തന്റെ പേരും പ്രശസ്തിയും ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ലെന്ന് തെന്നിന്ത്യൻ താരം അജിത് കുമാർ. ജീവിതത്തിൽ സമ്പാദിച്ചതൊക്കെയും തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ഭാര്യ ശാലിനിയുടെ പിന്തുണകൊണ്ടുമാത്രമാണ് താൻ ഇവിടെവരെ എത്തിയതെന്നും ദ് ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ അജിത് പറഞ്ഞു.

പ്രശസ്തി കാരണം കുടുംബവുമൊത്തുള്ള നല്ല നിമിഷങ്ങൾ നഷ്ടമാകുന്നതിന്റെ വേദനയും താരം പങ്കുവച്ചു. കരിയറിന്റെ തുടക്ക കാലത്ത് തന്റെ പേരു മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടതായും അജിത് പറഞ്ഞു. സിനിമാ ചിത്രീകരണത്തിനിടയിൽ ഉണ്ടായ അപകടങ്ങളിലും മറ്റുമായി താൻ 29 ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും അജിത് വെളിപ്പെടുത്തി.

ADVERTISEMENT

‘ധാരാളം വെല്ലുവിളികൾ ഉണ്ടായിരുന്നു. ഞാൻ എല്ലാം മറികടന്നു. റേസിങ്ങിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. റേസിങ് ഒരു കരിയർ ആക്കാൻ ആഗ്രഹിക്കുന്ന 19 വയസ്സുകാരനെപ്പോലെ ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്’

ഒപ്പം ജീവിക്കാൻ എളുപ്പമുള്ള ഒരാളാണ് ഞാനെന്ന് തോന്നുന്നില്ല. ഞാൻ ശാലിനിയെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പക്ഷേ അവളെന്നെ എപ്പോഴും പിന്തുണച്ചിട്ടേയുള്ളൂ. അവളുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. കുട്ടികളുണ്ടാകുന്നതിനു മുൻപുവരെ അവളും എന്റെ കൂടെ റേസിങ്ങിനായി യാത്ര ചെയ്യുമായിരുന്നു.

ADVERTISEMENT

പ്രശസ്തി ഒരു ഇരുതലയുള്ള വാളാണ്. അത് ഒരുപാട് കാര്യങ്ങൾ നൽകുന്നതിനൊപ്പം പല കാര്യങ്ങളും നമ്മളിൽ നിന്ന് എടുത്തുകളയുകയും ചെയ്യും. എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹത്തിനും എന്റെ ആരാധകരോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നാൽ ഇതേ ആരാധകരുടെ സ്നേഹം കാരണം എനിക്ക് കുടുംബത്തോടൊപ്പം പുറത്തു പോകാൻ കഴിയുന്നില്ല. ഞാൻ മിക്കപ്പോഴും എന്റെ വീട്ടിൽതന്നെ ഒതുങ്ങി കഴിയുകയാണ്.

2005ൽ ആണ് അത്. ആരാധകർ കൂടി നിന്നയിടത്തേക്ക് ഞാൻ കൈവീശി. ആരാധകർ എന്റെ കയ്യിൽ തൊട്ടുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവർക്കും കൈകൊടുത്ത് കാറിലേക്ക് കയറി നോക്കുമ്പോൾ എന്റെ ഉള്ളം കയ്യിൽ നിന്ന് രക്തം ഒലിക്കുകയായിരുന്നു. ആരോ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞതാണ്. ഇപ്പോഴും ആ പാട് എന്റെ ഉള്ളം കയ്യിൽ കാണാനാകും. മറ്റൊരു സന്ദർഭത്തിൽ, കയ്യിൽ ബ്ലേഡുമായി എന്നെ കാത്തുനിന്ന ഒരാളെ എന്റെ കൂടെയുണ്ടായിരുന്നവർ പിടിച്ചുമാറ്റിയിട്ടുണ്ട്. അങ്ങനെയുള്ള സംഭവങ്ങളുമുണ്ട്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഞാൻ പരമാവധി വീട്ടിൽ തന്നെ കഴിയുകയാണ് ചെയ്യുന്നത്’.– അജിത് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT