‘എടി മോളേ നീ കേരളത്തിലോട്ട് വാ... കാണിച്ചു തരാം... രണ്ടുകിലോ മത്തിയും കൊണ്ടുവരാം’; കുട്ടിക്കുറുമ്പിക്ക് ബേസിലിന്റെ രസകരമായ മറുപടി, വൈറല്‍ വിഡിയോ
നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ അറിയില്ല എന്നുപറയുന്ന ഒരു കുഞ്ഞുമോളുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിഡിയോയ്ക്ക് താഴെ ബേസില്‍ കൊടുത്ത രസകരമായ മറുപടിയും ആരാധകര്‍ ഏറ്റെടുത്തു. ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന അച്ഛന്റെ ചോദ്യത്തിനു മകള്‍ നല്‍കുന്ന മറുപടിയാണ് വിഡിയോയില്‍.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ബേസിൽ ജോസഫ് ഇവരിൽ ആരെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നാണ് അച്ഛന്‍ ചോദിക്കുന്നത്. അപ്പോഴാണ് കുട്ടിയുടെ രസകരമായ മറുപടി. ‘ബേസിലോ അങ്ങനൊരു നടന്‍ ഇല്ല’ എന്നായിരുന്നു മറുപടി. പിന്നാലെ കുട്ടിക്ക് ബേസിലിന്റെ ചിത്രം കാണിച്ചുകൊടുക്കുന്നു. ചിത്രം കണ്ട കുട്ടിയുടെ മറുപടിയാണ് ഏറെ രസകരം. ‘ഇത് വീട്ടില്‍ മീന്‍ വില്‍ക്കാന്‍ വരുന്ന യൂസഫിക്കാ അല്ലേ’ എന്നാണ് കുട്ടിക്കുറുമ്പിയുടെ ചോദ്യം.
താന്‍ കണ്ടിട്ടുണ്ടെന്നും ഇതാണ് യൂസഫിക്കായെന്നും, സ്കൂട്ടറിന്റെ പുറകില്‍ വലിയ പെട്ടി മീന്‍ വച്ചോണ്ടാണ് വരുന്നതെന്നും കുട്ടി പറയുന്നു. വിഡിയോ വൈറലായതിനു പിന്നാലെ കമന്റായി ബേസിലിന്റെ മറുപടിയുമെത്തി. ‘എടി മോളേ നീ കേരളത്തിലോട്ട് വാ... കാണിച്ചു തരാം... രണ്ടുകിലോ മത്തിയും കൊണ്ടുവരാം’ എന്നാണ് ബേസില്‍ കുറിച്ചത്. വിഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ നിരവധിപേര്‍ കമന്റുകളുമായി എത്തി.