‘ഞാൻ നേരിട്ട അതിക്രമം... എനിക്ക് 15 വയസ്സേ ഉണ്ടായിരുന്നുള്ളൂ...’: ലൈംഗികാതിക്രമം നേരിട്ടതായി ലക്ഷ്മി മഞ്ചു
പതിനഞ്ചാം വയസ്സിൽ ലൈംഗിക അതിക്രമം നേരിട്ടതായി തുറന്നു പറഞ്ഞ് തെലുങ്ക് നടി ലക്ഷ്മി മഞ്ചു.
‘നടൻ മോഹൻ ബാബുവിന്റെ മകളായതിനാൽ വളരെ സുരക്ഷിതമായ ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. എപ്പോഴും ഒരു ഡ്രൈവർ, അംഗരക്ഷകൻ, അമ്മ എന്നിവർ കൂടെയുണ്ടാകും. എന്നാൽ, ഒരിക്കൽ സ്കൂളിൽ നിന്ന് വിദ്യാർഥികളെ അവരുടെ ഹാൾ ടിക്കറ്റ് എടുക്കാനായി ബസിൽ കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ഒരു അപരിചിതൻ എന്നെ മോശം ഉദ്ദേശ്യത്തോടെ സ്പർശിച്ചു.
ആ സമയത്ത് എനിക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത ഒരു വികാരത്താൽ ഞാൻ അസ്വസ്ഥയായി. ഞാൻ നേരിട്ട അതിക്രമം... എന്താണ് ഈ വൃത്തികെട്ട വികാരം? എനിക്ക് 15 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അവിടെ നിന്ന് മാറിനിൽക്കുകയാണ് ചെയ്തത്. തിരിച്ചടിച്ചില്ല. എന്റെ പെൺസുഹൃത്തുക്കളോട് ഞാൻ വിവരം പറഞ്ഞപ്പോൾ, അവർക്കും ഇത് സംഭവിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. എനിക്ക് മാത്രമല്ല ഇങ്ങനെയൊരു അനുഭവം. എല്ലാവർക്കും ഇത് സംഭവിക്കുന്നുണ്ട്’.– ‘ഹൗട്ടർഫ്ലൈ’യ്ക്ക് നൽകിയ അഭിമുഖത്തില്‍ ലക്ഷ്മി മഞ്ചു പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവിന്റെ മകളാണ് ലക്ഷ്മി മഞ്ചു. അടുത്തിടെ മോഹൻലാൽ നായകനായ ‘മോൺസ്റ്റർ’ എന്ന സിനിമയിൽ ലക്ഷ്മി അഭിനയിച്ചിരുന്നു.