‘വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ’: പ്രിയദർശൻ അയച്ച മെസേജിന്റെ സ്ക്രീന്ഷോട്ടുമായി കല്യാണി പ്രിയദർശൻ
‘ലോക’ സിനിമ 200 കോടി കടന്നതിന്റെ സന്തോഷം പങ്കുവച്ച് കല്യാണി പ്രിയദർശൻ. ‘ലോക’ സിനിമയിലെ സഹതാരങ്ങളോടൊപ്പമുള്ള ചിത്രങ്ങളും അച്ഛൻ പ്രിയദർശൻ അയച്ച മെസേജിന്റെ സ്ക്രീന്‍ഷോട്ടും കല്യാണി പോസ്റ്റ് ചെയ്തു. സംവിധായകൻ ഡൊമിനിക് അരുണിനെയും ‘ലോക’യിലെ മറ്റ് സഹപ്രവർത്തകരെയും കല്യാണി അഭിനന്ദിച്ചു.
‘ഈ മെസജ് ഒരിക്കലും മായ്ച്ചുകളയരുത്. വിജയം തലയിലേറ്റരുത്. പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ. നിനക്ക് നല്‍കാനുള്ള ഏറ്റവും മികച്ച ഉപദേശമിതാണ്’. – എന്നാണ് പ്രിയദര്‍ശന്റെ മെസേജ്.
‘പ്രേക്ഷകരായ നിങ്ങളാൽ മാത്രം സാധ്യമായ ഒരു സംഖ്യയിലേക്ക് ഇന്നലെ ഞങ്ങളുടെ സിനിമയെത്തി. എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല, ഈ ചിത്രത്തിന് നൽകിയ സ്നേഹത്തിന് ഞാൻ നന്ദി അറിയിക്കുകയാണ്. നമ്മുടെ സിനിമ വ്യവസായത്തിൽ ഉള്ളടക്കമാണ് എപ്പോഴും രാജാവ്, ഉള്ളടക്കമാണ് ഏറ്റവും വലിയ താരം. നിങ്ങളത് ഒരിക്കൽ കൂടി തെളിയിച്ചു. നല്ല കഥകൾക്ക് എപ്പോഴും നിങ്ങൾക്കിടയിൽ സ്ഥാനമുണ്ടെന്ന് അറിയിക്കാൻ അവസരം നൽകിയതിന് നന്ദി.
ഡൊമിനിക് അരുൺ (ഞങ്ങളുടെ ഡോം)... ഞങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ വിശ്വസിക്കാവുന്ന ഒരു വിഷൻ നൽകിയതിന് നന്ദി. ഞങ്ങളുടെ പരമാവധി ഈ സിനിമയിലേക്ക് സമർപ്പിക്കാൻ കാരണം നിങ്ങളായിരുന്നു. നിങ്ങളില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
സിനിമയിലെ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും... ഈ വിജയം എനിക്ക് പ്രത്യേകമായി തോന്നുന്നു, കാരണം ഇത് പങ്കിടാൻ എനിക്ക് നിങ്ങളുമുണ്ട്. പിന്നെ ലോകയെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റി, ഇത്രയും വലിയ വിജയമാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകർക്ക്, ഒരുപാട് ഒരുപാട് നന്ദി’. –കല്യാണി കുറിച്ചു.