‘അബോർഷൻ ആയെന്നു കേട്ടതും എന്റെ ഹൃദയം തകർന്നു, കുറേ കരഞ്ഞു...’: മനസ്സ് നൊന്ത നിമിഷം, സുഹൃത്തിന്റെ വേദനയിൽ മഷൂറ
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടേത്. ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും ഇവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. ഇപ്പോഴിതാ, മഷൂറ ബഷീർ പങ്കുവച്ച ഒരു സോഷ്യൽ മീഡിയ വ്ലോഗാണ് ചർച്ചയാകുന്നത്. അതിനു താഴെ വരുന്ന നെഗറ്റീവ് കമന്റുകളുമാണ് ചർച്ചയാകുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡയറ്റ് ചലഞ്ചിലാണ് മഷൂറ. മുപ്പത് ദിവസത്തെ ചലഞ്ചാണ് മഷൂറയുടേത്. അതിന്റെ നാലാം ദിവസത്തെ വ്ലോഗാണ് ചർച്ചയാകുന്നത്.
നാലാം ദിവസത്തെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മഷൂറ വ്ലോഗ് ആരംഭിച്ച് ഇൻട്രോ എടുത്തെങ്കിലും ഒരു ദുഖകരമായ വാർത്ത പങ്കുവയ്ക്കാന്‍ വിദേശത്തു നിന്നു പ്രിയപ്പെട്ട സുഹൃത്ത് വിളിച്ചതോടെ വ്ലോഗിലെ മറ്റു വിശേഷങ്ങൾ പറയുന്നത് വേണ്ടെന്നു വച്ചു. ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന വേദനയാണ് സുഹൃത്ത് പങ്കുവച്ചത്. ആ വേദന മഷൂറയെയും തളർത്തി.
‘രാവിലെ ഇൻട്രോ എടുത്തശേഷം വ്ലോഗ് തുടർന്നില്ല. വളരെ വിഷമത്തിലായിരുന്നു. സുഹൃത്ത് വിളിച്ചിരുന്നു. അവൾക്കുണ്ടായ ഒരു പ്രശ്നമാണ് എന്നെ തളർത്തിയത്. കുറച്ചധികം ഇമോഷണലായിപ്പോയി. വ്ലോഗ് ചെയ്യാൻ മൂഡുണ്ടായിരുന്നില്ല. ഫൂഡ് പോലും കഴിച്ചില്ല.
അത്രത്തോളം മൂഡ് ഓഫായിരുന്നു. അവൾ എന്റെ അടുത്തില്ല, മറ്റൊരു രാജ്യത്താണ്. അവിടെ നിന്നു വിളിച്ചു സങ്കടം പറയുമ്പോൾ എന്റെ ഹൃദയം തകർന്നു പോയി. ഞാനും അവൾക്കൊപ്പം കരഞ്ഞു. അവൾ ഗർഭിണിയായിരുന്നു. പക്ഷേ അബോർഷനായി. ആ വേദന എനിക്കു മനസ്സിലാകും.
ഞാനും കുറേ വർഷം ഗർഭിണിയാകാത്തതിന്റെ ബുദ്ധിമുട്ടും വിഷമവും അനുഭവിച്ചയാളാണ്. അവൾ വീണ്ടും ഗർഭിണിയാകുമെന്നും നല്ലൊരു കുഞ്ഞിനു ജന്മം നൽകുമെന്നും പ്രതീക്ഷിക്കുന്നു. ഒരുപാടു പേർക്കു ജീവിതത്തിൽ ഈ അനുഭവം ഉണ്ടായിട്ടുണ്ടാകുമല്ലോ. എന്റെ മമ്മയ്ക്ക് സംഭവിച്ചിട്ടുണ്ട്. ഞങ്ങൾ മൂന്ന് മക്കളായിരുന്നു. ഞാനും എന്റെ സഹോദരനും മറ്റൊരു സഹോദരനും കൂടി എനിക്കുണ്ടായിരുന്നു. എന്റെ അനിയനായിരുന്നു അവൻ. പ്രസവിച്ചു വൈകാതെ ആ കുഞ്ഞ് മരിച്ചു. ഞാൻ ആ സമയത്ത് ചെറിയ കുട്ടിയായിരുന്നു. കുറച്ച് പേർക്ക് അക്കാര്യം അറിയാം. പലരും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും. പക്ഷേ, വിഷമിക്കരുത്. ദൈവത്തിനു നിങ്ങളെക്കുറിച്ചു നല്ലൊരു പ്ലാനുണ്ടാകും. അതുകൊണ്ടാകും ദൈവം തന്നെ അങ്ങനെ ചെയ്യുന്നത്. കൂടുതൽ ബെറ്ററായ ബേബിയെ തന്നു പിന്നീട് അനുഗ്രഹിക്കും. ഇത്തരം അവസ്ഥകളിൽ സ്ട്രോങ്ങായി ഇരിക്കുക. ലൈഫ് ഒരിക്കലും ഈസിയായിരിക്കില്ല’. – മഷൂറ പറഞ്ഞു.