എ.ആർ. റഹ്മാന്റെ ഇഷ്ടഗായകരിൽ ഒരാളാണു ഉണ്ണിമേനോൻ. റഹ്മാന്റെ. ധാരാളം പാട്ടുകൾ ഉണ്ണി മേനോൻ പാടിയിട്ടുണ്ട്. ഇപ്പോഴിതാ പഴയൊരു പാട്ടിന്റെ പിറവിയെക്കുറിച്ചു വെളിപ്പെടുത്തുകയാണ് ഉണ്ണിമേനോൻ. വനിത മാസികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

‘പുതുവെള്ളൈ മഴൈ.....’ സംഗീതരംഗത്ത് ഉണ്ടാക്കിയ ഓളം ഇപ്പോഴും നിലച്ചിട്ടില്ല? മണിരത്നം സംവിധാനം ചെയ്ത റോജ എന്ന സിനിമയിലെ ഗാനമാണിത്. 1992–ലാണ് ഈ ഗാനം പുറത്തു വരുന്നത്. മുപ്പത്തിമൂന്നു വർഷങ്ങൾക്കു മുൻപ് സംഭവിച്ച അത്ഭുതമാണെങ്കിലും ഇപ്പോഴും പുതിയൊരു പാട്ടു കേൾക്കുന്നതുപോലെയാണ് ശ്രോതാക്കൾ ഈ പാട്ടു കേൾക്കുന്നത്. ഉണ്ണി മേനോനും സുജാതയും ചേർന്നാണ് ആ പാട്ട് പാടിയത്. ഇപ്പോഴിതാ ആ പാട്ട് പാടാനുണ്ടായ സാഹചര്യം വിവരിക്കുകയാണ് ഉണ്ണി മേനോൻ.

ADVERTISEMENT

‘‘ആ പാട്ടിനു പിന്നിൽ രസകരമായ ഒരു സംഭവം ഉണ്ട്. റഹ്മാനെ എനിക്കു വളരെ നേരത്തെ അറിയാം. അർജ്ജുനൻ മാഷിന്റെയും ജോൺസൺ മാഷിന്റെയുമൊപ്പം കീബോർഡ് വായിക്കുന്ന സമയത്തേ ഉള്ള പരിചയമാണ്. പിന്നെ ഓസേപ്പച്ചൻ സംഗീതം നിർവഹിച്ച ഒരു ആൽബത്തിന് പ്രോഗ്രാമിങ് ചെയ്തത് റഹ്മാനായിരുന്നു. ഞാനും സുജാതയുമാണ് അതു പാടിയത്. അന്നേ അധികം ആരോടും വലിയ സംസാരമൊന്നുമില്ല. കൃത്യസമയത്ത് വരും ജോലി ചെയ്യും പോവും അതാണു രീതി. ഒരു ദിവസം റഹ്മാൻ എന്നെ വിളിച്ചു. പുതിയൊരു പ്രോജക്റ്റ് വന്നിട്ടുണ്ട്. കാണണം എന്നു പറഞ്ഞു. ഞാൻ ചെല്ലുമ്പോൾ പ്രമുഖരുടെ ഒരു നിരയുണ്ട് അവിടെ. സംവിധായകൻ മണിരത്നം, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയ പ്രമുഖർ. റഹ്മാൻ എന്നോടു പറഞ്ഞു. പാട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉപേക്ഷിക്കും. സംഗീതം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇവർ എന്നെയും ഉപേക്ഷിക്കും എന്നാണു പറയുന്നത്. അങ്ങനെയാണ് പുതുവെള്ളൈ മഴൈ പാടുന്നത്. ബേസിക് റിഥം മാത്രമേ പാടുന്ന സമയത്ത് ഉണ്ടായിരുന്നുള്ളു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. റഹ്മാന്റെ 26 പാട്ടുകൾ പാടി. എല്ലാം സൂപ്പർ ഹിറ്റ് പാട്ടുകൾ.’’ ഉണ്ണി മേനോൻ പറയുന്നു.

സംഗീതത്തിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ ഹിറ്റാണ് റഹ്മാൻ എന്നും പറയുന്നുണ്ട് ഉണ്ണി മേനോൻ ആ അഭിമുഖത്തിൽ. ‘ലോകം കണ്ട മികച്ച സംഗീതജ്ഞൻ മാത്രമല്ല നല്ലൊരു മനുഷ്യനുമാണ് റഹ്മാൻ. അദ്ദേഹത്തിലെ സംഗീതജ്ഞനെക്കുറിച്ച് എവിടെയെങ്കിലും സംസാരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? സംഗീതത്തെക്കുറിച്ചു പോലും അദ്ദേഹം സംസാരിക്കില്ല. അതാണ് അദ്ദേഹം. നല്ല സംഗീതസംവിധായകൻ മാത്രമല്ല അദ്ദേഹം നല്ല മനുഷ്യനും കൂടിയാണ്. പിന്നെ പാട്ടുകാരോട് അദ്ദേഹത്തിന് നല്ല ബഹുമാനമാണ്. മാത്രമല്ല അർഹമായ പ്രതിഫലം വാങ്ങിത്തരും. അത് അദ്ദേഹത്തിന് നിർബന്ധമുള്ള കാര്യമാണ്. എത്രയോ ഗായകർ അദ്ദേഹത്തിന്റെ പാട്ടിലൂടെ ഉയർത്തപ്പെട്ടിരിക്കുന്നു.’’

ADVERTISEMENT

ഉണ്ണി മേനോന്റെ വാക്കുകൾ.

സിനിമയിൽ പാടിപ്പിച്ചതു മാത്രമല്ല തന്നെക്കൊണ്ട് സൂഫി സംഗീതം പാടിപ്പിക്കുകയും അത് തന്റെ സ്വകാര്യശേഖരത്തിൽ സൂക്ഷിക്കുകയും ചെയ്യുന്ന റഹ്മാനെക്കുറിച്ചും ഉണ്ണി മേനോൻ സംസാരിക്കുന്നുണ്ട് ആ അഭിമുഖത്തിൽ. ‘‘അദ്ദേഹം എന്നെക്കൊണ്ട് സൂഫി സംഗീതം പാടിച്ചിട്ടുണ്ട്. പിന്നീട് ഞാനതിന്റെ കാസറ്റ് ചോദിച്ചപ്പോൾ പറഞ്ഞു. അത് തരാൻ പറ്റില്ല. എനിക്കു മാത്രം കേൾക്കാൻ ഉള്ളതാണെന്ന്. അദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തിൽ അത് ഉണ്ടാവും എന്നു തന്നെയാണ് എന്റെ വിശ്വാസം.’’ തെല്ല് അഭിമാനത്തോടെ ഉണ്ണി മേനോൻ പറഞ്ഞുനിർത്തുന്നു.

ADVERTISEMENT
ADVERTISEMENT