ഇതു മാധവനാണോ ? വിശ്വസിക്കാനാകുന്നില്ല! താരത്തിന്റെ പുതിയ ലുക്ക് വൈറൽ
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതം സിനിമയാകുന്നു. തെന്നിന്ത്യൻ താരം ആർ. മാധവൻ ‘ജി.ഡി.എൻ’ എന്നു പേരിട്ട ഈ ബയോപിക്കിൽ നായകനാകും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ജി.ഡി നായിഡുവിന്റെ വേഷത്തിലുള്ള മാധവന്റെ മേക്കോവർ ഇതിനോടകം വൈറലാണ്. നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാർ ‘ജി.ഡി.എൻ’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈകളർ ഫിലിംസും മീഡിയ മാക്സ് എന്റർടൈൻമെന്‍സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു.
വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ സോണൽ പണ്ടേ, സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമാതാക്കളാകുന്നു. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയായി.
തമിഴിൽ ചിത്രീകരിക്കുന്ന സിനിമ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ്. ചിത്രത്തിന്റെ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദ് കമലനാഥൻ. ‘ഇന്ത്യയുടെ എഡിസൺ’, ‘കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്’ എന്നീ പേരുകളിലും ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു അറിയപ്പെടുന്നു.