‘എന്റെ വീട് അപ്പൂന്റേം’ സിനിമയിൽ ചെറിയ കുട്ടിക്ക് മരുന്ന് കൊടുത്തു, ഇവിടെ കുട കൊണ്ട് അടിച്ചു: അഹാനയെക്കുറിച്ച് ദിയ
നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടെ മുപ്പതാം പിറന്നാൾ ആഘോഷച്ചടങ്ങിൽ സഹോദരി ദിയ കൃഷ്ണ സംസാരിക്കുന്ന വിഡിയോ വൈറൽ.
താനാണ് വീട്ടിൽ അഹാനയുമായി ഏറ്റവും കൂടുതൽ അടി ഉണ്ടാക്കിയിട്ടുള്ളതെന്ന് ദിയ പറയുന്നു. അഹാനയ്ക്ക് ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ടെന്നും കുടുംബത്തോടൊപ്പമുള്ള യാത്രകളിൽ അച്ഛനെയും അമ്മയെയും പോലും നയിക്കുന്നത് അഹാന ആയിരിക്കുമെന്നും ദിയ.
‘ജനിച്ചു വീണപ്പോ തന്നെ കുടകൊണ്ട് തലയ്ക്ക് അടിച്ചതിന്റെ ഒരു വേദന ഇപ്പോഴുമുണ്ട്. അമ്മുവാണ് എന്നെ അടിച്ചത്. എനിക്ക് തോന്നുന്നു അമ്മുവിന് പെട്ടെന്ന് അറ്റെൻഷൻ കിട്ടാതെയായപ്പോൾ ഉള്ള ഒരു വിഷമമാണ് കാരണമെന്ന്. വീട്ടിലെ സ്റ്റാർ ആയിരുന്നു അമ്മു. ‘എന്റെ വീട് അപ്പൂന്റേം’ സിനിമയിൽ ചെറിയ കുട്ടിക്ക് മരുന്ന് കൊടുത്തു, ഇവിടെ കുട കൊണ്ട് അടിച്ചു. അതാണ് സംഭവിച്ചത്. പക്ഷേ അമ്മുനെ ജുവനൈൽ ജയിലിൽ കൊണ്ടുപോയില്ല. വീട്ടുകാര്‍ തന്നെ ആളെ മുറിക്കകത്ത് പൂട്ടി മുറി ഒരു ജുവനൈൽ ജയിലാക്കി മാറ്റി. അതുകൊണ്ട് ആള് രക്ഷപ്പെട്ടു നിൽക്കുകയാണ്.
അമ്മുവിന് 30 വയസ്സായെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ഒരു കുലസ്ത്രീ ആയതും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. വീട്ടിലെ ക്ലാസ് ലീഡർ ആണ് അമ്മു. ഫാമിലിയിൽ അമ്മുവിനു മാത്രമേ അത് പറ്റൂ. ഏത് സ്ഥലത്തു പോയാലും അമ്മുവും അമ്മയും ആ സ്ഥലം മുഴുവൻ നടന്നു തീർത്തിട്ടേ തിരിച്ചു വരൂ. ആ ഒരു സ്വഭാവം എനിക്കും അച്ഛനും ഒട്ടും ഇല്ല. എവിടെയെങ്കിലും പോയാൽ ചോറും കറിയും കിട്ടിയില്ലെങ്കിൽ നമ്മൾ വരില്ല. എവിടെ പോയാലും അമ്മു അഡ്ജസ്റ്റ് ചെയ്യും, എവിടെ പോയാലും അവിടവുമായി പൊരുത്തപ്പെട്ടു പോകും. ഞങ്ങൾക്കൊന്നും അങ്ങനെ പറ്റില്ല. നന്നായി പഠിക്കുമായിരുന്നു, നല്ല ബുദ്ധി ഉണ്ട്. എന്നെക്കാൾ കൂടുതൽ അമ്മു കുഞ്ഞിനെ കെയർ ചെയ്യും. ഞങ്ങൾ ഒരുപാട് സംസാരിക്കാറില്ല, അങ്ങനെ ഒരു ബോണ്ടിങ് ഞങ്ങൾ തമ്മിൽ ഇല്ല. ഒന്നുകിൽ കുട എടുത്ത് അടിക്കും. അല്ലെങ്കിൽ തെറി വിളിക്കും, മാറി ഇരിക്കും. കോമഡി പറയാനുള്ളപ്പോൾ കോമഡി പറയും. അപ്പോഴാണ് ഞങ്ങൾ ആകെ സംസാരിക്കുന്നത്’.– ദിയ കൃഷ്ണ പറയുന്നു.