ഏതു പ്രശ്നത്തിൽ ചെന്നു ചാടിയാലും നൈസായി ഊരിയെടുക്കുന്ന ഒരു ചങ്ക് സുഹൃത്തു മിക്കവർക്കും കാണും. അങ്ങനെ ഇല്ലാത്തവർ പോലും പ്രേമലുവിനു ശേഷം ജീവിതത്തിലെ അമൽ ഡേവിസിനെ തപ്പിയിട്ടുണ്ടാകും. അമൽ ഡേവിസിനെ പോലെ സ്ട്രോങ്ങായി കൂടെ നിൽക്കുന്ന ന്യൂജെൻ നൻപന്മാരെ തേടുന്നവർക്കു മുന്നിലേക്ക് ഇതാ റിയൽ അമൽ ഡേവിസ് സംഗീത് പ്രതാപിന്റെ വനിതയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂർണരൂപം.

ഹൃദയപൂർവം തിയറ്ററുകൾ നിറഞ്ഞോടുമ്പോഴാണു ജെറിയായി ലാലേട്ടനൊപ്പം തിളങ്ങിയ സംഗീത് പ്രതാപിനെ കണ്ടത്. സൗഹൃദങ്ങളുടെ കെമിസ്ട്രി സിനിമയിൽ വർക്കാകുന്നതിന്റെ രഹസ്യം തന്നെയാണ് ആദ്യം ചോദിച്ചത്. ജീവിതത്തിലും ഞാനൊരു അമൽ ഡേവിസാണ് എന്നായിരുന്നു സംഗീതിന്റെ മറുപടി. ‘‘പ്രേമലു പോലെ അഡ്വഞ്ചറായിട്ടുള്ള കാര്യങ്ങളൊന്നും പറയാനില്ലെങ്കിലും കൂട്ടുകാരുടെ ചെറിയ സന്തോഷങ്ങളിൽ വരെ ഭാഗമാകാൻ റെഡി. എന്റെ ജീവിതത്തിലും കുറച്ചധികം അമൽ ഡേവിസ്മാരുണ്ട്.’’ ന്യൂ ജനറേഷൻ നൻപൻ റോളുകൾക്കു ശേഷം നായകനാകാനൊരുങ്ങുകയാണു സംഗീത് പ്രതാപ്.

ADVERTISEMENT

സിനിമ സ്വപ്നം കണ്ടത് എന്നു മുതലാണ് ?

കൊച്ചി, വൈപ്പിനിലാണു ജനിച്ചതും വളർന്നതും. അച്ഛൻ പ്രതാപ് സിനിമട്ടോഗ്രാഫർ ജയനൻ വിൻസന്റിന്റെ അസിസ്റ്റന്റായിരുന്നു. തൂവാനത്തുമ്പികൾ, രാജാവിന്റെ മകൻ, ഇൻ ഹരിഹർ നഗർ പോലുള്ള സിനിമകളുടെ ഭാഗമായിരുന്നു അച്ഛൻ. ഗവൺമെന്റ് സ്കൂൾ ടീച്ചറായിരുന്ന അമ്മ ആനിയോടും സ്കൂൾ കുട്ടിയായിരുന്ന എന്നോടുമൊക്കെ ഷോട്ടുകളെ കുറിച്ചും ക്യാമറ ലെന്‍സിങ്ങിനെ കുറിച്ചുമൊക്കെ അച്ഛൻ സംസാരിക്കും.

സംഗീത് പ്രതാപ്, അച്ഛൻ പ്രതാപ്, അമ്മ ആനി
ADVERTISEMENT

സിനിമയിലേക്കില്ല എന്നു തീരുമാനിച്ചാണു ‍ഞാൻ പഠനത്തിൽ ശ്രദ്ധിച്ചത്. അതുകൊണ്ടുതന്നെ സിനിമകൾ കാണുന്നതും കുറവായിരുന്നു. പക്ഷേ, സിനിമ മാജിക് പോലെ ചേർത്തുനിർത്തി. അച്ഛന്റെ ഷോർട് ഫിലിമിൽ അസിസ്റ്റന്റായാണു തുടക്കം, അന്നു പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. പിന്നെ സിനിമാ സംവിധായകനാകണം എന്ന മോഹം മനസ്സിൽ കയറിക്കൂടി.

അഭിനയമോഹം അന്നൊന്നും ഇല്ലേ ?

ADVERTISEMENT

സ്കൂൾ കലോൽസവത്തിൽ മിമിക്രിയും മോണോആക്ടും നാടോടി നൃത്തവും ബ്രേക് ഡാൻസുമായിരുന്നു ഐറ്റംസ്. പ്ലസ് വ ണ്ണിൽ വച്ചു ജില്ലാ തലത്തിൽ മിമിക്രിക്ക് ഒ ന്നാം സമ്മാനം കിട്ടി. അന്നു പത്രത്തിൽ ഫോ ട്ടോ വന്നതു വീട്ടിൽ വലിയ ആഘോഷമായിരുന്നു. പക്ഷേ, അപ്പോഴും അഭിനയിക്കാനുള്ള മോഹം ഇല്ല.

ഇൻഡസ്ട്രിയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനാകാനുള്ള മോഹം മനസ്സിൽ വച്ചാണു ബിഎസ്‌സി മൾട്ടിമീഡിയ കോഴ്സ് പഠിച്ചത്. ആ സമയത്തു ഫോർട് ഫിലിം പ്രോജക്ടിലേക്ക് ആളെക്കിട്ടാതെ ഞാൻ തന്നെ അഭിനയിച്ചിരുന്നു. മികച്ച ന ടനുള്ള അവാർഡൊക്കെ കിട്ടിയെങ്കിലും കുറച്ചു നാൾ കഴിഞ്ഞ് ആ സിനിമ വീണ്ടും കണ്ടപ്പോൾ അയ്യേ... എന്തൊരു ബോറ് എ ന്നു തോന്നി. ഇനി ഒരിക്കലും അഭിനയിക്കുകയില്ല എന്നും തീരുമാനിച്ചു.

സംവിധാന മോഹം കൊണ്ടാണോ എഡിറ്ററായത് ?

കോഴ്സിന്റെ ഭാഗമായി എഡിറ്റിങ് പഠിച്ചിരുന്നു. ഒരു സിനിമയുടെ ഫുൾ വിഡിയോയിൽ നിന്ന് എ ഡിറ്റ് ചെയ്തു ട്രെയ്‌ലർ ഉണ്ടാക്കുന്ന അസൈൻമെന്റ് ചെയ്തു കഴിഞ്ഞതോടെ, സംഗതി കൊള്ളാമല്ലോ എന്ന ചിന്ത വന്നു. ആ ത്രില്ലിൽ എഡിറ്റിങ്ങിലേക്കു തിരിഞ്ഞു.

കല്യാണ വിഡിയോ എഡിറ്റിങ്ങിലൂടെയാണു കൈ തെളിച്ചത്. അച്ഛന്റെ സുഹൃത്തായ സംവിധായകൻ അനൂപ് കണ്ണനാണ് എഡിറ്ററായ ഷെമീർ മുഹമ്മദ് ഇക്കയോട് എന്റെ കാര്യം പറഞ്ഞത്. അങ്ങനെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമ മുതൽ ഷെമീറിക്കയുട അസോസിയേറ്റ് എഡിറ്ററായി. രണ്ടു വർഷം അദ്ദേഹത്തിനൊപ്പം ജോലി ചെയ്തു. ആ വഴിക്കു സംവിധാനത്തിലേക്കു കടക്കാമെന്നായിരുന്നു അപ്പോഴും ഉള്ളിലെ മോഹം.

അപ്രതീക്ഷിതമായാണോ അഭിനയിക്കാൻ അവസരം വന്നത് ?

ആ ചാൻസ് കിട്ടിയതു സംവിധായകന്‍ ഗിരീഷ് എ.ഡി. വഴിയാണ്. തണ്ണീർമത്തൻ ദിനങ്ങളിൽ ഞാൻ സ്പോട് എഡിറ്ററായിരുന്നു. സെറ്റിൽ മിമിക്രിയും തമാശയുമായി നടക്കുന്നതു കണ്ടിട്ടാകും അഭിനയിപ്പിക്കാമെന്നു തോന്നിയത്. വിനീത് ചാക്യാർ എഴുതി, ഗിരീഷേട്ടൻ സംവിധാനം ചെയ്ത വശീകരണം എന്ന ഷോർട് ഫിലിമിൽ നായകനായി.

ഹെലൻ സിനിമയുടെ സ്പോട് എഡിറ്ററായിരുന്ന സമയത്തു ലൊക്കേഷൻ വിഡിയോ കണ്ടിട്ടാണു ഹൃദയത്തിലേക്കു വിളി വന്നത്. അഭിനയിക്കാൻ ആഗ്രഹം ഒട്ടും ഇല്ലാതിരുന്നിട്ടും വിനീത് ശ്രീനിവാസൻ എന്ന പേരിന്റെ ബലത്തിലാണ് യെസ് പറഞ്ഞത്. ശരീരം കൊണ്ടു ചെറുതാണെങ്കിലും സ്വഭാവം കൊണ്ടു ടോക്സിക് ആയ ആ കഥാപാത്രം ജീവിതം മാറ്റി. സൂപ്പർ ശരണ്യ, പത്രോസിന്റെ പടപ്പുകൾ, ലിറ്റിൽ മിസ് റാവുത്തർ എന്നിവയാണ് പിന്നെ ചെയ്തത്.

സംഗീത് പ്രതാപും ഭാര്യ ആൻസിയും

അമൽ ഡേവിസായതും മനസ്സില്ലാ മനസ്സോടെ ആണോ ?

സൂപ്പർ ശരണ്യയിൽ ഗിരീഷേട്ടൻ വഴിയാണ് എത്തിയതെങ്കിലും അഭിനയിച്ചപ്പോൾ നല്ല രസം തോന്നിയത് ആ ലൊക്കേഷനിൽ വച്ചാണ്. അതിലെ കഥാപാത്രവും എഡിറ്റിങ് പഠിക്കാനായി കൊച്ചിയിലെത്തിയ യൂത്തനാണ്. മമിതയോടും അന്നു വലിയ കമ്പനിയായി. പിന്നാലെയാണു പ്രേമലു. ആദ്യ മുഴുനീള കഥാപാത്രത്തിന്റെ ടെൻഷനുണ്ടായിരുന്നു. ഏറ്റവും ടെൻഷനടിച്ചത് കാർ ചേസിങ് സീനിലാണ്. ഡ്രൈവിങ്ങിന്റെ ആദ്യപാഠങ്ങൾ മാത്രമേ അറിയൂ. പക്ഷേ, എല്ലാം നന്നായി തന്നെ വന്നു.

ഫ്രണ്ട്ഷിപ്പിന്റെ കെമിസ്ട്രി അതിലെ കോംബിനേഷൻ സീനുകളിലെല്ലാം വർക്കായി. പാട്ടു സീനിലും സംഭാഷണത്തിലുമൊക്കെ ഞാനും നസ്‌ലെനും പഴയ മിമിക്രി നമ്പരുകളൊക്കെ ഇറക്കിയിട്ടുണ്ട്. സിനിമയുടെ പ്രമോഷനു ദുബായിലേക്കു പോയപ്പോൾ വിമാനത്തിലിരുന്നു പ്രേമലു ഒന്നുകൂടി കണ്ടു. അപ്പോൾ അമൽ ഡേവിസിനെ എനിക്കും ഇഷ്ടമായി. അഭിനയിച്ചതു വീണ്ടും കാണുമ്പോഴുള്ള ബുദ്ധിമുട്ടു മാറിയതോടെ ഇനി കുറച്ചുകാലം അഭിനയം മതിയെന്ന ചിന്ത വന്നിട്ടുണ്ട്.

പ്രേമലു തെലുങ്കിനു ശേഷം സംവിധായകൻ രാജമൗലിയോടു സംസാരിക്കാനായതൊക്കെ വലിയ സന്തോഷമാണ്. അമൽ ഡേവിസിനെ ഇഷ്ടമായെന്നു പറഞ്ഞു വിളിച്ചവരുടെ കൂട്ടത്തിൽ മലയാളത്തിലെ സീനിയേഴ്സുമുണ്ട്, സംവിധായകന്മാരായ ഫാസിൽ സാർ, സത്യൻ അന്തിക്കാട് സാർ, നടന്മാരായ ദിലീപേട്ടൻ, ജയസൂര്യ ചേട്ടൻ... പ്രേമലു ടുവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.

മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡും കിട്ടി ?

തിരക്കഥാകൃത്തും നടനുമായ ഡിനോയ് പൗലോസ് അയ ൽക്കാരനും സുഹൃത്തുമാണ്. അവന്റെ ഉറപ്പിലാണ് പത്രോസിന്റെ പടപ്പുകൾ എന്ന സിനിമയിൽ സ്വതന്ത്ര എഡിറ്ററായത്. പിന്നെ ലിറ്റിൽ മിസ് റാവുത്തർ കുറച്ചു പരീക്ഷണം പോലെയൊക്കെ എഡിറ്റ് ചെയ്ത സിനിമയാണ്. ആ സിനിമ ഷൂട്ട് ചെയ്തു പൂർത്തിയാക്കാനും റിലീസ് ചെയ്യാനുമൊക്കെ സംവിധായകൻ വിഷ്ണുവും തിരക്കഥാകൃത്ത് ഷേർഷയും ഞാനുമൊക്കെ കുറേ കഷ്ടപ്പെട്ടതാണ്. അതിനെല്ലാം ഫലം കിട്ടിയത് അവാർഡോടെയാണ്.

ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ആ അവാർഡ് കിട്ടിയത് എന്നും പറയാം. ബ്രൊമാൻസിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിനു ശേഷം ആശുപത്രിയിൽ നിന്നെത്തി വീട്ടിൽ ബെഡ് റെസ്റ്റ് ആയിരുന്ന സമയത്താണ് അവാർഡ് പ്രഖ്യാപിക്കുന്നത്. കഷ്ടിച്ച് എഴുന്നേറ്റിരിക്കാൻ മാത്രമാകുന്ന അവസ്ഥയിലാണെന്നു പോലും മറന്നുപോയാണ് അവാർഡു വിവരം അമ്മയോടും അച്ഛനോടും പറയാൻ ഓടി സ്റ്റെപ്പിറങ്ങിയത്.

തലേന്നു വരെ വേദനയോടെ ഓർത്ത സിനിമയ്ക്ക് അ വാർഡ് കിട്ടിയതിലുള്ള സന്തോഷം ചെറുതല്ലായിരുന്നു. ആ ഊർജത്തിലാകും വേഗം പരുക്കൊക്കെ ഭേദമായത് എ ന്ന് ഇടയ്ക്കു തമാശയായി പറയാറുണ്ട്. ഫോര്‍ ഇയേഴ്സിലും ജയ് ഗണേശിലും എഡിറ്ററായിരുന്നു.

ഹൃദയത്തിൽ പ്രണവിനെ ഇടിച്ചുകൂട്ടിയ സീനിയറിനെ തുടരുമിൽ ലാലേട്ടൻ കണ്ടപ്പോൾ ?

ലൊക്കേഷനിൽ വച്ച് ആദ്യമായി കാണുമ്പോൾ ലാലേട്ടൻ പ്രേമലു കണ്ടിട്ടില്ല. സംവിധായകൻ പ്രേമലുവിന്റെ പേരു പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ ഞാൻ തിരുത്തി, ‘‘ഹൃദയത്തിൽ പ്രണവിനെ ഇടിച്ചു കൂട്ടിയ സീനിയറാണ്.’’ അ ദ്ദേഹം ചിരിയോടെ കൈ തന്നു. മൂന്നു ദിവസം മാത്രമായിരുന്നു എന്റെ ഷെഡ്യൂൾ. അതിനിടെ ലാലേട്ടനോട് അധികമൊന്നും സംസാരിച്ചു പോലുമില്ല.

ബ്രൊമാൻസിന്റെ ലൊക്കേഷനിൽ നിൽക്കുമ്പോഴാണ് അടുത്ത കോൾ, ഹൃദയപൂർവത്തിൽ ലാലേട്ടനൊപ്പം മുഴുനീള വേഷം. ഷൂട്ടിങ് ദിവസങ്ങളിൽ മുഴുവൻ ലാലേട്ടന്റെ കൂടെയായിരുന്നു. ഒരിക്കൽ കാറിൽ വച്ചുള്ള സീൻ എടുക്കുന്നു. ഷൂട്ടിങ്ങിനിടെ വിശക്കുന്നു എന്നു ‍ഞാൻ ഇടയ്ക്കിടെ പറയുന്നുണ്ട്. അതുകേട്ടു ലാലേട്ടനും പറഞ്ഞു, ശരിയാ... വിശക്കുന്നുണ്ട്. ഒരു മണിക്കൂറു കൂടി കഴിഞ്ഞാണു ഷൂട്ടിങ് തീർന്നത്. ഡ്രസ് മാറ്റി വീട്ടിലേക്കു പോകാനിറങ്ങിയപ്പോൾ വിളി വന്നു. കാരവാനിൽ ചെന്നപ്പോൾ നല്ല ചൂടൻ കല്ലപ്പവും മീൻകറിയും റെഡി. ലാലേട്ടൻ തന്നെ വിളമ്പിത്തന്നു. ആ നിമിഷങ്ങളൊക്കെ നിധി പോലെയാണ്.

ഭാര്യയെ കുറിച്ചെഴുതിയ പോസ്റ്റ് വൈറലായല്ലോ?

അപകടത്തെ തുടർന്നു കിടപ്പിലായ എന്നെ ജോലി പോലും വേണ്ടെന്നു വച്ചു കുഞ്ഞിനെപ്പോലെ ആൻസി പരിചരിച്ചതിലുള്ള സ്നേഹം കൊണ്ടാണു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. അതു ചിലർ നെഗറ്റീവായും എടുത്തു. സോഷ്യൽ മീഡിയ പേജുകളിൽ ട്രോളുകൾ നിറഞ്ഞതൊന്നും ആൻസിക്ക് ഇഷ്ടമായില്ലെങ്കിലും ഞാൻ എല്ലാം വായിച്ചു ചിരിച്ചു.

ഒന്നര വർഷം മുൻപായിരുന്നു ജർമൻ ട്യൂട്ടറായ ആൻസിയുമായുള്ള വിവാഹം. മൂന്നു വർഷത്തെ പ്രണയമായിരുന്നു. എന്റെ എല്ലാ സ്വപ്നങ്ങൾക്കും പിന്തുണ അവളാണ്. ആ കൂട്ട് ഒരു ബലമാണ്, അമൽ ഡേവിസിനെ പോലെ.

പിന്തുണ നൽകിയവരിൽ അച്ഛന്റെയും അമ്മയുടെയും പേരു പറയാതിരിക്കാനാകില്ല. പഠിക്കു പഠിക്ക് എന്നു പറഞ്ഞ് അവർ ഒരിക്കലും ബുദ്ധിമുട്ടിച്ചില്ല. മിമിക്രിക്കും നാടോടിനൃത്തത്തിനുമൊക്കെ നിർബന്ധിച്ചു ചേർത്തിരുന്നത് അമ്മയാണ്. മേക്കപ് ഇട്ടുതരാനും മുടി കെട്ടാനുമൊക്കെ വലിയ ഉത്സാഹമായിരുന്നു അമ്മയ്ക്ക്. സിനിമാപാരമ്പര്യം മകനിലൂടെ തുടരുന്നു എന്ന രീതിയിലാണ് അച്ഛന്റെ സന്തോഷം. അവരൊക്കെ സംതൃപ്തിയോടെ എന്റെ സിനിമകൾ കാണുന്നതിനേക്കാൾ വലിയ കാര്യമില്ലല്ലോ.

നായകനായും ചിത്രങ്ങൾ അനൗൺസ് ചെയ്തല്ലോ ?

പത്രോസിന്റെ പടപ്പുകളിലൂടെ എന്നെ സ്വതന്ത്ര എഡിറ്ററാക്കിയ ഡിനോയ് പൗലോസ് തന്നെയാണു നായകനാകാനും എനിക്കു ഗ്യാരന്റി. ഡിനോ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ ഞാനും മമിതയുമാണു നായികാനായകന്മാർ. മെഡിക്കൽ മിറക്കിൾ എന്ന മറ്റൊരു ചിത്രവും നായകനായി അനൗൺസ് ചെയ്തിട്ടുണ്ട്.

ബേബി ഗേളും റിലീസാകാനുണ്ട്. അതിൽ ഒരു ഷോട്ടി ൽ പോലും കോമഡി ഇല്ലാത്ത സീരിയസ് റോളാണ്. ടിക്കിടാക്കയിലും മോളിവുഡ് ടൈംസിലും അഭിനയിച്ചിട്ടുണ്ട്.

സംവിധാനം– സംഗീത് പ്രതാപ് എന്നു കാണുന്നതെന്നാണ് ?

സംവിധാന മോഹത്തിൽ നിന്നാണ് എല്ലാം തുടങ്ങിയത്. ആ മോഹം അങ്ങനെ വിട്ടുകളയാനാകില്ല. ഉറപ്പായും സിനിമ സംവിധാനം ചെയ്യും.

English Summary:

Sangeeth Prathap, known for his role as Jery in Mohanlals Hridayapoorvam and Amal Davis in 'Premalu', shares his journey in the Malayalam film industry. He discusses his experiences as an actor, editor, hero and his future aspirations as a director.

ADVERTISEMENT