‘സന്ധ്യേ നീയിന്നാർക്കു സ്വന്തം...’ നാടകക്യാംപിൽ മൊട്ടിട്ട പ്രണയം ജീവിതമായ കഥ പറഞ്ഞു ജയ കുറുപ്പ് From Theatre to Screen: Jayakurup's Bold Transition
ആദ്യബെൽ മുഴങ്ങിയതും ആന ഇടഞ്ഞു. പാപ്പാനെ കുത്തിയെറിഞ്ഞതു കണ്ട് എല്ലാവരും ചിതറിയോടി. സർജറി കഴിഞ്ഞ എന്നെ വലിച്ചുകൊണ്ട് ചേട്ടായിയുമോടി.
ആദ്യബെൽ മുഴങ്ങിയതും ആന ഇടഞ്ഞു. പാപ്പാനെ കുത്തിയെറിഞ്ഞതു കണ്ട് എല്ലാവരും ചിതറിയോടി. സർജറി കഴിഞ്ഞ എന്നെ വലിച്ചുകൊണ്ട് ചേട്ടായിയുമോടി.
ആദ്യബെൽ മുഴങ്ങിയതും ആന ഇടഞ്ഞു. പാപ്പാനെ കുത്തിയെറിഞ്ഞതു കണ്ട് എല്ലാവരും ചിതറിയോടി. സർജറി കഴിഞ്ഞ എന്നെ വലിച്ചുകൊണ്ട് ചേട്ടായിയുമോടി.
രണ്ടു പതിറ്റാണ്ടിലേറെ നായികയായി അരങ്ങുവാണ പെൺകുട്ടിക്കു പെട്ടെന്നൊരു ദിവസം ഫഹദ് ഫാസിലിന്റെ അമ്മയാകാൻ സിനിമയിലേക്കു ക്ഷണം വന്നാലോ? പ്രായവും പരിചയവും വച്ചു ചേച്ചി വരെയൊക്കെ നോക്കാം എന്നു തീരുമാനിച്ചിരുന്നെങ്കിൽ ജയ കുറുപ്പിനെ നമ്മൾ സ്ക്രീനിൽ കാണാതെ പോയേനെ.
ചെറുവേഷങ്ങളിൽ തുടങ്ങി സിനിമയിലെ ഇരുത്തം വന്ന അമ്മവേഷങ്ങളിൽ തിളങ്ങിയ ജയ കുറുപ്പ് പൊന്മാനും ഹൃദയപൂർവവും സർവം മായയും കടന്നു ഡീയസ് ഈറെയിലെത്തിയപ്പോൾ ശരിക്കും ഞെട്ടിച്ചു, നായകനെ അടിച്ചു നിലംപരിശാക്കുന്ന വില്ലത്തി.
കട്ടപ്പനയിലെ വീട്ടിലിരുന്നു സിനിമാക്കഥ പറയുമ്പോൾ ജയ പറഞ്ഞതും അതുതന്നെയാണ്, ‘‘അഭിനയത്തിന്റെ വഴി അവിചാരിതമായി എത്തിയതാണ്. ആ ഒഴുക്കിന്റെ തുടർച്ചയാണു സിനിമയും. ’’
അഭിനയത്തിലേക്ക് എത്തിയതെങ്ങനെ ?
അച്ഛൻ കുമാരനു കൊച്ചിൻ ഷിപ്‌യാർഡിലായിരുന്നു ജോലി. പിറവമാണു നാടെങ്കിലും അമ്മ ശാന്തയും ഞാനും ചേച്ചി ലതികയും ക്വാർട്ടേഴ്സിലായിരുന്നു താമസം. തൃപ്പൂണിത്തുറ സംസ്കൃത കോളജിൽ ഞാൻ ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ അച്ഛൻ വിആർഎസ് എടുത്തു. എന്നെ അമ്മയുടെ ബന്ധുവായ ഉമാദേവി ചിറ്റയ്ക്കൊപ്പമാക്കി അവർ കുറവിലങ്ങാട്ടേക്കു പോയി. ആ വീടിന്റെയടുത്ത് ഒരു ബാലെ ട്രൂപ്പുണ്ടായിരുന്നു, ശ്രീചക്ര നൃത്തവിഹാർ.
നൃത്തശിൽപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സൂര്യഭഗവാനാകാനും സരസ്വതീദേവിയാകാനുമൊക്കെ എന്നെ വിളിക്കും.
പത്താം ക്ലാസ്സിൽ വച്ചു ‘ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി’ എന്ന പാഠഭാഗം നാടകീയ നൃത്തശിൽപമാക്കിയപ്പോൾ ഹുമയൂൺ ചക്രവർത്തിയുടെ പത്നിയുടെ വേഷം അഭിനയിച്ചതു മാത്രമാണു പരിചയം.
രണ്ടാംവർഷ ഇംഗ്ലിഷ് പരീക്ഷയുടെ തലേദിവസം. ഇരിങ്ങാലക്കുടയിലെ പ്രോഗ്രാം കഴിഞ്ഞ് എത്തിയപ്പോഴേക്കും ബെല്ലടിച്ചിരുന്നു. വെപ്രാളപ്പെട്ടെഴുതിയ പരീക്ഷ തോറ്റതോടെ പഠിത്തം വിട്ടു. ‘ഉണ്ണിയാർച്ച’ എന്ന ബാലെയിലെ പ്രധാനനടിക്ക് അസുഖമായതിനാൽ പകരം അഭിനയിക്കാൻ വിളി വന്നു. ഒരേയൊരു ദിവസത്തേക്ക് എന്ന നിബന്ധനയിലാണ് അച്ഛനും അമ്മയും സമ്മതിച്ചത്. പക്ഷേ, പത്തു സ്റ്റേജുകളിൽ കുഞ്ഞുണ്ണൂലിയായി തകർത്തഭിനയിച്ചു. പിന്നെ കോട്ടയം അക്ഷയ നാടകസംഘത്തിലെ നായികയായി.
പങ്കാളിയെ കിട്ടിയതും അരങ്ങിൽ നിന്നാണ് ?
കടുത്തുരുത്തി പ്രതിഭയിൽ നിന്നു സൃഷ്ടിയിലെത്തിയ കാലം. നാടകക്യാംപിനു മുൻപു പോസ്റ്ററുകൾക്കു വേണ്ടി ഫോട്ടോ എടുക്കാൻ ഒത്തുകൂടിയപ്പോഴാണു നാരായണകുറുപ്പ് എന്ന ഇടുക്കിക്കാരൻ നായകനെ പരിചയപ്പെട്ടത്. സീസൺ കഴിയാറായപ്പോഴാണ് ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞത്. വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ ഇറങ്ങിവരുമോ എന്ന ചോദ്യത്തിന്, ‘ഇല്ല’ എന്നായിരുന്നു മറുപടി.
പിന്നീടൊരു കത്തു തന്നു. ഹരികൃഷ്ണൻസ് സിനിമയിലെ പാട്ടിലെ വരികളായിരുന്നു അതിൽ, ‘സൂര്യനും സ്വന്തം... ചന്ദ്രനും സ്വന്തം... സന്ധ്യേ നീയിന്നാർക്കു സ്വന്തം...’
കുറച്ചു ദിവസം കഴിഞ്ഞ് അദ്ദേഹം വീട്ടിൽ വന്നു സംസാരിച്ചു. പിറ്റേ ആഴ്ച തന്നെ വീട്ടുകാരെ കൂട്ടി വന്നു വിവാഹമുറപ്പിച്ചു. കല്യാണത്തീയതി കുറിച്ച പിറകേ അണിയാനുള്ള സ്വർണമടക്കം കൊണ്ടുവന്നു തന്നു. പാലാ കടപ്പാട്ടൂർ അമ്പലത്തിലായിരുന്നു വിവാഹം.
ജീവിതത്തിലെ നായകൻ അരങ്ങിലും നായകനാകുമ്പോൾ ?
വിവാഹത്തിന്റെ രണ്ടു ദിവസത്തിനപ്പുറം ഞങ്ങൾ ഒന്നിച്ച് അരങ്ങിലെത്തി. പിന്നെ എല്ലാ സമിതികളിലും ഒന്നിച്ചായിരുന്നു. ഗർഭിണിയായപ്പോഴാണ് ആദ്യം ബ്രേക്കെടുത്തത്. തിരുവനന്തപുരം സങ്കീർത്തനയുടെ ഈശ്വരന്റെ സമ്മാനം നാടകത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ പിറകേയാണു രണ്ടാമതു ഗർഭിണിയായത്.
ഏഴുമാസം വരെ അഭിനയിച്ചു. ഗർഭിണിയുടെ തന്നെ വേഷമായിരുന്നെങ്കിലും ഡപ്പാംകൂത്തും കരകാട്ടവുമൊക്കെയുണ്ട് അതിൽ. ആദ്യപകുതിയിൽ ഹാഫ് സാരിയുടുക്കുമ്പോൾ സാരിത്തുമ്പു കൊണ്ടു വയർ മറച്ചുപിടിക്കും. വിവാഹശേഷം ചേലയുടുക്കുന്ന രംഗങ്ങളിൽ ഗർഭിണിയായി തന്നെയാണ് എത്തുക. മൂന്നാമത്തെ ഗർഭകാലത്തും ബ്രേക്കെടുത്തു. വിവാഹശേഷം ഞാനും ഭർത്താവും ഒന്നിച്ചാണ് അഭിനയിച്ചതെല്ലാം.
ഇളയയാൾക്ക് ഒന്നര വയസ്സുള്ളപ്പോൾ ഒരു ഓപ്പറേഷൻ വേണ്ടി വന്നു. മൂന്നുമാസത്തെ വിശ്രമം പറഞ്ഞിരുന്നെങ്കിലും 18ാം ദിവസം നാടകസ്റ്റേജിൽ കയറേണ്ടി വന്നു. അന്നു വിഷമമുള്ള ഒരു സംഭവമുണ്ടായി. കോതമംഗലം എളപ്ര അമ്പലത്തിലെ വേദി. ആനയെ തളച്ചിരുന്ന ഭാഗത്തേക്കാണു സ്പീക്കർ വച്ചിരുന്നത്. ആദ്യബെൽ മുഴങ്ങിയതും ആന ഇടഞ്ഞു. പാപ്പാനെ കുത്തിയെറിഞ്ഞതു കണ്ട് എല്ലാവരും ചിതറിയോടി. സർജറി കഴിഞ്ഞ എന്നെ വലിച്ചുകൊണ്ട് ചേട്ടായിയുമോടി.
സിനിമയ്ക്കു വേണ്ടിയാണോ നാടകം വിട്ടത് ?
നാടകമായിരുന്നു എല്ലാം. 23 വർഷത്തെ നാടകക്കാലത്ത് വയലാർ നാടകവേദി, ചേർത്തല സാഗരിക, അങ്കമാലി അഞ്ജലി, എറണാകുളം ഡ്രാമാനന്ദം തുടങ്ങി 20ലേറെ സമിതികളിൽ നായികയായി.
ചേട്ടായിയും കൂട്ടുകാരും കൂടി ജെല്ലിക്കെട്ട് സിനിമയുടെ ഓഡിഷനു പോയപ്പോൾ വെറുതേ കൂടെപ്പോയതാണ്. ഞാൻ ഓഡിഷനിൽ പങ്കെടുത്തില്ല എങ്കിലും സിനിമയിലെ ബാങ്ക് മാനേജരുടെ വേഷത്തിലേക്കു വിളിച്ചു. പിന്നെ സാജൻ ബേക്കറി.
കോവിഡ് സമയത്ത് ദർശന നാടകവേദിയുടെ അമരക്കാരനായ വി.ജെ. ജോസഫ് സാറാണ് മലയൻകുഞ്ഞിന്റെ കാസ്റ്റിങ് കോൾ കണ്ടത്. 55– 65 വയസ്സുള്ള അമ്മവേഷം എന്നു കേട്ടപ്പോൾ മടിച്ചു. അന്നെനിക്കു പ്രായം 40 കഴിഞ്ഞിട്ടേയുള്ളൂ. സാറും നാടകസംഘത്തിലെ മറ്റു ചിലരും ഫോട്ടോ അയച്ചതു കണ്ടിട്ടാണ് ഓഡിഷനു വിളിച്ചത്.
പാൽതൂ ജാൻവർ, ഉള്ളൊഴുക്ക്, ക്രിസ്റ്റി, അയൽവാശി, ക്രിസ്റ്റഫർ, ചട്ടമ്പി, പേരല്ലൂർ പ്രീമിയർ ലീഗ്, കൊണ്ടൽ, സൂക്ഷ്മദർശിനി ഒക്കെ പിന്നാലെ വന്നു.
ഡീയസ് ഈറെയിലെ വില്ലത്തിയായതെങ്ങനെ ?
അതിലേക്കു വിളിച്ചപ്പോൾ രണ്ടു കാര്യങ്ങളാണു പറഞ്ഞത്, ഹൊറർ സിനിമയാണ്, മകനെ വിട്ടുകൊടുക്കാൻ പറ്റാത്തതുകൊണ്ടു ഉണക്കി സൂക്ഷിക്കുന്ന അമ്മയുടെ വേഷമാണ്.
ചോറ്റാനിക്കരയിലാണ് ആ വീടു സെറ്റിട്ടിരുന്നത്. മുറിയിൽ കയറിയപ്പോൾ സ്തബ്ധയായി പോയി, ശരിക്കും കട്ടിലിൽ ഉണങ്ങിയ മൃതദേഹം കിടക്കുന്ന പോലെ.
ഫൈറ്റിനു ഡ്യൂപ്പിനെ വരുത്തിയിരുന്നു. പക്ഷേ, കുഴിയെടുക്കുന്ന സീൻ ഷൂട്ട് ചെയ്ത ശേഷം സംവിധായകൻ രാഹുൽ പറഞ്ഞു, ഫൈറ്റ് ചേച്ചി തന്നെ ചെയ്യട്ടെ. സ്റ്റെപ് ബെ സ്റ്റെപ് ആയാണു പ്രാക്ടീസ് ചെയ്യുക. ഇടയ്ക്ക് ടൈമിങ് തെറ്റി പ്രണവിന് അടിയും കിട്ടി.
2025 വിജയവർഷമാണല്ലോ ?
ലാലേട്ടനൊപ്പം ഹൃദയപൂർവത്തിലും പ്രണവിനൊപ്പം ഡീയെസ് ഈറെയിലും അഭിനയിച്ചു. വരാനുള്ളതു മകൾ വിസ്മയയ്ക്കൊപ്പം ‘തുടക്ക’ത്തിലെ വേഷമാണ്. ഇതൊക്കെ ഭാഗ്യമല്ലാതെ മറ്റെന്ത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മെറി ബോയ്സും റിലീസാകാനുണ്ട്.
മക്കൾക്കും അഭിനയത്തിൽ താത്പര്യമുണ്ട്. കാർത്തികയും കീർത്തനയും മോണോ ആക്ടിൽ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം നേടി. കാർത്തിക ബിഫാം കഴിഞ്ഞു ട്രെയ്നിങ് ചെയ്യുകയാണിപ്പോൾ. കീർത്തന ബി കോം രണ്ടാം വർഷം പഠിക്കുന്നു. ബിടെക് വിദ്യാർഥിയായ മോൻ കാശിനാഥൻ തമിഴിൽ കടത്തൽക്കാരൻ എന്ന സിനിമയിൽ നായകന്റെ ചെറുപ്പകാലം അഭിനയിച്ചിട്ടുണ്ട്.