‘മേക്കപ്പിലും വേണം മിനിമലിസം! എല്ലാ ദിവസവും മേക്കപ്പ് അണിയേണ്ടതില്ല’; സ്ഥിരമായി അലട്ടുന്ന സൗന്ദര്യപ്രശ്നങ്ങള്ക്ക് പരിഹാരം ഇതാ..
മുഖവും ചർമവും സുന്ദരമായി നിലനിർത്താൻ ശീലിക്കാം സ്കിനിമലിസത്തിന്റെ ലളിതമാർഗങ്ങൾ...
വെറും മൂന്നു കാര്യങ്ങൾ കൊണ്ട് ചർമം പരിപാലിക്കുന്ന ചിട്ടയാണ് മിനിമലിസ്റ്റിക് സ്കിൻ കെയർ. മിനിമലിസം മിക്കവർക്കും കേട്ടു പരിചയമുള്ള വാക്കാണ്. ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ഒരാൾക്ക് മിനിമലിസ്റ്റ് ആകാൻ അവസരമുണ്ട്. അത്യാവശ്യ സൗകര്യങ്ങൾ മാത്രം ഒരുക്കിയ, ഭിത്തിയുടെ നിറങ്ങളിൽ ഒട്ടും ധാരാളിത്തം കാണിക്കാത്ത, മിനിമലിസ്റ്റിക് വീടുകളെ കുറിച്ചു കേട്ടിട്ടില്ലേ?
മിനിമലിസം വീടിന്റെ ഇന്റീരിയറില്‍ മാത്രം ഒതുങ്ങുന്നതല്ല. ജീവിതരീതിയിലും സൗന്ദര്യപരിചരണത്തിലും ഇപ്പോൾ മിനിമലിസമാണ് ട്രെൻഡ്. ലളിതം, സുന്ദരം എന്ന മിനിമലിസത്തിലെ ആശയം സ്കിൻ കെയർ റുട്ടീനിലും ഏറെ പ്രിയം നേടിയിട്ടുണ്ട്. ‘സ്കിനിമലിസം’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ പുത്തൻ സൗന്ദര്യരഹസ്യം എന്തെന്നറിയാം. അഴകിനായി മിനിമലിസം ശീലിക്കേണ്ടത് എങ്ങനെയെന്നു മനസ്സിലാക്കിയാലോ.
മൂന്നേ മൂന്നു കാര്യം
സ്കിൻ കെയറിന്റെ കാര്യത്തിൽ മിക്കവരും പല രീതികളും പിന്തുടരാറുണ്ട്. മുഖം കഴുകാൻ ഓയിൽ ക്ലെൻസറോ ഫോം ക്ലെൻസറോ പിന്നെ, മൃതകോശങ്ങളകറ്റാൻ എ ക്സ്ഫോളിയന്റ്, മുഖത്തെ പിഎച്ച് ബാലൻസ് നിലനിർത്താനും ചർമത്തിലെ സുഷിരങ്ങൾ അടയാനും ടോണർ, ചർമത്തിനു ഹൈഡ്രേഷൻ നൽകുന്ന എസ്സൻസ് ഇതുകൊണ്ട് തീർന്നുവെന്ന് കരുതല്ലേ, ഇനിയുമുണ്ട്.
ഓരോരുത്തരുടെയും ചർമപ്രശ്നമനുസരിച്ച് ഉപയോഗിക്കാവുന്ന സീറം, ചർമത്തിനു ഉന്മേഷം തരുന്ന പലതരം ഷീറ്റ് മാസ്ക്, കണ്ണിനു ചുറ്റുമുള്ള കറുപ്പും ചുളിവുമൊക്കെ മാറാൻ ഐ ക്രീം, മുഖത്തെ ജലാംശം നഷ്ടപ്പെടാതിരിക്കാനും മൃദുത്വമേകാനും മോയിസ്ചറൈസർ, ഏറ്റവും ഒടുവിലായി സൺസ്ക്രീൻ... പത്തു സ്റ്റൈപ് ഉള്ള കൊറിയൻ സ്കിൻ കെയർ റൂട്ടിനാണ് ഇത്. ഇതിനു ശേഷമാണ് അവർ മേക്കപ്പിലേക്ക് കടക്കുന്നത്.
അഞ്ചും പത്തും പടികളായി ചെയ്യുന്ന ഇത്തരം സ്കിൻ കെയർ റൂട്ടിനുകളെ മാറ്റി നിർത്തി വെറും മൂന്നേമൂന്നു കാര്യങ്ങൾ കൊണ്ട് ചർമം പരിപാലിക്കുന്ന ചിട്ടയാണ് മിനിമലിസ്റ്റിക് സ്കിൻ കെയർ റൂട്ടീൻ. ക്ലെൻസർ, മോയിസ്ചറൈസർ, സൺസ്ക്രീൻ എന്നിവ മാത്രം മതി മിനിമലിസ്റ്റിക് മോണിങ് റുട്ടീനിൽ. അതല്ലെങ്കിൽ ക്ലെൻസർ, ടോണർ, സൺസ്ക്രീൻ അടങ്ങിയ മോയിസ്ചറൈസർ. രാത്രിയിൽ ക്ലെൻസിങ്ങും മോയിസ്ചറൈസിങ്ങും മാത്രം.
പലതരം സ്കിൻ കെയർ പ്രൊഡക്റ്റ്സ് ഉപയോഗിച്ച് ചർമത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ ഉള്ള രീതിയാണ് ‘സ്കിനിമലിസം’. ഈ രീതി ശീലിക്കുമ്പോൾ ഇടയ്ക്ക്, ഒരു സ്കിൻ കെയർ പ്രൊഡക്റ്റും ഉപയോഗിക്കാതെ ചർമത്തിനു ഫ്രീഡേ നൽകണം. ചർമത്തിനു ശ്വസിക്കാനും സ്വയം ഉന്മേഷത്തിലാകാനും ഇതു സഹായിക്കും.
പ്രശ്നമറിഞ്ഞു പരിഹാരം
സ്വാഭാവികതയാണ് ന്യൂ ജനറേഷന്റെ മനസ്സിലെ സൗന്ദര്യം സങ്കൽപം. ചെറുപ്പമായിരിക്കുക, നിറം വർധിപ്പിക്കുക, പാടുകളോ സുഷിരങ്ങളോ തെല്ലുമില്ലാത്ത മിനുമിനുത്ത ചർമം നേടുക എന്നൊന്നുമല്ല ഇപ്പോൾ പലരും ചിന്തിക്കുന്നത്. പകരം, ഇപ്പോൾ എങ്ങനെയാണോ നിങ്ങൾ അതിൽ ഏറ്റവും മികച്ചതാകുക എന്നാണ്.
എല്ലാവർക്കും മുഖക്കുരുവോ, നിറം കരുവാളിപ്പോ, ചെറിയ പാടുകളോ, ചുളിവോ ഒക്കെ ഓരോ പ്രായത്തിൽ വരുന്നത് സ്വാഭാവികമാണ്.
എന്നാൽ സ്ഥിരമായി അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നം പലർക്കും ഉണ്ടാകും. അമിത മുഖക്കുരു, ഹൈപ്പർപിഗ്‌മെന്റേഷൻ പോലുള്ളവ. ചർമത്തിന്റെ അത്തരം പ്രധാനപ്രശ്നത്തിനു മാത്രം പ്രാധാന്യം നൽകി പരിഹരിക്കുകയാണ് മിനിമലിസ്റ്റ് രീതിയിൽ ചെയ്യുന്നത്.
അറിയാം ഘട്ടങ്ങൾ
മിനിമലിസ്റ്റ് ചർമസംരക്ഷണത്തിലെ മൂന്നു ഘട്ടങ്ങൾക്കൊപ്പം ആവശ്യമെങ്കിൽ ഓരോരുത്തരുടെയും ചർമസ്വഭാവത്തിനു ചേരുന്ന സീറം കൂടി ചേർക്കാം.
ക്ലെൻസർ : ഹൈഡ്രേറ്റിങ് ക്ലെൻസർ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. ചർമോപരിതലത്തിലെ അഴുക്കും പൊടിയും നീക്കുന്ന എന്നാൽ ചർമത്തിലെ സ്വാഭാവിക എണ്ണമയം നീക്കാത്തവയാണ് ഹൈഡ്രേറ്റിങ് ക്ലെൻസർ.
സീറം : ചർമത്തെ കാര്യമായി അലട്ടുന്ന പ്രശ്നം പരിഹരിക്കുന്ന സീറം ഉപയോഗിക്കാം. കറുത്ത പാടുകൾ, കരുവാളിപ്പ്, അമിതമായ ചുളിവുകൾ പോലുള്ള പ്രശ്നത്തിന് യോജിച്ച സീറം തിരഞ്ഞെടുക്കാം.
മോയിസ്ചറൈസർ: ചർമത്തിന്റെ സ്വഭാവമനുസരിച്ച്, അ മിതമായി എണ്ണമയം നൽകാത്ത, അധികം കട്ടിയില്ലാത്ത ലൈറ്റ് വെയ്റ്റ് മോയിസ്ചറൈസറാണ് നല്ലത്.
സൺസ്ക്രീൻ: എസ്പിഎഫ് 30ന് മുകളിലുള്ള ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ ആണ് അൾട്രാവയലറ്റ് എ, ബി രശ്മികളെ തടയുന്നത്.
‘സ്കിനിമലിസം’ പിന്തുടരുമ്പോൾ
∙ ആഴ്ചയിലൊരിക്കൽ വീട്ടിൽ തന്നെ തയാറാക്കിയ ഫെയ്സ്മാസ്ക് അണിയാം. ഓട്സും തൈരും, പുതിനയിലയും തക്കാളിയും, തേനും മ ഞ്ഞൾപൊടിയും, കറ്റാർവാഴ ജെല്ലും കാപ്പിപൊടിയും എന്നിങ്ങനെ ഫെയ്സ്മാസ്കുകൾ മുഖത്ത് അണിയാം. മാസത്തിലൊരിക്കൽ മൃതകോശങ്ങളകറ്റാൻ എക്സ്ഫോളിയന്റ് ഉപയോഗിക്കാം. തേനും പഞ്ചസാരയും നാരങ്ങാനീരും യോജിപ്പിച്ച് വീട്ടിൽ തന്നെ തയാറാക്കുന്ന എക്സ്ഫോളിയന്റ് മതി.
∙ മേക്കപ്പിലും മിനിമലിസം വേണം. എല്ലാ ദിവസവും മേക്കപ്പ് അണിയേണ്ടതേയില്ല. സൺസ്ക്രീൻ പുരട്ടിയശേഷം കാജലും ലിപ് ബാമുമിട്ടാൽ തന്നെ മിനിമൽ സുന്ദരിയായി.
ഫൗണ്ടേഷനും കൺസീലറും ആഘോഷവസരങ്ങളിലേക്കു മാറ്റി വയ്ക്കാം. ബാക്കി ദിവസങ്ങളിൽ ബിബി ക്രീമോ സിസി ക്രീമോ മാത്രം മതി.
∙ ഒന്നിലധികം ഗുണങ്ങൾ തരുന്ന ഒരു പ്രൊഡക്റ്റ് ഉപയോഗിക്കാം. മോയിസ്ചറൈസർ അടങ്ങിയ സൺസ്ക്രീ ൻ തിരഞ്ഞെടുത്താൽ മുഖം കഴുകിയ ശേഷം ഈ സൺസ്ക്രീൻ മാത്രം പുരട്ടിയാൽ മതി. മോയിസ്ചറൈസറിൽ തന്നെ ആന്റി എയ്ജിങ് പ്രോപ്പർട്ടീസ് ഉള്ളവയും വൈറ്റമിൻ സി സീറം ചേർന്നവയും ഉണ്ട്.
∙ ഫെയ്സ് യോഗ മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യം കൂട്ടാൻ വളരെ നല്ലതാണ്. രക്തയോട്ടം വർധിക്കുകയും മുഖത്തിനു തുടിപ്പു ലഭിക്കുകയും ചെയ്യും.
∙ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതും ആഹ്ലാദവതിയായിരിക്കുന്നതും സൗന്ദര്യം കൂട്ടും. മാന സികാരോഗ്യം മുഖസൗന്ദര്യത്തിലും പ്രതിഫലിക്കും കേട്ടോ.
ഗുണങ്ങൾ പലത്
ആരോഗ്യമുള്ള ചർമം : സ്കിൻ കെയർ പ്രൊഡക്റ്റ്സ് മാറി മാറി ഉപയോഗിക്കുമ്പോൾ ചർമത്തിന് പല പ്രശ്നങ്ങളും ഉണ്ടാകാം. മുഖക്കുരു കൂടുക, പെട്ടെന്ന് ചുവപ്പും തടിപ്പുമുണ്ടാകുക, ചൊറിച്ചിലും വരൾച്ചയും അനുഭവപ്പെടുക തുടങ്ങി ചർമത്തിന്റെ ആരോഗ്യം മോശമാക്കുന്ന പലതും വരാം. മിനിമലിസം ശീലിച്ചാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം.
സമയവും പണവും ലാഭം : കുറച്ചു പ്രൊഡക്റ്റ്സ് വാങ്ങിക്കുമ്പോൾ പണച്ചെലവ് സ്വാഭാവികമായും കുറയും. സ്കിൻ കെയറിനായി ചെലവിടാൻ അധികം സമയവും വേണ്ടിവരില്ല.
പരിസ്ഥിതിക്കു ഗുണം : മിക്ക സ്കിൻ കെയര്‍ പ്രൊഡക്റ്റും ലഭിക്കുക പ്ലാസ്റ്റിക് പാക്കുകളിലാകും. ഉ പയോഗശേഷം പാക്കറ്റുകൾ കളയുമ്പോൾ ഇവ മ ണ്ണിൽ കിടന്ന് പരിസ്ഥിതിക്കു ദോഷമായി മാറും. നമ്മുടെ ആവശ്യങ്ങൾ ഭാവിതലമുറയ്ക്കു ദോഷമാകാത്ത തരത്തിൽ നേടിയെടുക്കുന്നതാണ് ‘സസ്റ്റെയ്നബിലിറ്റി’. അതും ‘സ്കിനിമലിസ’ത്തിലൂടെ സാധ്യമാകും.
വിവരങ്ങൾക്കു കടപ്പാട്:
അങ്കിത ആൻ ഫിലിപ്
മേക്കപ് ആർട്ടിസ്റ്റ്,
കോട്ടയം