൂടുകയും ചെയ്യുന്ന അവസ്ഥ. ഇത് പ്രസവശേഷം മാത്രം വരുന്ന അവസ്ഥയല്ല കോവിഡിന്റെ സമയത്തും വൈയറൽ പനി വരുന്ന ശേഷവും വലിയ സർജറിക്കും ഒക്കെ ശേഷം ഇത് വരുന്നുണ്ട്. സാധാരണഗതിയിൽ 5-10 മുടി കൊഴിയുന്നിടത്ത് ഇത്തരക്കാരിൽ 25 ശതമാനം വരെ മുടി പോകുന്നു.
കോവിഡിന്റെ ഒക്കെ സമയത്ത് വീട്ടിലിരുന്ന് ക്രമമില്ലാതെ ഭക്ഷണം കഴിച്ച് വണ്ണം വച്ചത് കുറയ്ക്കാൻ വേണ്ടി ക്രാഷ് ഡയറ്റിങ്ങ് തുടങ്ങും . ഒറ്റയടിക്ക് കാർബോഹൈഡ്രേറ്റ്സും മറ്റും നിർത്തും. അതോടെ മുടി കൊഴിച്ചിൽ കൂടും. ശരീരത്തിന് ഊർജ്ജം കിട്ടുന്നതിന് ശരിയായ അളവിൽ കാർബോഹൈഡ്രേറ്റ്സ് വേണം അത് രക്തത്തിൽ കുറയുമ്പോൾ മുടിയുടെ കോശങ്ങൾക്ക് അത് കിട്ടാതെ വരികയും മുടി കൊഴിയും ചെയ്യും.
ഇതേപോലെ തന്നെ ജിമ്മിലും മറ്റും പോകുന്നവർ വിദഗ്ദ്ദ നിർദേശമില്ലാതെ പ്രോട്ടീൻ സപ്ലിമെന്റുകൾ എടുക്കും. ഹോർമോൺ സപ്ലിമെന്റുകൾ എടുക്കുന്നത് വഴി കഷണ്ടിയും മുടി കൊഴിച്ചിലും കൂടാനിടയുണ്ട്.
കീമോ തെറാപി കഴിഞ്ഞുള്ള മുടി കൊഴിച്ചിലിന് ആനജൻ എഫ്ലൂവിയം എന്നാണ് പറയുന്നത്. അതിൽ സ്കാറിങ്ങ് സംഭവിക്കുന്നില്ല. മുടി പോകുമെങ്കിലും തിരികെ വരും.
കുട്ടികളിൽ ഒക്കെ കാണുന്നൊരു തരം ഒരു മുടി കൊഴിച്ചിലുണ്ട്. അവർ പഠിക്കുന്ന സമയത്തോ മറ്റോ ഒരു വശത്തെ മുടി തൊട്ടുഴിഞ്ഞു കൊണ്ടിരിക്കുന്നതോ ഉരയ്ക്കുന്നതോ കയ്യിൽ ചുരുട്ടി കറക്കുന്നതോ ഒക്കെ കാണാം. അതേ പോലെ ചില പെൺകുട്ടികൾ മുടി തുടർച്ചയായി മുറുക്കെ വലിച്ച് പുറകിലേക്ക് ചീകി കെട്ടി വെയ്ക്കും. അതു വഴി മുന്നിലെ മുടി പൊട്ടിപ്പൊട്ടി പോകും. ട്രാക്‌ഷണൽ അലോപേഷ്യ എന്നാണ് അതിനെ പറയുക. കുട്ടികളുടെ നെറ്റി കയറിയിരിക്കും, വീട്ടിലെ മുറ്റുള്ളവരുടെ നെറ്റി ഇങ്ങനെ ആയിരിക്കുകയുമില്ല.
കാരണമറിഞ്ഞു ചികിത്സ
എന്ത് കാരണം കൊണ്ടാണോ മുടി കൊഴിച്ചിലുണ്ടാകുന്നത് അതിനനുസരിച്ചാണ് ചികിത്സ ചെയ്യുന്നത്. സർജറിയോ അണുബാധയോ കൊണ്ടുള്ള മുടി കൊഴിച്ചിലാണെങ്കിൽ അത്രയും നാളത്തേക്ക് മാത്രമുള്ള മരുന്ന് കൊടുത്താൽ മതി. പുറമേ പുരട്ടാവുന്ന പെപ്ഡൈഡുകളോ മറ്റോ ഒക്കെയാണ് നൽകാറ്. പിന്നീട് മുടി താനെ വളർന്ന് വരും. മുടി വളരാനുള്ള ടാബ്ലറ്റുകളും ഉൾപ്പെടുത്താറുണ്ട്.
കഷണ്ടി വരുന്ന അവസ്ഥയിൽ ഏറ്റവും അധികം കൊടുക്കുന്നത് മിനോക്സിലിൻ എന്ന മരുന്നാണ്. അത് പല അളവിൽ ലഭ്യമാണ്. രോഗിയുടെ അരോഗ്യാവസ്ഥ നോക്കിയിട്ട് എത്ര അളവിലുള്ളത് കഴിക്കണമെന്ന് ഡോക്ടർ നിർദേശിക്കും. നിർദേശിക്കുന്നതനുസരിച്ച് അത്രയും ദീഘകാലം തന്നെ അത് ഉപയോഗിക്കുക, പാതി വച്ച് നിർത്താതിരിക്കുക. ഇതിനൊപ്പം തന്നെ ശരീരിക സവിശേഷതയനുസരിച്ച് ഒപ്പം മറ്റ് മരുന്നുകൾ കൂടി കഴിക്കേണ്ടതായി വരാം.
അല്ലെങ്കിൽ ഒപ്പം പി.ആർ.പി. ചികിത്സയും വേണ്ടി വരാം. അവരവരുടെ തന്നെ രക്തത്തിൽ നിന്നെടുക്കുന്ന മുടി വളരാനാവശ്യമായ ഗ്രോത് ഫാക്ടറുകളാണ് മുടിയുടെ കോശങ്ങളിലേക്ക് എത്തിക്കുന്നത്. പി. ആർ.പി. ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വച്ച് താമസിപ്പിക്കാതെ മുഴുവൻ മുടി കൊഴിഞ്ഞ് പോകുന്നത് വരെ കാക്കാതെ ചെയ്യുക.
ഒട്ടും മുടി വരാത്ത ആളുകൾക്ക് സ്കാറുകൾ വന്നവർക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാം. നമ്മുടെ തന്നെ തലയുടെ പുറകിലുള്ള മുടി എടുത്ത് വേണ്ട ഭാഗത്ത് പല രീതിയിൽ വച്ച് പിടിപ്പിക്കുന്ന രീതി.
മരുന്ന് കൊടുത്താലും ആദ്യത്തെ രണ്ട് മൂന്ന് ആഴ്ച്ച മുടി കൂടുതൽ കൊഴിയുന്നത് പോലെ തോന്നാറുണ്ട്, ആ സമയത്തും മരുന്നിലെ അവിശ്വസിക്കാതെ തുടരുക. സംശയങ്ങൾക്ക് ഡോക്ടറോട് സംവദിക്കുക.
ഹയർഗമ്മികൾ ബയോട്ടിൻ ടാബ്‌ലെറ്റുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഇല്ലാതെ കഴിക്കുന്നത് അപകടമുണ്ടാക്കും. എന്ത് കാരണം കൊണ്ടാണ് മുടി കൊഴിച്ചിലുണ്ടാകുന്നത്, നിങ്ങളുടെ ശരീരത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് എന്തൊക്കെ പോഷകങ്ങളാണ് വേണ്ടത് എന്നൊക്കെ ഒരു ഡോക്ടർക്കാണ് പരിശോധിച്ചിട്ട് പറയാൻ സാധിക്കുക. അതല്ലാതെ അലക്ഷ്യമായി എന്തെങ്കിലും കഴിക്കുന്നത് വലയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.