നേട്ടങ്ങളുടെ നെറുകയിലാണ് മലയാളത്തിന്റെ മോഹൻലാൽ. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ  അതുല്യ കലാകാരന് സിനിമാ ലോകം ആശംസകൾ നേരുമ്പോൾ വനിത ഹൃദ്യമായൊരു ഓർമ പങ്കുവയ്ക്കുകയാണ്. ക്യാമറയ്ക്ക് അപ്പുറത്തെ ലാൽ ഭാവങ്ങൾ, സിനിമയോട് ഇനിയും മടുക്കാത്ത പ്രണയം, യാത്രകൾ... മലയാളത്തിന്റെ മോഹൻലാൽ സംസാരിക്കുന്നു.

–––––

ADVERTISEMENT

ഛായാമുഖി, മഹാഭാരത കഥയിലെ മാന്ത്രികകണ്ണാടിയാണ്. അതിൽ തെളിയുന്നതു നോക്കുന്നയാളുടെ പ്രതിബിംബമല്ല, മറിച്ച് അവർ ഹൃദയം െകാണ്ടു സ്േനഹിക്കുന്ന, പ്രണയിക്കുന്നവരുടെ മുഖമാണത്രെ.

നാലു പതിറ്റാണ്ടായി മലയാളിക്കു മുന്നിലേക്കു മോഹൻലാലെത്തുന്നത് ഛായാമുഖിയെന്ന കണ്ണാടിയുമായാണ്. ഒാരോ ലാൽ കഥാപാത്രങ്ങളും ഒാരോ ഛായാമുഖികളാണ്. അതിലേക്കു നോക്കുമ്പോൾ ഏ തൊക്കെയോ നിമിഷങ്ങളിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരെ കാണാനാകുന്ന മാന്ത്രികവിദ്യ.

ADVERTISEMENT

അതുകൊണ്ടാണല്ലോ‍, സ്ക്രീനിലെ ലാൽപ്രണയങ്ങളിൽ നമ്മുടെ ‘ആ ആളെ’ കൊതിച്ചു പോകുന്നത്. ലാൽചിരികളിൽ ഏറ്റവും പ്രിയപ്പെട്ടവരുടെ ചിരി യോർമ വരുന്നത്. ലാൽസ്നേഹങ്ങളിൽ എന്നൊക്കെയോ ഹൃദയം തൊട്ടു പോയവരെ തൊട്ടടുത്തെന്ന പോലെ അറിയാനാകുുന്നത്. സങ്കടത്തിൽ വിറയ്ക്കുന്ന ആ വിരൽത്തുമ്പു കണ്ടാൽപോലും കണ്ണീരു പൊട്ടിപ്പോകുന്നത്. വിജയിച്ചാലും പരാജയപ്പെട്ടാലും ആ കഥാപാത്രങ്ങളൊന്നും മനസ്സിൽ നിന്നു മാഞ്ഞു പോകാത്തത്. ലാലോത്സവങ്ങൾക്കു മലയാളി എന്നും ഇങ്ങനെ ആർപ്പുവിളിച്ചുകൊണ്ടേയിരിക്കുന്നത്...

കൊച്ചിയിലെ മോഹൻലാലിന്റെ പുതിയ മെസൊണറ്റിെന്‍റ വാതില്‍ തുറന്നത് അതിശയങ്ങളിലേക്കായിരുന്നു. ഇരുനിലകളിലായി ഒരു മ്യൂസിയം പോലെ ഒരുക്കിയ പുതുപുത്തന്‍ അപാര്‍ട്മെന്‍റ്. വിലമതിക്കാനാകാത്ത ശിൽപങ്ങൾ, പെയിന്റിങ്ങുകൾ, കൗതുകവസ്തുക്കൾ. എല്ലാത്തിനും ഒാരോ കഥ പറയാനുണ്ട്.

ADVERTISEMENT

വനിതയുടെ കവർ ചിത്രം സുചിത്രയെ കാണിച്ച്, ഇവർ ഇതിനു ‘ലാലിബനും സുചിയും’ എന്ന് അടിക്കുറിപ്പെഴുതുമെന്നു കുസൃതി പറഞ്ഞു മോഹൻലാൽ സംസാരിക്കാനിരുന്നു. മടിയിലേക്കു സിംബ എന്ന പൂച്ച അധികാരത്തോടെ ചാടിക്കേറി. പ്രണയവിരലുകൾകൊണ്ട് ലാല്‍ സിംബയെ തലോടിത്തുടങ്ങി.

ജയം ഒരു ലഹരിയാണെന്നു സിനിമയിലുണ്ട്. വിജയത്തെ എങ്ങനെയാണു കാണുന്നത്?

നടൻ യോദ്ധാവ് ഒന്നുമല്ല. വിജയിച്ചേ അടങ്ങൂ എന്നു പറഞ്ഞിറങ്ങുന്ന യുദ്ധമല്ല സിനിമ. ഗുസ്തിയിൽ ഒരാളേ വിജയിക്കൂ. എന്നാൽ സിനിമയിൽ ഒരാളുടെ മാത്രം വിജയവും പരാജയവും ഇല്ല. സിനിമ വിജയിച്ചാൽ അത് എല്ലാവരുടെയും കൂടി ജയമാണ്.

ലിജോയുടെ എല്ലാ സിനിമകളെയും പോലെ വാലിബനും ഉറപ്പായും ഒരു സംവിധായകന്റെ കൂടി സിനിമയാണ്. ഇങ്ങനെയാണോ സിനിമ എന്നു തോന്നാവുന്ന ഒരു ക്ലൈമാക്സും രംഗങ്ങളും ഒക്കെ അതിലുണ്ട്. പിന്നെ വിജയവും പരാജയവും എല്ലാം മൊമെന്ററിയാണ്. ഒരാൾ വിളിച്ചു സിനിമ സൂപ്പർഹിറ്റാണെന്നു പറയുമ്പോൾ ആ നിമിഷത്തേക്കുള്ള സന്തോഷമാണ്. തൊട്ടടുത്ത നിമിഷം അതു മാറിക്കഴിഞ്ഞു.

പ്രണയ സമ്മാനങ്ങൾ നൽകുന്ന ആളാണോ?

സമ്മാനങ്ങൾ കൊടുക്കാൻ ഒരുപാട് ഇഷ്ടമുള്ള ആളാണു ഞാന്‍. സമ്മാനം എന്നു പറയുന്നതു തന്നെ ഭയങ്കര രസമുള്ള കാര്യമല്ലേ? ആരു തരുന്നു, എന്താണു സമ്മാനം, എങ്ങനെ തരുന്നു, എവിെടവച്ചു തരുന്നു... ഒ ക്കെ പ്രധാനമാണ്. നല്ല നല്ല ഇഷ്ടങ്ങളിലല്ലേ നല്ല നല്ല സമ്മാനങ്ങളും സംഭവിക്കുന്നത്. പ്രണയസമ്മാനങ്ങൾ കൊടുക്കാൻ താൽപര്യമുള്ളവർ ഇനിയും പ്രണയിക്കട്ടെ.

ഒരിക്കൽ വിവാഹവാർഷികത്തിന് സുചി എനിക്കൊരു സമ്മാനം തന്നു. വിവാഹവാർഷികമാണെന്നു ഞാൻ മറന്നു പോയിരുന്നു. അതു സുചിക്കും മനസ്സിലായി. അതത്ര നല്ല കാര്യമൊന്നുമല്ല, എന്നിട്ടും വളരെ ഈസിയായി സുചി കൈകാര്യം ചെയ്തു. െെവകുന്നേരമായപ്പോള്‍ എ ന്നെ വിളിച്ചു പറഞ്ഞു, ‘ബാഗിലൊരു സാധനം വച്ചിട്ടുണ്ട്. ഒന്നു തുറന്നു നോക്കൂ.’ ഞാന്‍ നോക്കിയപ്പോൾ ഒരു സമ്മാനവും ഒപ്പമൊരു കുറിപ്പും. അതിൽ എഴുതിയിട്ടുണ്ട്, ‘ഇന്നു നമ്മുടെ വെഡ്ഡിങ് ആനിവേഴ്സറിയാണ്. ഈ ദിവസം മറക്കാതിരിക്കുക...’

പ്രണയവും സന്യാസവും മുന്നിൽ വച്ചാൽ ഏ താണ് എടുക്കുക?

ഉറപ്പായും ആദ്യത്തേതല്ലേ എടുക്കൂ. പ്രണയത്തിൽ കൂടി നമുക്കു സന്യാസത്തിലേക്കു പോകാം. സന്യാസത്തിന്റെ ഭാവം മറ്റൊരു രീതിയിലുള്ള പ്രണയം തന്നെയാണ്. നല്ല പ്രണയത്തിൽ നമുക്കു ദേഷ്യം ഉണ്ടാകില്ല. സങ്കടമോ അസൂയയോ പൊസസീവ്നെസ്സോ ഉണ്ടാവില്ല. അതാണു യഥാർഥ പ്രണയം. സന്യാസവും അങ്ങനെ തന്നെയല്ലേ? ഞാൻ അഭിനയിച്ച ‘ഛായാമുഖി’യെന്ന നാടകത്തിൽ പറയുന്നുണ്ട്, ‘പ്രണയിക്കാൻ എളുപ്പമാണ്. പ്രണയിക്കപ്പെടാനാണു ഭാഗ്യം വേണ്ടത്’ എന്ന്. എന്തൊരു സുന്ദരമായ വരിയാണത്.

‘ഐ ലവ് യു’ എന്നു പറയുമ്പോള്‍ പെൺകുട്ടിയുടെ മറുപടി ‘പോടാ’ എന്നാണെങ്കിൽ എന്തൊക്കെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഭീഷണിയും കൊലപ്പെടുത്തലും ആസിഡ് എറിയലും, കത്തിക്കുത്തും...

യഥാര്‍ഥ പ്രണയം ആകാശത്തോളം വലുതാണ്. പ്രണയം തകര്‍ന്നെന്നു കരുതി സങ്കടപ്പെട്ടിട്ടു കാര്യമില്ല. പിന്നെ, അതിന്റെ പിറകെ പോയി നിങ്ങളുടെ ശരീരവും മനസ്സും ബുദ്ധിയും കളയുന്നത് എന്തിനാണ്. വീണ്ടും വീണ്ടും പ്രണയിക്കൂ. ഒാഷോയുടെ ഒരു വചനമുണ്ട്. ‘ഒരു പെൺകുട്ടി നിങ്ങളെ വിട്ടു പോയി. അതിനെന്താണ്. ഒരു ലക്ഷം പെൺകുട്ടികൾ വേറെ ഇല്ലേ?’

സിനിമയിലെ രംഗങ്ങളിൽ ഏറ്റവും നന്നായി പ്രണയിക്കുന്നത് ആരെയൊക്കെയാണ്?

സിനിമയില്‍ ആരെ പ്രണയിക്കുന്നു എന്നല്ല, ആ പ്രണയരംരങ്ങളാണ് എനിക്കിഷ്ടം. ആരാണ് എന്നുള്ളതിനെക്കാൾ പ്രണയരംഗത്തിനാണു പ്രാധാന്യം. അത്തരം രംഗങ്ങളിൽ എതിർവശത്തു നിൽക്കുന്ന ആളുടെ റിയാക്‌ഷനുകൾക്കും വലിയ പ്രാധാന്യമുണ്ട്. ഉർവശിയായാലും കാർത്തികയായാലും ശോഭനയായാലുമൊക്കെ നല്ല മൊമന്റുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പിന്നെ അത്തരം രംഗങ്ങൾ കുറവല്ലേ. നമുക്കിനി വേറൊരു തരത്തിലുള്ള പ്രണയമല്ലേ കാണിക്കാൻ പറ്റുകയുള്ളൂ.

വീട് ശരിക്കും ഒരു മ്യൂസിയം പോലെയുണ്ട്. പെയിന്റിങ്ങുകൾ, കൗതുക വസ്തുക്കൾ...

മലയാള സിനിമയ്ക്കായി ഒരു മ്യൂസിയം നിർമിക്കണം എന്നാഗ്രഹമുണ്ട്. അതിനൊരു സ്ഥലം കണ്ടെത്തണം. ഇപ്പോള്‍ നമുക്ക് അത്തരമൊരെണ്ണമില്ല. മലയാള സിനിമയുെട സമ്രഗമായ ഒരു ശേഖരം അവിെടയുണ്ടാകും. പലതും ചിതറിക്കിടക്കുകയാണ്. മൺമറഞ്ഞ പ്രതിഭകൾക്കുള്ള ആദരം കൂടിയാകും അത്.

നമ്പൂതിരി സാര്‍ വരച്ച നൂറോളം ചിത്രങ്ങൾ എന്റെ കയ്യിലുണ്ട്. തഞ്ചാവൂർ ചിത്രങ്ങളും ബുദ്ധിസ്റ്റ് സ്റ്റൈലിലുള്ള താങ് ക പെയ്ന്റിങ്ങുകളും ടൺ കണക്കിനു ഭാരമുള്ള ശിൽപങ്ങളുമൊക്കെയുണ്ട്. ചിലതൊക്കെ ഗിന്നസ് ബുക്കില്‍ വരെ ഇടം നേടാവുന്നവയാണ്.

‘വരൂ നമുക്കു കുറച്ചു കൗതുകങ്ങള്‍ കാണാം’ എന്നു പറഞ്ഞു മോഹൻലാൽ ക്ഷണിക്കുന്നു. മുകള്‍നിലയിലെ ചുവരിൽ ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ഗന്ധര്‍വന്‍റെ പെയിന്‍റിങ്. ഉപാസനകളുെട ഒടുവില്‍ ലാലിനു മാത്രമേ വരച്ചു കൊടുക്കൂ എന്നു പറഞ്ഞ് നമ്പൂതിരിയുെട വിരല്‍ത്തുമ്പുകള്‍ തീര്‍ത്ത മായാജാലം. ഇരുവശത്തുമുള്ള കണ്ണാടിച്ചുമരുകളിൽ ആ രൂപം പ്രതിബിംബിക്കുന്നു. മൂന്നു ഗന്ധർവ രൂപങ്ങൾക്കു നടുവിൽ നിന്നു ചിത്രമെടുത്താൽ നന്നാകുമെന്നു ലാൽ. ഒറ്റ ക്ലിക്കിൽ ‘നാലു ഗന്ധർവന്മാർ.’

കിടപ്പു മുറിയിൽ ത്രീഡി മായക്കാഴ്ചയുള്ള പെയിന്റിങ്.കുളി കഴിഞ്ഞിരിക്കുന്ന സുന്ദരിയെ മോഹത്തോടെ നോക്കി നിൽക്കുന്ന യക്ഷ ഗന്ധര്‍വ കിന്നരന്മാർ. വൈക്കം വിശ്വനാഥൻ എന്ന ചിത്രകാരൻ വരച്ചതാണ്. വർഷങ്ങൾ നീണ്ട വായനയ്ക്കും പഠനത്തിനും യാത്രകൾക്കും ശേഷമാണു വരയ്ക്കാൻ തുടങ്ങിയത്. കിന്നരന്മാരുടെ കയ്യിൽ നിന്നു വീഴുന്ന പൂക്കൾ മുന്നില്‍ ചിതറി വീഴും പോലെ. ലൈറ്റുകൾ ഒാഫ് ചെയ്താലും ചിത്രത്തിലെ ചന്ദ്രശോഭയിലും വിളക്കിന്‍റെ െവട്ടത്തിലും സുന്ദരിയുടെയും ഗന്ധര്‍വന്മാരുെടയും മുഖം തിളങ്ങുന്നു.

അടുത്ത മുറിയില്‍ കുണ്ഡലിനിയുടെ ഇന്ദ്രിയാതീതശക്തി ഉള്‍ക്കൊള്ളുന്ന നിഗൂഢമായ പെയിന്റിങ്. മൂന്നരച്ചുറ്റുള്ള സ്വർണനാഗവും െഎരാവതവും ആനകളും കുതിരകളും ശിരസ്സില്‍ വിരിയുന്ന സഹസ്രാരപത്മവും... ‘വാക്കുകൾക്ക് അപ്പുറം നിൽക്കുന്ന ഊർജം ഈ മുറിയിലുണ്ടല്ലോ’ എന്ന ചോദ്യത്തിനു ചെറുചിരിയോടെ ലാലേട്ടന്‍റെ മറുപടി. ‘രഹസ്യ സ്വഭാവമുള്ള ചിത്രമാണിത്. എന്റെ മനസ്സിലുള്ള കുണ്ഡലിനിയെക്കുറിച്ചുള്ള ചിന്തകൾ പറഞ്ഞു കൊടുത്തു വരപ്പിച്ചതാണ്.’

ഗോവണിക്കരികിലെ ചുമരിൽ ഒരേ വലുപ്പത്തിൽ ഫ്രെയിം ചെയ്തു വച്ച അൻപതിലധികം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. ഒാരോന്നിലുമുണ്ട് ഒാർമകളുടെ ചന്ദ്രോത്സവങ്ങൾ. കുട്ടിക്കാലത്തു നിക്കറും ഷർട്ടും ഇട്ട് അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്ന ലാൽ മുതല്‍ കുടുംബത്തിന്‍റെ ഒട്ടേറെ അപൂര്‍വഭംഗികള്‍. ഇതിൽ ഒരു ചിത്രത്തെക്കുറിച്ചു പറയാമോ എന്നു ചോദിച്ചപ്പോൾ കുഞ്ഞുപ്രണവിനുകുടപിടിച്ചു സുചിത്ര നിൽക്കുന്ന ചിത്രം കാട്ടി കുസൃതിച്ചിരിയോടെ പറഞ്ഞു, ‘‘ഒരിക്കല്‍ ഊട്ടിയാത്രയ്ക്കിടെ അപ്പുവിന് പെട്ടെന്നൊരു ‘ശങ്ക’. അതു തീർക്കാൻ ഇരുന്നപ്പോഴേക്കും ചാറ്റൽ മഴ. അതാണു സുചി കുടപിടിച്ചു നിൽക്കുന്നത്. ആന്റണിയാണ് (ആന്റണി പെരുമ്പാവൂർ) ഈ ചിത്രമെടുത്തത്.’’

ബംഗാളിൽ നിന്നും റഷ്യയിൽ നിന്നുമുള്ള പൂ ച്ചകൾ, അപൂർവമായ ജീവികള്‍, മത്സ്യങ്ങൾ... ഈ ക്രേസൊക്കെ എങ്ങനെയുണ്ടായി?

സ്കൂളിൽ പഠിക്കുന്ന കാലത്തു പലതരം മീനുകളെ വളർത്തിയിരുന്നു. ഒരു കാലത്ത് ഒൻപതോ പത്തോ പൂച്ചകൾ ഉണ്ടായിരുന്നു. ഹാലിക്കൻ ഗ്രേറ്റ് കെയിൻസ് പോലുള്ള നായ്ക്കളുണ്ടായിരുന്നു. പിന്നെ, പശുക്കൾ. മറൈൻ അക്വേറിയത്തില്‍ അപൂര്‍വമായ മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. രണ്ടു കടല്‍ക്കുതിരകള്‍ അതിലുണ്ടായിരുന്നു. ഒരിക്കല്‍ അതിലൊന്നു ഗര്‍ഭിണിയായി. കുഞ്ഞുങ്ങളും ഉണ്ടായി. ഇപ്പോള്‍ ഈ വീട്ടിൽ രണ്ടു തരം പൂച്ചകളുണ്ട്. ഒരെണ്ണം മെയ്ൻ കൂൺ (maine coon) വിഭാഗത്തിലുള്ളതാണ്. മുപ്പതു കിലോ വരെ ഭാരം വയ്ക്കും പ്രത്യേക രീതിയിലേ എടുക്കാനാകൂ. പിന്നെയുള്ളത് ബംഗാൾ കാറ്റ്സ്. വളർത്തു പൂച്ചയും ബംഗാളില്‍ മാത്രം കാണുന്ന കാട്ടുപൂച്ചയും തമ്മിലുള്ള ക്രോസ് ആണ്. ഇതിനെ വീടുകളില്‍ വളർത്താന്‍ തുടങ്ങിയിട്ടു പത്തു നാല്‍പതു വര്‍ഷമേ ആയുള്ളൂ.

മക്കൾക്ക് സര്‍വസ്വാതന്ത്ര്യം കൊടുക്കുന്ന പേരന്റിങ് ആണ് ലാലേട്ടനും ചേച്ചിയും െകാ ടുക്കുന്നത്. അവരുെട ജീവിതവും യാത്രകളും മോഹിപ്പിക്കാറില്ലേ?

ഒരു കാലത്തു ഞാനും ഇതു പോലെ യാത്ര ചെയ്തിട്ടുണ്ട്. എവിെട പോയാലും അപ്പുവുമായും മായയുമായും എപ്പോഴും കോൺടാക്ട് ഉണ്ട്. കുട്ടികൾ സുചിയെ എപ്പോഴും വിളിച്ച് എല്ലാ കാര്യങ്ങളും പറയും. ജീവിതത്തിൽ സന്തോഷങ്ങൾ കണ്ടെത്താൻ രണ്ടുപേർക്കും അറിയാം. അതല്ലേ വേണ്ടത്. അപ്പു ഇടയ്ക്കിടെ ഹംപിയിൽ പോകും. അവിെട കാഴ്ചകള്‍ കണ്ട്, റോക്ക് ക്ലൈംബിങും ഒക്കെ നടത്തി കുറേ ദിവസം കൂടും. ഒരിക്കൽ ഞാനവിടെ ഷൂട്ടിനെത്തിയപ്പോൾ അപ്പു അവിടെയുണ്ട്. ‘അച്ഛാ രാവിലെ വന്നു കാണാം’ എന്നവന്‍ പറഞ്ഞതു കേട്ടു കുറെ കാത്തിരുന്നു. മടങ്ങാന്‍ ഒരുങ്ങുമ്പോൾ നനഞ്ഞു കുതിർന്നു കയറി വരുന്നു. തുംഗഭദ്ര നദിക്ക് അക്കരെയായിരുന്നു അവന്‍റെ ക്യാംപ്. രാവിലെ ഇക്കരയ്ക്കു കടത്തു കിട്ടിയില്ല അതാ ലേറ്റ് ആയതെന്നു പറഞ്ഞു. ‘പിന്നെ എങ്ങനെയാ നീ വന്നത്.?’ ഞാന്‍ ചോദിച്ചു. കൂളായിട്ടായിരുന്നു അവന്‍റെ മറുപടി, ‘ഞാന്‍ നീന്തിയിങ്ങു പോന്നു...’

മകൾ വിസ്മയ എഴുതിയ ‘നക്ഷത്ര ധൂളികൾ’ വായിച്ചപ്പോൾ എന്താണു തോന്നിയത്?

പണ്ടും അവള്‍ കഥകളൊക്കെ എഴുതുമായിരുന്നു. ഇതുപോലെ കവിതകൾ എഴുതും എന്നറിയില്ലായിരുന്നു. നന്നായിട്ടു ചിത്രം വരയ്ക്കും. യുകെയില്‍ പോയി കുറെ നാൾ ചിത്രംവര പഠിച്ചതാണ്. പ്രാഗിലും പഠിച്ചിട്ടുണ്ട്. പിന്നെ, കുറെനാൾ ഇന്തൊനീഷ്യയിൽ കുട്ടികളെ പഠിപ്പിച്ചു. ഇപ്പോൾ തായ്‌ലൻഡിൽ ‘മോയ് തായ്’ എന്ന ആയോധനകല പഠിക്കുകയാണ്. അപ്പുവും എഴുതും. കവിതയല്ല, നോവല്‍. ഒരെണ്ണം എഴുതി പൂര്‍ത്തിയാകാറായി. സുചിയും ചിത്രങ്ങൾ വരയ്ക്കാറുണ്ട്. രസമുള്ള കാർഡുകൾ ഉണ്ടാക്കും. ചെന്നൈയിലെ വീട്ടിൽ സുചിക്ക് ഒരു ആർട് വർക്ക്ഷോപ്പുമുണ്ട്.

ആരെങ്കിലും നിർബന്ധിച്ചാൽ ‍ഞാനും വരയ്ക്കും. അടുത്തിടെ എന്റെയൊരു സുഹൃത്തു വീടു വച്ചു. ലാലേട്ടൻ എ നിക്കൊരു ചിത്രം വരച്ചു തരണം എന്നു പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊരു െപയിന്‍റിങ് ചെയ്തു. മൂന്നു ദിവസം കൊണ്ടാണു പൂർത്തിയാക്കിയത്.

‘എനിക്ക് എന്റെ പിള്ളേരുണ്ട്’ എന്നു പറഞ്ഞല്ലോ. അവർ തരുന്ന ധൈര്യത്തെക്കുറിച്ച് ?

മോഹന്‍ലാൽ‌ ഫാൻസ് അസോസിയേഷൻ കാൽനൂറ്റാണ്ടു പൂർത്തിയാക്കിയ ആഘോഷവേദിയിലാണു ഞാനങ്ങനെ പറഞ്ഞത്. ആദ്യകാലത്തു പ്രവർത്തിച്ചവർ വരെ ആ ചടങ്ങിനു വന്നിരുന്നു. വർഷം കഴിയും തോറും പുതിയ പ്രവർത്തകർ വരുന്നു. ഒരുപാടു കാര്യങ്ങൾ ചെയ്യുന്നു. അതൊരു ധൈര്യം തന്നെയല്ലേ?

ചികിത്സാ സഹായങ്ങൾ മുതൽ കുട്ടികളുടെ വിദ്യാഭ്യാസ സഹായങ്ങൾ വരെ ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ വസ്ത്രങ്ങൾ ശേഖരിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ വിതരണം ചെയ്തതിനു ലാൽ കെയറിന് ഗിന്നസ് വേൾഡ് റെക്കോർഡുണ്ട്

ഒരു നടന്റെ സിനിമ വരുമ്പോഴുള്ള പ്രവർത്തനങ്ങൾക്കപ്പുറം ഒരു കൂട്ടം പേർ ഇതൊക്കെ ചെയ്യുന്നു എന്നു കേൾക്കുന്നതു വലിയ സന്തോഷമാണ്. ഇതൊക്കെ ചെയ്യാൻ ചുറ്റും കുറെ ആളുകൾ ഉണ്ടെന്നു പറയുന്നത് എനിക്കും സന്തോഷം. ആ സന്തോഷമാണ് അവരെ അറിയിച്ചത്.

അഭിനയം, സംവിധാനം, എഴുത്ത്, ചിത്രം വര... ആരാണ് നിജമായ മോഹൻലാൽ ?

ഞാൻ ആരാണ് എന്നു ചോദിച്ചാൽ ഒരുപാട് ഉ ത്തരങ്ങൾ ഉണ്ട്. ആരൊക്കെയോ എഴുതിവച്ച കാര്യങ്ങൾ നമ്മുടെ തലയിലുണ്ട്. അതൊക്കെ വച്ചേ ഉത്തരം പറയാൻ പറ്റൂ. കിട്ടുന്ന സമയത്ത് ഇതൊക്കെ ആലോചിച്ച് ഇരുന്നാൽ കുഴഞ്ഞു പോവില്ലേ.

ഒരുപാടു ഭാഗ്യങ്ങൾ വന്നു ചേർന്നിട്ടുണ്ട്. തിരനോട്ടം മുതലുള്ള സിനിമകള്‍, കർണഭാരം, കഥയാട്ടം, ഛായാമുഖി, ഇനി ബറോസ്.... ഭാഗ്യം എന്ന വാക്കു കൃത്യമാണോ എന്നു പോലും അറിയില്ല. എല്ലാം വന്നുചേരുകയാണ്. ഞാനതിനൊപ്പം യാത്ര ചെയ്യുകയാണ്...

വനിത 2024ൽ പ്രസിദ്ധീകരിച്ച ലേഖനം...

English Summary:

Mohanlal is at the pinnacle of success after receiving the Dadasaheb Phalke Award. This article delves into the actor's thoughts on cinema, love, life, and his passion for collecting art and artifacts, offering a glimpse into the actor's personal world.

ADVERTISEMENT