ഇനി കളികള്‍ മാറും...കുംഭ വരുന്നു...: രാജമൗലി സിനിമയിലെ പൃഥ്വിരാജിന്റെ ലുക്ക് വൈറൽ
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി. ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററിൽ കാണാം. കുംഭ എന്നാണ് കഥാപാത്രത്തിന്റെ പേര്.
‘കുംഭയെ അവതരിപ്പിക്കുന്നു...ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങൾക്കായി ഞാൻ തയ്യാറാണ്. It’s game on പ്രിയങ്ക ചോപ്ര, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി’.–ഫസ്റ്റ്ലുക്ക് പങ്കുവച്ച് പൃഥ്വി കുറിച്ചതിങ്ങനെ.
എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയങ്ക ചോപ്ര നായികയാകുന്ന സിനിമയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. സിനിമ 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. നിർമാതാവ് – തമ്മറെഡ്ഡി ഭരദ്വാജ്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് മഹേഷ് ബാബു. വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്. എം.എം കീരവാണിയാണ് സംഗീത സംവിധാനം.