ഫഹദ്–കല്യാണി പ്രണയ നിമിഷങ്ങൾക്കു സാക്ഷിയായി ‘വനിത പാചകവും’: ഓടും കുതിര ചാടും കുതിരയിൽ സ്പെഷൽ എൻട്രി Vanitha Pachakam Featured in Odum Kuthira Chadum Kuthira
യുവ–കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രം ഓടുകുതിര ചാടുംകുതിര ഒടിടി റിലീസായി പുറത്തു വന്നിരിക്കുകയാണ്. തീയറ്ററുകളിൽ ഓണക്കാല ചിത്രമായി എത്തിയ ചിത്രം ഫഹദ്–കല്യാണി താരജോഡിയുടെ സാന്നിദ്ധ്യം കൊണ്ടാണ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്കും ശേഷം നടൻ അൽതാഫ് സലിം സംവിധാനം ചെയ്ത ചിത്രം റൊമാന്റിക്–കോമഡിയെന്ന നിലയിൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
നെറ്റ്ഫ്ലിക്സിൽ റിലീസായ ചിത്രത്തിലെ പ്രണയ–നർമ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ പാചക പ്രേമികളുടെ കണ്ണുടക്കിയത് മറ്റൊരു സ്പെഷൽ സർപ്രൈസിലാണ്. മലയാളത്തിന്റെ ജനപ്രിയ പാചക പ്രസിദ്ധീകരണമായ ‘വനിത പാചകം’ ചിത്രത്തിൽ ശ്രദ്ധേയ റോളിലെത്തിയതാണ് ഏറ്റവും കൗതുകകരം. ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രമായ എബി, കല്യാണിയുടെ കഥാപാത്രമായ നിധിയെ കണ്ടുമുട്ടുമ്പോഴാണ് പാചകം മാഗസിന്റെ സർപ്രൈസ് എൻട്രി. പാചകം മാഗസിൻ കൊണ്ട് പാതിമുഖം മറച്ച് നായകനെ കണ്ടുമുട്ടുന്ന നിധിയുടെ രംഗം ചിത്രത്തിലെ രസകരമായ നിമിഷങ്ങളിലൊന്നാണ്. കണ്ണില്‍ കുസൃതി നിറച്ച് കല്യാണി ഫഹദിനെ നോക്കുന്ന രംഗങ്ങളും ഫഹദിന്റെ കോമഡി നിമിഷങ്ങളും ചിത്രത്തിൽ കാണാം.
എന്തായാലും വനിത പാചകത്തെ സിനിമയിലെടുത്ത രംഗങ്ങൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് സലീം സംവിധാനം ചെയ്ത ഫഹദ് ഫാസിൽ കല്യാണി ചിത്രമായ ഓടും കുതിര ചാടും കുതിര ഒടിടിയിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.