‘അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം’: അജിത്തിന്റെ നെഞ്ചിലെ ടാറ്റൂ വൈറൽ
കുടുംബസമേതം പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് സിനിമയിലെ സൂപ്പർ താരം അജിത് കുമാർ. ഭാര്യയും നടിയുമായ ശാലിനി, മകൻ ആദ്വിക് എന്നിവർക്കൊപ്പമുള്ള അജിത്തിന്റെ ക്ഷേത്രസന്ദർശനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനു മുൻപും അജിത് ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്.
‘അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം’ എന്ന കുറിപ്പോടെ ശാലിനിയും ചിത്രങ്ങൾ സ്വന്തം പേജിൽ പങ്കുവച്ചു. ഗോൾഡനും മഞ്ഞയും നിറത്തിലുള്ള ചുരിദാർ ധരിച്ചാണ് ശാലിനി എത്തിയത്. പച്ചയും സ്വർണക്കരയുമുള്ള മുണ്ടും മേൽമുണ്ടുമായിരുന്നു അജിത്തിന്റെ വേഷം.
ചിത്രത്തിൽ, അജിത്തിന്റെ നെഞ്ചിലെ ടാറ്റൂ ആണ് ആരാധകശ്രദ്ധ നേടിയത്. ദേവീരൂപമെന്നു തോന്നിപ്പിക്കുന്ന ഡിസൈൻ ആണ് അജിത് നെഞ്ചിൽ പച്ച കുത്തിയിരിക്കുന്നത്. ഊട്ടുകുളങ്ങര ദേവിയുടെ രൂപമാണ് അതെന്നും അജിത്തിന്റെ കുലദേവതയാണ് ഈ ദേവിയെന്നും ഒരു ആരാധകൻ കമന്റിട്ടു.