ഇന്ത്യയുടെ രാഷ്്ട്രപതിയിൽ നിന്ന് രാജ്യത്തിന്റെ പരമോന്നത സിനിമാ ബഹുമതി മോഹൻലാൽ സ്വീകരിക്കുന്നതു കണ്ട എനിക്കിപ്പോൾ ഈ ലോകത്തോടു വിളിച്ചുപറയണമെന്നുണ്ട്; ഈ മനുഷ്യൻ എന്റെ സുഹൃത്താണെന്ന്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഞങ്ങൾ ഒരുമിച്ച് ഒരു നദി പോലെ ഒഴുകുകയാ...

മദ്രാസിലെ വുഡ്‌ലാന്റ്സ് ഹോട്ടലിൽ ഞാനും ശ്രീനിവാസനും താമസിക്കുന്ന മുറിയിലെ കട്ടിലിൽ േമാഹൻലാൽ കിടന്നുറങ്ങുകയാണ്. ഗാഢമായ പകലുറക്കം. തലേദിവസം രാത്രി മുഴുവൻ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. അതുകഴിഞ്ഞ് പ്രിയദർശനോടൊപ്പം വന്നതാണ്.

ADVERTISEMENT

എൺപതുകളുടെ തുടക്കകാലം.

വില്ലനായും തറവാട്ടിലെ തെറിച്ച വിത്തായും കുട്ടിക്കളി മാറാത്ത കാമുകനായുമൊക്കെ ലാൽ പകർന്നാടുന്ന കാലം. ‘അപ്പുണ്ണി’യും ‘പൂച്ചയ്ക്കൊരു മൂക്കുത്തി’യുമൊക്കെ കഴിഞ്ഞിരിക്കുന്നു.

ADVERTISEMENT

ശാന്തമായി ഉറങ്ങുന്ന മോഹൻലാലിനെ നോക്കി ചെറിയൊരു ചിരിയോടെ പ്രിയൻ പറഞ്ഞു;

‘ഇവനൊരു സൂപ്പർ സ്റ്റാറായാൽ നമ്മൾ രക്ഷപ്പെട്ടില്ലേ സത്യാ...’

ADVERTISEMENT

ദൈവം അതു കേട്ടുവെന്നു തോന്നുന്നു. കണ്ണടച്ചു തുറക്കും മുൻപാണ് ലാൽ ആ പദവിയിലേക്കെത്തിയത്. എന്റേയും പ്രിയന്റേയും ആ കാലത്തെ നല്ല സിനിമകളൊക്കെയും ലാലിനോടൊപ്പമായിരുന്നു.

ഈയിടെ ‘ഹൃദയപൂർവ്വ’ത്തിന്റെ ലൊക്കേഷനിലെത്തിയ പ്രിയനോട് നാല്പതുകൊല്ലം മുൻപു നടന്ന ആ സംഭാഷണം ഞാൻ ഓർമ്മിപ്പിച്ചു. പ്രിയനും അതു മറന്നിട്ടില്ല.

ഞങ്ങൾ അതു പറഞ്ഞു ചിരിക്കുന്നതുകണ്ട് ലാൽ പറഞ്ഞു;

‘ഞാനിപ്പോഴും നിങ്ങളോടൊപ്പമില്ലേ?’

അതൊരു നിയോഗമാണ്. ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്; മറ്റാരോ എഴുതിവച്ച തിരക്കഥ പോലെയാണ് നമ്മുടെ ജീവിതം.

ആ ഒരു സീൻ

നാല്പത്തിമൂന്നു വർഷം മുൻപ് എന്റെ ആദ്യസിനിമയായ ‘കുറുക്കന്റെ കല്യാണ’ത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. സുകുമാരനാണ് നായകൻ. ജഗതി ശ്രീകുമാറും ബഹദൂറുമൊക്കെ സജീവമായി കൂടെയുണ്ട്. ഒരു പെൺകുട്ടി മുന്നിൽ വന്നുപെട്ടാൽ മുട്ടു വിറയ്ക്കുന്ന ശിവസുബ്രഹ്മണ്യ ഹരിരാമചന്ദ്രൻ എന്ന പാവത്താനായാണ് സുകുമാരൻ അഭിനയിക്കുന്നത്. മനസ്സുകൊണ്ട് ആരാധിക്കുന്ന നായികയോട് ഇഷ്ടമാണെന്നു പറയാനുള്ള ധൈര്യം ആ കഥാപാത്രത്തിനില്ല. അയാളെ അതിനു പ്രേരിപ്പിക്കാനും ധൈര്യം കൊടുക്കാനും മറ്റൊരു ചെറുപ്പക്കാരൻ വേണം. അത് ആരാകാം?

തിരക്കഥാകൃത്ത് ഡോ. ബാലകൃഷ്ണനും നിർമ്മാതാവ് റഷീദും ആത്മസുഹൃത്ത് ഭാസി മാങ്കുഴിയും ഞാനും തല പുക‍ഞ്ഞ് ആലോചിച്ചു. പെട്ടെന്നാണ് മോഹൻലാൽ എന്ന യുവനടൻ മനസ്സിലേക്കു കയറിവന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ്. ഒരൊറ്റ സീനിൽ അഭിനയിക്കാൻ വിളിച്ചാൽ വരുമോ? അതും ഒരു സംവിധായകന്റെ ആദ്യത്തെ സിനിമയിൽ.

സീൻ ഒന്നേ ഉള്ളു എങ്കിലും അതൊരു പ്രധാനപ്പെട്ട രംഗമാണ്.

മോഹൻലാൽ‍ സമ്മതിച്ചു. ബഹദൂറിന്റെ മകളുടെ ഭർത്താവാണ് കഥാപാത്രം. അത് വ്യക്തമാക്കുന്ന ഒരു ചെറിയ സീൻ ആദ്യം തന്നെ ഷൂട്ട് ചെയ്തു. സത്യ സ്റ്റുഡിയോയിലായിരുന്നു ആ സിനിമയുടെ സെറ്റ്. ആ സെറ്റിലെ ജോലികൾ തീർത്ത് ഒരു തമിഴ്പടത്തിനുവേണ്ടി വിട്ടുകൊടുക്കേണ്ടിയിരുന്നു. പ്രധാനസീൻ അടുത്ത െഷഡ്യൂളിൽ എടുക്കാമെന്നു പറഞ്ഞ് ലാലിനെ അയച്ചു. അതിൽ ലാലും സുകുമാരനും മാത്രം മതി.

പക്ഷേ ആ ഷെഡ്യൂൾ തുടങ്ങും മുൻപ് ഡോ. ബാലകൃഷ്ണൻ തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തി. എഴുതിവന്നപ്പോൾ അങ്ങനെയൊരു സീനിന്റെ ആവശ്യമില്ല. അങ്ങനെ ‘കുറുക്കന്റെ കല്യാണ’ത്തിൽ ഒരു കുഞ്ഞുസീനിൽ മാത്രം മോഹൻലാൽ പ്രത്യക്ഷപ്പെടേണ്ടി വന്നു.

ആ സംഭവം ഓർക്കുമ്പോൾ എന്റെ ആദ്യസിനിമയിൽ തന്നെ മോഹൻലാലിന്റെ കൈയൊപ്പ് വേണമെന്നു ദൈവം തീരുമാനിച്ചതുപോലെ തോന്നുന്നു. പിന്നീട് ബാലഗോപാലനായും ഗൂർഖയായും ഹൗസ് ഓണർ ഗോപാലകൃഷ്ണ പണിക്കരായും ഗൾഫ് മോട്ടോഴ്സിന്റെ ഉടമസ്ഥനായും ഗഫൂർ കാ ദോസ്ത് ദാസനായുമൊക്കെ എന്റെ സിനിമയിൽ നിറഞ്ഞു നിൽക്കേണ്ട ആളല്ലേ. ആദ്യയാത്രയിൽ തന്നെ കൂടെ കൂട്ടിയ ആ കൂട്ടുകാരൻ ഈ ഓണക്കാലത്തും ‘ഹൃദയപൂർവ്വം’ എന്നോടൊപ്പം തന്നെയുണ്ട്.

അപ്പുണി’യിലെ മേനോൻ മാഷ്

‘അപ്പുണ്ണി’യാണ് എന്റെ സിനിമയിൽ മോഹൻലാൽ പ്രധാനവേഷം െചയ്യുന്ന ആദ്യത്തെ ചിത്രം. ഭരത്ഗോപിയും നെടുമുടി വേണുവുമുണ്ട് ഒപ്പത്തിനൊപ്പം. ആദ്യദിവസം തന്നെ കഥാപാത്രത്തിന്റെ സ്വഭാവം ഞാൻ പറഞ്ഞുകൊടുത്തു. വി.കെ. എന്നിന്റെ തിരക്കഥയാണ്. മുരടനായ അപ്പുണ്ണിയുടെ മുറപ്പെണ്ണ് അമ്മു മാന്യനും സുന്ദരനുമായ മേനോൻ മാഷിൽ വീണു പോകണം. വൃത്തിയുള്ള വേഷം, മര്യാദയുള്ള പെരുമാറ്റം, സ്നേഹം തുളുമ്പുന്ന സംസാരം! ഇതൊക്കെയാണ് മേനോൻ മാഷിനെ അപ്പുണ്ണിയിൽ നിന്നു വ്യത്യസ്തനാക്കുന്നത്. ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോൾ പ്രത്യേകതയൊന്നും എനിക്കു തോന്നിയില്ല. ഭരത്ഗോപിയോടും നെടുമുടിയോടും ഒടുവിലിനോടും ശങ്കരാടിയോടുമൊക്കെ ചേർന്നു പോകുന്ന അഭിനയം.

ഇന്നത്തെപ്പോലെ ഷൂട്ട് െചയ്യുന്ന ദൃശ്യങ്ങൾ അപ്പോൾ തന്നെ കാണാനുള്ള സാങ്കേതികവിദ്യയൊന്നും സിനിമയിൽ വന്നിട്ടില്ല. ഷൂട്ടിങ്ങും ഫസ്റ്റ് എഡിറ്റിങ്ങും കഴിഞ്ഞ് ഒരു മാസത്തിനുശേഷം മദ്രാസിലെ ഡബ്ബിങ് തിയേറ്ററിലെ വലിയ സ്്ക്രീനിൽ മേനോൻ മാഷിനെ കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി. എത്ര മനോഹരമായാണ് ഈ നടൻ കഥാപാത്രമായി മാറുന്നത്.

ലാലിന്റെ ഓരോ നോട്ടവും ഓരോ ചലനവും വിസ്മയിപ്പിക്കുന്നതായിരുന്നു. പിന്നീടുള്ള സിനിമകളിൽ മോഹൻലാലിനെ മുൻനിർത്തിയാണ് ഞാൻ കഥകൾ പോലും ആലോചിച്ചത്.

മോഹൻലാൽ അഭിനയിക്കുന്നതുകാണുമ്പോൾ നമുക്കു തോന്നും ലോകത്തിലെ ഏറ്റവും എളുപ്പമുള്ള ജോലി അഭിനയമാണെന്ന്. അത്രയ്ക്ക് അനായാസമായാണ് ക്യാമറയ്ക്കു മുന്നിൽ ലാൽ പെരുമാറുക. പലപ്പോഴും ഇയാൾ അഭിനയിക്കുന്നുണ്ടോ എന്ന സംശയം പോലും തോന്നിപ്പോവും.

ഫാസിൽ പറഞ്ഞ അനുഭവം

ഫാസിൽ പറഞ്ഞ ഒരു അനുഭവമുണ്ട്. ‘മണിച്ചിത്രത്താഴി’ന്റെ ഷൂട്ടിങ് നടക്കുന്നു. ഗംഗയാണ് നാഗവല്ലിയായി പരിണമിക്കുന്നതെന്ന് മനസ്സിലാക്കിയ ഡോ. സണ്ണി, നകുലനോട് ആ കാര്യം വിശദീകരിക്കുന്ന രംഗമാണ്. അല്പം നീളമുള്ള ഒരു ഷോട്ട്. അത് എടുത്തുകൊണ്ടിരുന്നപ്പോൾ ക്യാമറയ്ക്കു പിന്നിൽ നിന്ന ഫാസിലിനു തോന്നി സംഭാഷണങ്ങൾ ആവശ്യത്തിൽ കൂടുതൽ വലിഞ്ഞുപോകുന്നുണ്ടോ എന്ന്. ഷോട്ട് കട്ട് ചെയ്ത ഉടൻ ലാലിനടുത്തു െചന്ന് ഫാസിൽ പറഞ്ഞു;

‘നമുക്ക് ഒന്നുകൂടി എടുത്താലോ? ഡയലോഗിനിടയിൽ ലാൽ ആവശ്യത്തിൽ കൂടുതൽ ഗ്യാപ്പ് ഇട്ടു എന്നൊരു തോന്നൽ.’

ഉടനെ ലാൽ പറഞ്ഞു

‘എടുക്കാം എടുക്കാം... പാച്ചിക്ക ആക്ഷൻ പറഞ്ഞതേ എനിക്കു ഓർമ്മയുള്ളു. പിന്നെ കട്ട് പറഞ്ഞപ്പോഴാണ് അതിൽ നിന്നു മാറിയത്. ഗ്യാപ്പ് വന്നിട്ടുണ്ടാവാം. എനിക്കറിയില്ല. ഞാൻ അഭിനയിക്കുകയായിരുന്നു.....’

ആ മറുപടി കേട്ട ഉടനെ ഫാസിൽ പറഞ്ഞു;

‘വേണ്ട വേറൊരു ടേക്ക് എടുക്കേണ്ട ഇതുമതി.....’

എഡിറ്റിങ് റൂമിൽ ചെന്ന് മൂവിയോളയിൽ ആ രംഗം കണ്ടപ്പോഴാണ് ഫാസിൽ ഞെട്ടിപ്പോയത്. ഇഴഞ്ഞുപോകുന്നു എന്നു തോന്നിയ ഓരോ നിമിഷത്തിലും അതിഗംഭീരമായി ലാൽ അഭിനയിക്കുകയായിരുന്നു. നടനാകാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട ജന്മമാണ് മോഹൻലാലിന്റേത്.

ലൊക്കേഷനിലെ മോഹൻലാൽ

ഷൂട്ടിങ് സമയത്ത് പലകാരണങ്ങളാലും പലവിധത്തിലുള്ള ടെൻഷൻ സംവിധായകന് ഉണ്ടാകാറുണ്ട്. ലാൽ കൂടെയുണ്ടെങ്കിൽ നമ്മളത് അറിയുകയേയില്ല. നിമിഷനേരം കൊണ്ട് ടെൻഷനൊക്കെ അദ്ദേഹം മാറ്റിയിരിക്കും. നമ്മളെ കൂൾ ആക്കും.

എന്തും നർമ്മത്തിന്റെ കണ്ണിലൂടെ കാണാൻ ലാലിനൊരു പ്രത്യേക മിടുക്കുണ്ട്.

‘ടി.പി. ബാലഗോപാലൻ എം.എ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ മറ്റൊരു സിനിമ ഞാൻ പൂർത്തിയാക്കി വച്ചിട്ടുണ്ടായിരുന്നു. ‘ഗായത്രീദേവി എന്റെ അമ്മ’. പല കാരണങ്ങൾകൊണ്ടും അതിന്റെ റിലീസ് നീണ്ടുനീണ്ടുപോയി.

ഇതറിഞ്ഞ് ലാൽ എന്നോടു ചോദിച്ചു.

‘പെട്ടിയിലിരുന്ന് പ്രായം കൂടിക്കൂടി ഇനി ഗായത്രീദേവി എന്റെ അമ്മൂമ്മ എന്നു വിളിക്കേണ്ടി വരുമോ?’

ഇതുകേൾക്കുമ്പോൾ നമ്മുടെ ടെൻഷനൊക്കെ പമ്പ കടക്കും.

ഈയിടെ ഒരു കല്യാണചടങ്ങിൽ വച്ച് നമ്മുടെ റവന്യുമന്ത്രി കെ. രാജനെ ഞാൻ പരിചയപ്പെടുത്തി.

‘ഇത് രാജൻ അന്തിക്കാട്ടുകാരനാണ്. എനിക്ക് രാജാ.. എന്നു വിളിക്കാൻ സ്വാതന്ത്ര്യമുള്ള മന്ത്രിയാണ്.....’

‘അപ്പൊ.... രാജാവാണ് മന്ത്രി....’ ഉടനെ വന്നു ലാലിന്റെ കമന്റ്. മന്ത്രി രാജൻ പൊട്ടിച്ചിരിച്ചുപോയി.

ആൾക്കൂട്ടത്തിനിടയിലെ കഥ പറച്ചിൽ

കഴിഞ്ഞ വർഷത്തെ വനിത ഫിലിം അവാർഡ് നടക്കുന്ന സമയത്താണ് ഞങ്ങളുടെ പുതിയ സിനിമ ഹൃദയപൂർവ്വത്തിന്റെ കഥയെപ്പറ്റി ലാലിനോടു സൂചിപ്പിക്കുന്നത്. േസ്റ്റജിൽ പാട്ടും ഡാൻസുമൊക്കെ നടക്കുന്നു. ആകെ ബഹളമയം. സദസ്സിന്റെ മുൻനിരയിൽ ലാലും ഞാനും സിദ്ധിക്കും. എന്താണു നമ്മുടെ കഥ എന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ കഥയുടെ ആശയവും കഥാപാത്രത്തിന്റെ സ്വഭാവവും ഞാൻ കാതിൽ പറഞ്ഞു. ഉടനെ എനിക്കു കൈ തന്നു എന്നിട്ട് അപ്പുറത്തിരിക്കുന്ന സിദ്ധിക്കിനോടു പറഞ്ഞു;

‘നിങ്ങളുടെ നല്ല ഉഗ്രൻ റോളാണ് കേട്ടോ?’

സിദ്ധിക്കിന് അത്ഭുതം. ‘ഇതിനിടയിൽ കഥയും പറഞ്ഞോ?’

‘അതല്ലേ... ഞങ്ങളുടെ കെമിസ്ട്രി...’

അല്പനേരം ലാൽ മിണ്ടാതിരുന്നു. േസ്റ്റജിലെ കലാപരിപാടി ആസ്വദിക്കുകയാണ് എന്നാണു ഞാൻ കരുതിയത്. പെട്ടെന്ന് എന്റെ തോളിൽ കൈയിട്ട് അടുപ്പിച്ചു ചോദിച്ചു;

‘നമ്മുടെ ഈ സിനിമയ്ക്ക് ‘ഹൃദയപൂർവ്വം’ എന്നു പേരിട്ടാലോ?

ഒരുനിമിഷം ഞാൻ അമ്പരന്നുപോയി. ഹൃദയം ചേർത്തുള്ള ഒരു പേരാണ് ഞാനും ആലോചിച്ചുകൊണ്ടിരുന്നത്.

അടുപ്പമുള്ളവരുടെ മനസ്സ് വായിക്കാനറിയാം ലാലിന്.

ഞാൻ പറഞ്ഞു;

ഇനി വേറെ ചിന്തിക്കുന്നില്ല; േപര് ‘ഹൃദയപൂർവ്വം’ തന്നെ!

ഈയടുത്ത് ലാലിന്റെ മുമ്പിൽ വച്ച് ഞാനിക്കാര്യം ആരോടോ പറഞ്ഞു; പെട്ടെന്നു വന്നു ലാലിന്റെ കമന്റ്.

ഇല്ലെങ്കിൽ പടം തീരുന്നതുവരെ സത്യേട്ടൻ പേര് ഇടൂല്ലാ.....’

ഇന്ന് ഈ സിനിമയുടെ പോസ്റ്ററിൽ കാണുന്ന ‘ഹൃദയപൂർവ്വം’ എന്ന എഴുത്ത് ലാലിന്റെ കൈയക്ഷരമാണ്.

പുതിയ തലമുറയിലെ സംഗീത് പ്രതാപും മാളവിക മോഹനും ഈ സിനിമയിലുണ്ട്.

‘നിങ്ങളുടെ പിതാക്കന്മാരോടൊപ്പം ഞാൻ വർക്ക് െചയ്തിട്ടുണ്ട്.’ എന്ന് ലാൽ അവരോടു പറഞ്ഞു. ഹിന്ദിയിലും മലയാളത്തിലുമൊക്കെ പ്രശസ്തനായ ക്യാമറാമാൻ കെ. യു. മോഹനന്റെ മകളാണ് മാളവിക. ജയാനൻ വിൻസെന്റിനോടൊപ്പം ഒട്ടേറെ പടങ്ങളിൽ ക്യാമറായൂണിറ്റിൽ ജോലി ചെയ്തിട്ടുള്ള പ്രതാപനാണ് സംഗീതിന്റെ അച്ഛൻ. പക്ഷേ തലമുറകളുടെ അകലം സൗഹൃദങ്ങളിൽ വരാതിരിക്കാൻ മോഹൻലാൽ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. ഒന്നുരണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ മാളവികയും സംഗീതും ലാലിന്റെ ഉറ്റ സുഹൃത്തുക്കളായി. എന്തും തുറന്നുപറയാവുന്ന സൗഹൃദം. സംഗീത് ഇത്രയേറെ പൊട്ടിച്ചിരിച്ച ഷൂട്ടിങ് വേറെയുണ്ടാകുമോ എന്നു സംശയം. സിനിമയിലും അതിന്റെ പ്രതിഫലനം കാണാം. പണ്ട് മോഹൻലാലും ശ്രീനിവാസനും പോലെയുള്ള കൂട്ടുകെട്ടായി മാറി ലാലും സംഗീതം തമ്മിൽ.

ലാലും ശ്രീനിയും പിന്നെ ഞാനും

മുളന്തുരുത്തിക്ക് അടുത്ത് ഷൂട്ടിങ് നടന്ന ഒരു രാത്രി ശ്രീനിവാസൻ ലൊക്കേഷനിൽ വന്നു. അതൊരു വൈകാരികനിമിഷമായിരുന്നു. എന്നേയും ശ്രീനിവാസനെയും രണ്ടു കൈകൾ കൊണ്ട് ലാൽ ചേർത്തു പിടിച്ചു. ഞങ്ങളൊരുമിച്ചു ചെയ്ത സിനിമകൾ ഫ്ലാഷ്ബാക്കിലെന്ന പോലെ മനസ്സിൽ മിന്നിമറിഞ്ഞു. ലാലിന്റെ കണ്ണുകൾ നിറയുന്നത് എനിക്കു കാണാമായിരുന്നു.

കുറച്ചു മുൻപ് ഏതോ ഒരു ചാനൽ അഭിമുഖത്തിൽ സിനിമയിലൂടെ ശ്രീനിവാസൻ താങ്കളെ കുറേ കളിയാക്കുന്നുണ്ടല്ലോ എന്ന് മോഹൻലാലിനോടു ചോദിച്ചു; തികഞ്ഞ ഗൗരവത്തോടെ ലാൽ പറഞ്ഞു;

‘അതുമാത്രമല്ലേ നിങ്ങൾ കണ്ടിട്ടുള്ളു. എത്രയോ സിനിമകളിൽ എത്രയെത്ര മികച്ച കഥാപാത്രങ്ങൾ ശ്രീനിയെനിക്കു തന്നിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് എ്രതയോ നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദത്തിനും സ്നേഹത്തിനും അപ്പുറത്ത് മറ്റൊന്നും ഞങ്ങളെ ബാധിക്കാറില്ല.’

അഭിമുഖകാരന്റെ ചോദ്യമുന ഒടിഞ്ഞു.

വിജയവും പരാജയവും നിസ്സംഗതയോടെ കാണാനുള്ള കഴിവുണ്ട് മോഹൻലാലിന്. ‘തുടരും’ എന്ന സിനിമ റിലീസ് ചെയ്യുമ്പോൾ ഞങ്ങൾ ഹൃദയപൂർവ്വത്തിന്റെ ഷൂട്ടിങ്ങിനായി പുൈണയിലാണ്.

‘ചിന്താവിഷ്ടയായ ശ്യാമള’യിലെ സംഗീതയും മാളവികയും സംഗീത്പ്രതാപുമൊക്കെയുള്ള രസകരമായ ഒരു രംഗം എടുത്തു കൊണ്ടിരിക്കെ നാട്ടിൽ നിന്ന് തുരുതുരാ ഫോണുകൾ വരുന്നു.

‘ലാലേട്ടാ... പടം സൂപ്പർ ഹിറ്റ്....’

ദൈവമേ.... എന്നൊരു മന്ത്രിക്കൽ മാത്രമാണ് മറുപടി. ഉച്ചയാവുമ്പോഴേക്കും വിവരം കിട്ടി ‘തുടരും’ ഒരു സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുകയാണ്. വിഡിയോ കോളിലൂടെ തരുൺമൂർത്തിയും രഞ്ജിത്തും ബി. ഉണ്ണികൃഷ്ണനുമൊക്കെ ആഹ്ലാദാരവങ്ങൾ മുഴക്കി.

ഞാൻ പറഞ്ഞു;

‘ബാക്കി നമുക്ക് നാളെയെടുക്കാം... ലാൽ മുറിയിലേക്ക് പൊയ്ക്കൊള്ളു.’

എന്തിന്? നമുക്ക് ഷൂട്ട് ചെയ്യാം. ഇതൊക്കെ ഈശ്വരന്റെ അനുഗ്രഹം. അത്രയേയുള്ളു....’

എപ്പോഴും പരാജയങ്ങളെക്കാൾ പേടിക്കേണ്ടത് വിജയത്തെയാണ്. അറിയാതെ അടിതെറ്റിപ്പോവും. പക്ഷേ എത്ര വലിയ വിജയത്തിലും നിലത്ത് കാലുറപ്പിച്ച് നിൽക്കാൻ മോഹൻലാലിന് കഴിയുന്നു. ഓഷോയുടെ പുസ്തകങ്ങൾ വായിച്ചും ലോകം മുഴുവൻ യാത്ര ചെയ്തും ഒരുപാട് ആളുകളെ കണ്ടും അനുഭവങ്ങളിൽ നിന്നും ആർജ്ജിച്ച കരുത്താണത്;

വെറുതെയല്ല സിനിമയെ സ്നേഹിക്കുന്നവർ മുഴുവൻ ‘ഹൃദയപൂർവ്വം’ മോഹൻലാലിനെ നെഞ്ചോട് ചേർക്കുന്നത്.

English Summary:

Mohanlal and Sathyan Anthikad's enduring friendship is celebrated in this article, showcasing their long-standing collaboration in Malayalam cinema. Their journey together is marked by mutual respect, shared experiences, and a deep understanding, making Mohanlal an integral part of Anthikad's cinematic world.

ADVERTISEMENT