കല്യാണി പ്രിയദർശൻ ലോകഃ സിനിമയിൽ എത്തിയതെങ്ങനെ? ശാന്തി ബാലചന്ദ്രൻ പറയുന്നു.
ചന്ദ്രയായി അഭിനയിക്കാൻ ലോകഃ ടീമിനു മുന്നിൽ ഒരുപാടു പേരുകൾ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു കല്യാണി. എങ്ങനെയാണ് കല്യാണി് ലോകഃയിൽ എത്തിയതെന്ന കഥ പറയുകയാണ് സിനിമയുടെ സഹതിരക്കഥാകൃത്തായിരുന്ന ശാന്തിബാലചന്ദ്രൻ. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് ശാന്തിയുടെ തുറന്നു പറച്ചിൽ.
‘ലോകയുടെ കാസ്റ്റിങ്ങ് സമയത്ത് ടീമിന്റെ മുന്നിൽ കുറച്ചു പേരുകൾ ഉണ്ടായിരുന്നു. അതിൽ ദുൽഖറിനും സംവിധായകൻ ഡൊമിനിക്കിനും ബാക്കി ടീം അംഗങ്ങൾക്കും ഏറ്റവും യോജിച്ച ആളായി തോന്നിയത് കല്യാണിയെയായിരുന്നു. ഡൊമിനിക് മുൻപ് കല്യാണി ജോജുവിനോടൊപ്പം അഭിനയിച്ച‘ആന്റണി; എന്ന സിനിമ കണ്ടിരുന്നു. അതിൽ കല്യാണി മനോഹരമായി ആക്ഷൻ രംഗങ്ങൾ ചെയ്തിട്ടുണ്ട്. മലയാളസിനിമയിൽ ഒരു പെൺകുട്ടിയും ചെയ്യാത്ത രീതിയിലുള്ള ആക്ഷൻ സീക്വൻസ് ആണ് ആ സിനിമയിൽ ഉണ്ടായിരുന്നത്. പിന്നെ എനിക്കു വ്യക്തിപരമായി കണക്റ്റ് ആയത് ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്’ എന്ന സിനിമയിൽ ലിസി മാഡം വെള്ളസാരി ഉടുത്ത് മരിച്ചു കിടക്കുന്ന സീൻ ആണ്. അതൊരു വല്ലാത്ത സീൻ ആയിരുന്നു. ആ സിനിമ കണ്ടവരാരും ആ സീൻ മറക്കാൻ സാധ്യതയില്ല. പിന്നെ യക്ഷി എന്നു പറയുമ്പോൾ മൃദുലവും അതേ സമയം ശക്തവുമായ രണ്ടുഭാവങ്ങൾ (Delicate and Powerful)ഉണ്ടാവണം. അതു കല്യാണിക്കു ഉണ്ട്. അവർ ആ റോൾ ഭംഗിയായി നിറവേറ്റി’ ശാന്തി പറയുന്നു.
തിയേറ്ററുകളിൽ ലോകഃയുടെ േതരോട്ടം ഇപ്പോഴും തുടരുകയാണ്.ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്കു വരാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയിലാണ് സിനിമയെ സംബന്ധിച്ച രസകരമായ അനുഭവങ്ങൾ ശാന്തി വനിതാ അഭിമുഖത്തിലൂടെ പറയുന്നത്.
സെറ്റിലെ കല്യാണി?
വളരെ എക്സ്പ്രസീവായ വ്യക്തിയാണു കല്യാണി. പക്ഷേ ഈ സിനിമയിൽ വളരെ നിയന്ത്രിച്ചാണ് കല്യാണി അഭിനയിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിനു വേണ്ടി ഏകദേശം ഒൻപതു മാസത്തെ തയ്യാറെടുപ്പാണു കല്യാണി നടത്തിയത്. രാത്രിയായിരുന്നു ഷൂട്ടിങ് കൂടുതലും. കല്യാണി ആത്മാർഥമായി ജോലി ചെയ്തു.
ലോകഃയിൽ നസ്ലിനെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണ്?
അതേ. നസ്ലിൻ വളരെ സ്വാഭാവികമായും ബുദ്ധിപരമായും അഭിനയിക്കുന്ന ഒരു നടനാണ്. നസ്ലിൻ വളരെ ഈസിയായിട്ടാണ് അഭിനയിക്കുന്നത്. അങ്ങനെ അഭിനയിക്കാൻ അപാരമായ കഴിവ് വേണം. കഥാപാത്രത്തെ നന്നായി മനസ്സിലാക്കണം.അതുപോലെ ചന്തു, അരുൺ കുര്യൻ സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരും വളരെ നന്നായി അഭിനയിച്ചു. ശാന്തി പറയുന്നു.