‘സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു’: പ്രതികരിച്ച് ഷെയ്ൻ നിഗം
കൊട്ടാരക്കര ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം.
‘കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി.
രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.
1. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.
2. പോലീസ് എടുത്ത നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികൾക്ക് ജില്ലവിട്ട് പുറത്ത് പോകാൻ സാധിക്കാതെ പോയത്. അതോടൊപ്പം കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു.
സന്തോഷ വാർത്തയോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ’.– ഷെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
തിങ്കളാഴ്ച വൈകിട്ട് തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.