‘ഇറങ്ങാറായപ്പോൾ ഒരു പൊതി കയ്യിൽ വച്ചുതന്നു, അതിനുള്ളിൽ ഒരു സെറ്റ് കുപ്പിവളകളും മെഹന്ദിയും...’ ആ സമ്മാനത്തിന്റെ രഹസ്യം പറഞ്ഞ് അദിതി രവി A decade in malayalam cinema, aditi ravi about cinema, family, friends and relationship status
നായികയായി തുടങ്ങി, ഇരുത്തം വന്ന കഥാപാത്രങ്ങളിലൂടെ അദിതി രവി മലയാളത്തിന്റെ ഹൃദയത്തിൽ ഇടം നേടിയിട്ടു പത്തു വർഷമാകുന്നു. തൃശൂരിലെ വീട്ടിൽ ഓണം അടിപൊളിയാക്കിയ പിറകേയാണു വനിതയുടെ കവർ ഫോട്ടോഷൂട്ടിന് അദിതിയെത്തിയത്. വനിത റിലേഷൻഷിപ് സ്പെഷലിനു വേണ്ടി അദിതി രവി നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.
നിവിൻ പോളിക്കൊപ്പവും സുരേഷ് ഗോപിക്കൊപ്പവും മികച്ച കഥാപാത്രങ്ങൾ ഒരുങ്ങുന്നതിന്റെ ത്രില്ലിലാണ് അദിതി സംസാരിച്ചു തുടങ്ങിയത്. ‘‘സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സിനിമാനടി ആകണമെന്നായിരുന്നു മോഹം. പത്താം ക്ലാസ്സിലെ ഓട്ടോഗ്രഫിൽ കൂട്ടുകാർ എഴുതി തന്നതും ആ ആഗ്രഹം സഫലമാകട്ടെ എന്നാണ്. മാനിഫെസ്റ്റേഷൻ സത്യമാകുമെന്നു കേട്ടിട്ടില്ലേ. അന്നുകണ്ട സ്വപ്നത്തിലാണു ഞാൻ ഇന്നു ജീവിക്കുന്നത്.’’
പത്തു വർഷം, തിരിഞ്ഞു നോക്കുമ്പോൾ എന്തുതോന്നുന്നു ?
വളരെ പതുക്കെയാണു സിനിമകൾ തേടി വരുന്നതും കരിയർ മുന്നോട്ടു പോകുന്നതും. അഭിനയിച്ച സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഒരു കാര്യത്തിലും റിഗ്രറ്റ്സ് ഇ ല്ല. അതല്ലേ വലിയ കാര്യം.
പതുക്കെയുള്ള യാത്രയായതു കൊണ്ടുതന്നെ ദൂരെനിന്നു പലതും കണ്ടുപഠിക്കാനുള്ള സമയം കിട്ടി. സിനിമ ഹിറ്റാകുന്നതും പ രാജയപ്പെടുന്നതുമൊക്കെ സമയം പോലിരിക്കും. വിജയിക്കുമ്പോൾ ചുറ്റും കുറേ പേരുണ്ടാകും. പക്ഷേ, നാളെ അവർ കണ്ടാൽ മിണ്ടുക പോലുമില്ല. ഇതു മനസ്സിലാക്കി നമ്മൾ ഒരുപോലെ ഇരിക്കുന്നതിലാണു കാര്യം. എന്തു സംഭവിച്ചാലും ക്ഷമ കൈവിടരുത്. പല ഉപദേശങ്ങളും പലരിൽ നിന്നും കിട്ടും. അതു കേട്ടു വ്യക്തിത്വം നഷ്ടപ്പെടുത്തരുത്.
വർഷങ്ങൾ കൊണ്ടു നേടിയെടുത്ത പക്വതയാണോ ഇത് ?
മറ്റുള്ളവർക്കു വേണ്ടി ഓടി നടന്ന്, എനിക്കു വേണ്ടി ജീവിക്കാൻ സമയമില്ലാതിരുന്നയാളാണു ഞാൻ. രണ്ടു മൂന്നു വർഷമേ ആയുള്ളൂ അതൊന്നും ശരിയല്ല എന്ന തിരിച്ചറിവു വന്നിട്ട്. സ്വയം സ്നേഹിക്കുക എന്നതു പ്രധാനമാണ്. അപ്പോഴേ ചെറിയ കാര്യങ്ങളിൽ പോലും ആത്മാർഥമായി സന്തോഷിക്കാനാകൂ. നന്നായി ഭക്ഷണം കഴിക്കുക, ആവശ്യത്തിനു വെള്ളം കുടിക്കുക, സന്തോഷമായിരിക്കുക എന്നതിലൊക്കെ വലിയ അർഥങ്ങളുണ്ട്.
മറ്റുള്ളവർക്കു വേണ്ടി സമയം കണ്ടെത്തുന്ന ശീലം മാറിയതോടെ എനിക്കു വേണ്ടി ഇഷ്ടം പോലെ സമയം കിട്ടുന്നു. സിനിമകൾ കാണുന്നതാണു മുടങ്ങാത്ത ശീലം. ദി ലൈഫ് ലിസ്റ്റ് ആണ് അവസാനം കണ്ടത്. പെൺകുട്ടികൾ ഒരിക്കലെങ്കിലും കാണേണ്ട സിനിമയാണത്. പക്ഷേ, റിപ്പീറ്റ് ചെയ്തു കാണുന്നതു മലയാളം തന്നെ. നയന്റീസ് കിഡ് ആയതു കൊണ്ടാകും ദിലീപേട്ടൻ, ജയറാമേട്ടൻ സിനിമകളാണു ലിസ്റ്റിൽ അധികവും. മൂന്നു വർഷമായി മ റ്റൊരു ശീലം കൂടി ഉണ്ട്, മെഡിറ്റേഷൻ. തിരുവനന്തപുരത്തുള്ള ലീന ടീച്ചറാണു ഗുരു.
റിലേഷൻഷിപ് സ്പെഷൽ വനിതയാണ് ഇത്. ജീവിതത്തിൽ എന്നും ചേർത്തു വയ്ക്കുന്ന ബന്ധങ്ങളെ കുറിച്ചു പറയൂ...
വിദേശത്തു ജോലി ചെയ്തിരുന്ന അച്ഛൻ രവിയും അമ്മ ഗീതയും ചേച്ചി രാഖിയും ചേട്ടൻ രാകേഷും ഞാനുമൊക്കെയായി അടിപൊളി കുട്ടിക്കാലമായിരുന്നു. അച്ഛന്റെ അച്ഛനെയും അമ്മയെയും കണ്ട ഓർമയില്ല. അമ്മയുടെ അച്ഛനും (അച്ചാച്ചൻ) അമ്മയുമാണു (അമ്മാമ്മ) കുട്ടിക്കാല ഓർമകളിൽ നിറയെ. ഏഴു മക്കളാണ് അച്ചച്ഛന്, ഏഴു പേരുടെയും വീട്ടിൽ ഏതു വിശേഷമുണ്ടെങ്കിലും മുടങ്ങാതെ അച്ചച്ഛൻ എത്തും. യാത്ര ചെയ്യാൻ വയ്യാത്ത പ്രായമായപ്പോൾ ഞങ്ങളെല്ലാം കൂടി അച്ചച്ഛനെ കാണാൻ െചല്ലും.
ഇനി ഒരു സീക്രട് പറയാം. പണ്ടു കസിൻസുമായി ഒത്തുകൂടുന്നതു വലിയ ത്രില്ലായിരുന്നു. പക്ഷേ, ഇപ്പോൾ എന്തെങ്കിലും ചടങ്ങു വന്നാൽ ഞാൻ മുങ്ങും. കാണുമ്പോൾ മുന്നിൽ വന്നുനിന്നിട്ട്, എന്നെ മനസ്സിലായോ... എന്നു ചോദിക്കുന്നവരെയാണു പേടി. പരിചയമില്ലെങ്കിലും ‘അറിയാം...’ എന്നു കള്ളം പറയാനുള്ള മടി കൊണ്ടാണു മുങ്ങുന്നത്.
സിനിമയിലെയും റിയൽ ലൈഫിലെയും ചങ്ങാതിമാർ ആ രൊക്കെ ?
പുതുക്കാട് സെന്റ് സേവ്യേഴ്സിൽ നിന്ന് ഏഴാം ക്ലാസ്സു കഴിഞ്ഞ് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റിൽ എട്ടാം ക്ലാസ്സിൽ പഠിക്കാൻ ചെന്നപ്പോൾ കിട്ടിയ കൂട്ടാണു കാവ്യ. ഗേൾസ് സ്കൂളിന്റേതായ എല്ലാ കുസൃതികളും ഞങ്ങൾ ഒപ്പിച്ചിട്ടുണ്ട്. എന്റെ ആഗ്രഹം നന്നായി അറിയാവുന്നതു കൊണ്ടു ‘വലിയ സിനിമാ നടിയാകട്ടെ’ എന്ന് ഓട്ടോഗ്രഫിൽ എഴുതിയതു കാവ്യയാണ്.
പ്ലസ്ടു കഴിഞ്ഞു ഞാൻ ക്രൈസ്റ്റ് കോളജിൽ ഡിഗ്രിക്കു ചേർന്നപ്പോഴേക്കും കാവ്യ എൻജിനീയറിങ്ങിനു പോയി. അവിടെ വച്ച് അഞ്ജലിയെയും വർഷയെയും കിട്ടി. കാവ്യ ദുബായിലും അഞ്ജലിയും വർഷയും ഹൈദരബാദിലും ബെംഗളൂരുവിലുമൊക്കെയായി കുടുംബവുമൊത്തു താമസിക്കുകയാണെങ്കിലും അവസരം കിട്ടുമ്പോഴെല്ലാം ഞങ്ങൾ ഒന്നിക്കും. സിനിമയിൽ അനുശ്രീയും ശിവദയുമായാണ് അടുപ്പം. എന്തെങ്കിലും ഫങ്ഷൻ വന്നാൽ ഒന്നിച്ചു പോകാനുള്ള പ്ലാനിങ്ങൊക്കെ ഞങ്ങൾ നടത്താറുണ്ട്.
ചേട്ടൻ രാകേഷാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. തമ്മിൽ നാലു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എങ്കിലും അച്ഛനെപ്പോലെ കരുതലുണ്ട് ചേട്ടന്. ചേട്ടന്റെ പ്രതിശ്രുതവധു അനുപമയും അടുത്ത സുഹൃത്താണ്.
റിലേഷൻഷിപ് സ്റ്റാറ്റസ് പറയൂ ?
ഇപ്പോൾ ഹാപ്പിലി സിംഗിളാണ്.
ഇൻസ്റ്റഗ്രാമിലെ തഞ്ചാവൂർ ക്ലിക്സ് വൈറലായല്ലോ ?
എപ്പോഴൊക്കെയോ ആ നാട്ടിൽ ജീവിച്ചിരുന്നു എന്നു തോന്നി തഞ്ചാവൂരിൽ ചെന്നപ്പോൾ. അത്രമാത്രം സമാധാനവും സന്തോഷവും. മൂന്നു നാലു ദിവസം അവിടെ തങ്ങി.
അതിനിടെ രസമുള്ള ഒരു സംഭവമുണ്ടായി. അകലെയുള്ള ഒരു ക്ഷേത്രത്തിലേക്കു പോകാനായി ഞങ്ങൾ ബസിൽ കയറി. യാത്രയ്ക്കിടെ കുറേ പെൺകുട്ടികളും കയറി. എല്ലാവരുടെയും കയ്യിൽ നിറയെ കുപ്പിവളകളുണ്ട്. ഇവിടെ എവിടെ കുപ്പിവള കിട്ടുമെന്നൊക്കെ അവരോടു ചോദിക്കുന്നതു പിറകിലെ സീറ്റിലിരുന്ന ചേച്ചി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇറങ്ങാറായപ്പോൾ അവർ ഒരു പൊതി കയ്യിൽ വച്ചു തന്നു, അതിനുള്ളിൽ ഒരു സെറ്റ് കുപ്പിവളകളും ഒരു പാക്കറ്റ് മെഹന്ദിയും. മനസ്സിൽ ആഗ്രഹിക്കുമ്പോൾ ദൈവം അതു കയ്യി ൽ വച്ചു തരുമെന്നു പറയുന്നതു പോലുള്ള മാജിക്കൽ മൊമന്റായിരുന്നു അത്.
ലക്ക് ഫാക്ടറിൽ വിശ്വസിക്കുന്നുണ്ടോ ?
ഭാഗ്യങ്ങളിൽ വിശ്വാസമുണ്ട്, അതിനെയെല്ലാം നിയന്ത്രിക്കുന്ന ശക്തിയിലും. അമ്പലത്തിൽ നിൽക്കുമ്പോൾ ഉള്ളിൽ നിറയുന്ന പോസിറ്റിവിറ്റി വലുതാണ്. ആ എനർജിയിൽ വിശ്വസിക്കുന്നു. പിന്നെ, തൃശൂർക്കാരി ആയതുകൊണ്ടു ഗുരുവായൂരപ്പനില്ലാതെ ഒരു പരിപാടിയുമില്ല. ഗുരുവായൂരിൽ നിന്നു തിരിച്ചു വരുമ്പോഴേക്കും കടലാസ്സു പോലെ മനസ്സു ക്ലീനാകും.
പുതിയ സിനിമകളെ കുറിച്ചു പറയൂ...
അരുൺ വർമ സംവിധാനം ചെയ്ത ബേബി ഗേളിൽ നിവിൻ പോളിയുടെ ഭാര്യ വേഷമാണ്. ഒരു ദിവസത്തിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയ ത്രില്ലിങ് സിനിമയാണത്. സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പനിലാണ് ഇപ്പോൾ അ ഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിൽ ഇന്ദ്രജിത് ചേട്ടന്റെ ജോടിയാണ്.