എത്ര വർക്കൗട്ട് ചെയ്തിട്ടും പ്രതീക്ഷിക്കുന്നത്ര റിസൾട്ട് കിട്ടുന്നില്ലേ? ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ ഒരുപക്ഷേ, വലിയ മാറ്റങ്ങൾ വരുത്താനാകും. വർക്കൗട്ട് ചെയ്യാൻ പോകുന്നവർ പലപ്പോഴും ജിമ്മിലെത്തിയിട്ടുള്ള വ്യായാമത്തെ കുറിച്ചു മാത്രമാണ് ശ്രദ്ധിക്കുക. എന്നാൽ അതോടൊപ്പം തന്നെ ജിമ്മിലേക്ക് പോകും മുൻപേ ശ്രദ്ധിക്കേണ്ട ചെറുതെന്ന് തോന്നുമെങ്കിലും പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളുണ്ട് അവയെന്തൊക്കെയെന്നു നോക്കാം:

പ്രീ–വർക്കൗട്ട് മീൽ: ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യും മുൻപേ ശരീരത്തിനു വേണ്ട ആവശ്യപോഷകങ്ങൾ എത്തിക്കാനുള്ള മാർഗമാണ് പ്രീ–വർക്കൗട്ട് മീൽ. ശാരീരികാധ്വാനത്തിന് ഏറ്റവും ആദ്യം വേണ്ടത് ഊർജ്ജമാണ്. എനർജി ധാരാളം ലഭിക്കാനായി കാർബോഹൈ‍‍ഡ്രേറ്റ് അടങ്ങിയ ഭക്ഷണം (ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറി, പാൽ–പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിവ) കഴിക്കുക. നമുക്ക് വേണ്ട ഊർജ്ജം ഗ്ലൈക്കജനിൽ നിന്നാണ് കിട്ടേണ്ടത് അതു വരുന്നതാകട്ടേ കാർബോഹൈഡ്രേറ്റിൽ നിന്നും. ഓരോരുത്തരുടേയും കഴിക്കുന്ന ഭക്ഷണത്തിന്റേയും ദഹന പ്രക്രിയയും സമയവും വ്യത്യസ്ഥമായതു കൊണ്ട് ഇത്ര സമയം മുൻപേ കഴിച്ചിരിക്കണമെന്ന് പൊതുവായി പറയാൻ ആകില്ല. എന്നിരുന്നാലും കഴിവതും വർക്കൗട്ടിന് 1–2 മണിക്കൂർ മുൻപേ കഴിക്കുക.

  • ADVERTISEMENT

    വെള്ളം കുടിക്കുക: ജിമ്മിൽ വരുന്നതിനു മുൻപ് എന്ന് മാത്രമല്ല എപ്പോഴും വെള്ളം കുടിക്കുക. ജിമ്മിലെ താപനില വളരെ പ്രധാനമാണ് അതും നേരത്തേ പരിശോധിച്ച് ഉറപ്പു വരുത്താം. 24–26 ഡിഗ്രി താപനില നിലനിർത്തുന്നതാണ് ശരീരത്തിന് അനുയോജ്യം. ഒരുപാട് വിയർക്കുന്നവർ വെള്ളത്തിനൊപ്പം എല്ക്ട്രോലൈറ്റുകൾ കൂടി കുടിക്കുന്നത് നന്നാകും. ഓആർഎസ് ലായനിയോ അല്ലെങ്കിൽ നാരങ്ങ വെള്ളത്തിൽ ഉപ്പും മധുരവും ഇട്ട് കുടിക്കുന്നതും ഗുണം ചെയ്യും.

  • എന്ത് വർക്കൗട്ട് ആണ് എന്ന് പ്ലാൻ ചെയ്യാം: പല തരം വർക്കൗട്ടുകൾ ഉണ്ട്. അന്നേ ദിവസം എന്ത് തരം വർക്കൗട്ട് ആണ് ചെയ്യുന്നത്– ഭാരമെടുക്കുന്നവയോ ഇന്ന മസിലിനു വേണ്ടിയോ എന്നൊക്കെ തീരുമാനിക്കാം. പേശികളുടെ ആരോഗ്യത്തിനായി സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് ചെയ്യുക. ഒപ്പം ഹൃദയാരോഗ്യത്തിനും മാനസികാരോഗ്യത്തിനും മറ്റുമായി കാർഡിയോ വർക്കൗട്ടും ഉൾപ്പെടുത്താം. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും സ്ട്രെങ്ങ്ത് ട്രെയിനിങ്ങ് ചെയ്യണം. ജിമ്മിലുള്ള ചലനം മാത്രമല്ല അല്ലാതെ എത്ര നടന്നു എന്ന് ട്രാക് ചെയ്യുന്നതും നല്ലതാണ്. ഫോൺ വഴിയോ ഫിറ്റ്നെസ് ബാൻഡ് വഴിയോ ഒക്കെ ഇത് ചെയ്യാനുള്ള അവസരമുണ്ട്. ജോലിക്കിടെ വെള്ളമെടുക്കാൻ പോകുന്നത്, ലിഫ്റ്റ് ഒഴിവാക്കി പടികൾ കയറിയിറങ്ങുന്നതൊക്കെ ദിവസേനയുള്ള ചലനം കൂട്ടാൻ സഹായിക്കും. ഇത് ശാരീരകവും മാനസികവുമായ ആരോഗ്യം കാക്കാൻ നല്ലതാണ്.

  • ADVERTISEMENT

    വിശ്രമം അത്യാവശ്യം: എന്തൊക്കെ ചെയ്തിട്ടും ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ അത് ശരീരത്തെ ആകെപ്പാടെ മോശമായി ബാധിക്കും. ആവശ്യത്തിനു വിശ്രമിക്കാതെ ജിമ്മിൽ വന്നാൽ ഉറക്കമില്ലായ്മ വഴി ശരീരത്തിനുണ്ടായ അപകടങ്ങൾ പരിഹരിക്കാനും ആവില്ല... അതു കൊണ്ട് തന്നെ ആരോഗ്യകരമായ ഉറക്കം ശീലമാക്കുക. 7–8 മണിക്കൂർ കൃത്യമായി ഉറങ്ങാം.

  • ജിം ബാഗ് പാക്ക് ചെയ്യാം കരുതലോടെ: വ്യക്തിശുചിത്വത്തിനു വേണ്ടി ഒരു ടവൽ എപ്പോഴും കരുതാം. വെള്ളം കുടിക്കാനുള്ള ബോട്ടിൽ ഒപ്പം വയ്ക്കുക. അത്യാവശ്യം വന്നാൽ ഉപയോഗിക്കാനായി ഒരു പാക്കറ്റ് ഓആർഎസ്സോ എനർജി ബാറോ ചോക്ലേറ്റോ എടുത്ത് വയ്ക്കാം. വർക്കൗട്ട് ചെയ്യുന്ന ആളുകളുടെ ആരോഗ്യസ്ഥിതിയും ആവശ്യവുമനുസരിച്ച് ആവശ്യമായ സപ്പോർട്ടിനുള്ള ആക്സസറീസൊക്കെ ബാഗിൽ വയ്ക്കാം.

  • ADVERTISEMENT

    ഇടുന്ന ഷൂ പ്രധാനം: ഭാരമെടുത്തുള്ള വെയ്റ്റ് ട്രെയിനിങ്ങ് ചെയ്യുന്നതിന് പോലും പലരും ഓടാനിടുന്ന റണ്ണിങ്ങ് ഷൂസ് ഇട്ട് വരുന്നത് കാണാം. കഴിവതും സ്റ്റേബിളായിട്ടുള്ള ഷൂസ് തന്നെ ചോദിച്ച് തിരഞ്ഞെടുത്ത് അവ ഉപയോഗിക്കാം. ഷൂസ് താൽപര്യമില്ലാത്തവർക്ക് ഷൂസിടാതെ നഗ്നപാദരായി വർക്കൗട്ട് ചെയ്യാം.

  • ഈ സമയം ജിം ഒഴിവാക്കാം: പനിയോ മറ്റ് അസുഖങ്ങളോ കഴിഞ്ഞ് അത് മുഴുവൻ ഭേദമാകും മുൻപേ ജിമ്മിൽ വന്ന് വർക്കൗട്ട് ചെയ്യുന്നത് ഒഴിവാക്കാം. പ്രമേഹം, രക്തസമ്മർദ്ദം എന്നിവ വളരെ കൂടിയിരിക്കുമ്പോഴും വർക്കൗട്ട് ഒഴിവാക്കാം. അസുഖങ്ങളുള്ളവർ കഴിവതും ഹാർട്ട് റേറ്റ് നോക്കി പ്രശ്നമില്ലെന്ന് ഉറപ്പിച്ചിട്ട് വർക്കൗട്ട് ചെയ്യുന്നതാകും നല്ലത്. അസുഖങ്ങളൊന്നുമില്ലാതെ ക്ഷീണം തോന്നുന്നെങ്കിലും വർക്കൗട്ട് ഒഴിവാക്കാം. അല്ലെങ്കിൽ വളരെ മിതമായി മാത്രം വർക്കൗട്ട് ചെയ്യാം.

    കടപ്പാട്: ബിജോയ് ടോമി, ഹെഡ് കോച്ച്, ഹാബിറ്റാറ്റ് ഫിറ്റ്നെസ്, തൃപ്പൂണിത്തുറ.



    ADVERTISEMENT