‘പെട്ടെന്നു ച്യൂയി പുറത്തേക്ക് ഇറങ്ങിയോടി; ആ രാത്രി മുഴുവൻ തപ്പിനടന്നിട്ടും കിട്ടിയില്ല...’ പെറ്റ് ഡിറ്റക്ടീവിന്റെ കഥ വന്ന വഴി പറഞ്ഞു ഷറഫുദ്ദീൻ The Making of 'Pet Detective': Sharafudheen speaks about Balancing Comedy, Villainy, and Family
പത്തിരുപത്തഞ്ചു വർഷം മുൻപാണ്. മാനത്തെ കൊട്ടാരം സിനിമയുടെ ഷൂട്ടിങ് ആലുവ പാലസിൽ നടക്കുന്നു. നടി ഖുശ്ബുവിനെ കാണാൻ ആൾക്കൂട്ടം തടിച്ചുകൂടുന്ന രംഗമാണു ഷൂട്ട് ചെയ്യുന്നത്. പാറയാണെന്നു കരുതി ആനപ്പുറത്തു ‘കയറിപ്പറ്റിയ’ ഇന്ദ്രൻസിന്റെ വെപ്രാളവും തത്രപ്പാടുമൊക്കെ ചേർന്ന അഭിനയം കണ്ടു ജനം ഇളകിച്ചിരിച്ചു. അന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു ആറാം ക്ലാസ്സുകാരൻ പിന്നീടു കുതിരപ്പുറത്തു കയറിയാണു മലയാള സിനിമയുടെ ‘അങ്കത്തട്ടി’ലേക്കെത്തിയത്, നടൻ ഷറഫുദ്ദീൻ.
പ്രേമം സിനിമയിൽ കുതിരപ്പുറത്തു കയറി കഫേയിലെത്തി അലമ്പുണ്ടാക്കിയ തന്റെ ജീവിതത്തിൽ ആ ആന നിർണായക കഥാപാത്രമായെന്നു പറഞ്ഞാണു ഷറഫ് സംസാരിക്കാനിരുന്നത്. ‘‘വർഷങ്ങൾക്കു ശേഷം ഒരു സൗഹൃദ സദസ്സിലിരുന്നു മാനത്തെ കൊട്ടാരം ഷൂട്ടിങ് കണ്ട കഥ പറഞ്ഞു. പഴയ സിനിമകളുടെ ക്ലൈമാക്സിൽ സഹോദരന്മാരെല്ലാം ഒരു ലിങ്കിലൂടെ കണക്ടാകുന്നതു പോലെ, അതു കേട്ടിരുന്ന സംവിധായകൻ അൽഫോന്‍സ് പുത്രനും നടൻ കൃഷ്ണശങ്കറും ഒരേ സ്വരത്തിൽ പറഞ്ഞു, ആന വന്ന ദിവസം ഞങ്ങളും ഷൂട്ടിങ് കാണാനുണ്ടായിരുന്നു.’’
റിലീസാകാനുള്ള സിനിമയുടെ പേരിലും കൗതുകമുണ്ട്, പെറ്റ് ഡിറ്റക്ടീവ് ?
അതു പറയും മുൻപ് ആ സിനിമ തുടങ്ങിയ കഥ പറയാം. കോവിഡ് കാലം, എല്ലാവരും ഷൂട്ടിങ്ങും ജോലിയുമില്ലാതെ വീട്ടിലിരിപ്പാണ്. കൂട്ടുകാരെല്ലാം ഇടയ്ക്കു കാക്കനാട്ടെ അഖിലിന്റെ ഫ്ലാറ്റിൽ ഒത്തുകൂടും.
‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യുടെ അസോഷ്യേറ്റ് ഡയറക്ടറായ അപ്പുവും സൗണ്ട് ഡിസൈനറായ നിക്സണും സിനിമ മനസ്സിൽ കൊണ്ടു നടക്കുന്ന സന്ദീപും ജോർജും ഷിനോസ് ഷംസുദ്ദീനുമൊക്കെ ആ കൂട്ടത്തിലുണ്ട്. അപ്പുവിന്റെ പെറ്റ് ഡോഗാണു ച്യൂയി. ഷിറ്റ്സൂ ബ്രീഡിലുള്ള ച്യൂയി ഞങ്ങളോടെല്ലാം വലിയ കമ്പനിയാണ്.
ഒരു ദിവസം ഡോർ തുറന്നപ്പോൾ ച്യൂയി പുറത്തേക്ക് ഇറങ്ങിയോടി. ആ രാത്രി മുഴുവൻ തപ്പിനടന്നിട്ടും കിട്ടിയില്ല. വർഷങ്ങളായി ഒപ്പമുള്ള ച്യൂയിയെ നഷ്ടപ്പെട്ട അപ്പുവിന്റെ വിഷമമറിഞ്ഞു നസ്രിയയും സൗബിനുമൊക്കെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. രണ്ടു ദിവസം കഴിഞ്ഞു വിവരം കിട്ടി, ച്യൂയി കുറച്ചപ്പുറത്തുള്ള കുട്ടികളുടെയടുത്തുണ്ടെന്ന്.
ച്യൂയിയുടെ കാണാതാകലും അന്വേഷണവുമൊക്കെ കൂട്ടുകാരനായ പ്രനീഷ് വിജയനോടു പറഞ്ഞപ്പോഴാണ് ഇതിലൊരു സിനിമയുണ്ട് എന്ന ഐഡിയ കത്തിയത്. കാണാതാകുന്ന പെറ്റ്സിനെ കണ്ടുപിടിക്കുന്നതാണു പെറ്റ് ഡിറ്റക്ടീവിന്റെ ജോലി. പ്രനീഷിന്റെ സംവിധാനത്തിൽ ക ഥ സിനിമയായപ്പോൾ നിർമാണ ചുമതല ഞാൻ ഏറ്റെടുത്തു. എക്സോട്ടിക് വിഭാഗത്തിൽ പെടുന്നതടക്കം കുറേ മൃഗങ്ങളുണ്ട് സിനിമയിൽ. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് അവയെ അവതരിപ്പിച്ചിട്ടുള്ളത്.
സിനിമാ നിർമാണം ആദ്യത്തേത് അല്ലല്ലോ?
പെറ്റ് ഡിറ്റക്ടീവ് ഞാൻ ‘കരുതിക്കൂട്ടി’ നിർമിക്കുന്നതാണ്. പക്ഷേ, ‘ചവിട്ടി’ന്റെ നിർമാണം ഏറ്റെടുത്തത് അപ്രതീക്ഷിതമായാണ്. കോവിഡ് കാലം തന്നെയാണ് അതിനും കാരണം. വാസന്തി എന്ന സിനിമയ്ക്കു ശേഷം റഹ്മാൻ ബ്രദേഴ്സ് (സജാസ് റഹ്മാനും ഷിനോസ് റഹ്മാനും) പുതിയ സിനിമ ആലോചിക്കുകയാണ്. കഥ കേട്ടപ്പോൾ രസം തോന്നി, ഒരു കടൽതീരവും വൃദ്ധനുമൊക്കെയുള്ള പക്കാ ആർട് സിനിമ. നിർമിക്കാം എന്നു വാക്കു നൽകി. കുറച്ചു ദിവസം കഴിഞ്ഞ് അവരുടെ ഫോൺ, ‘കടൽ ആകെ ക്ഷോഭിച്ചിരിക്കുന്നു. ഈ കഥ നടക്കുമെന്നു തോന്നുന്നില്ല, വേറേ ആലോചിക്കുകയാണ്.’
ആക്ടീവ ഓടിച്ചു ഹൈദരാബാദ് വരെയൊക്കെ പോകുന്ന അവരുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് ഒരു മുന്നറിയിപ്പു നൽകി, ‘ഇത്രയാണ് ബജറ്റ്. അതിനുള്ളിൽ നിൽക്കുന്ന ഏതു സിനിമയായാലും ഓക്കെ.’
എല്ലാ ജോലികളും കഴിഞ്ഞിട്ടാണു പിന്നെ, സിനിമ ക ണ്ടത്. എൻഡ് ടൈറ്റിൽ വന്നപ്പോൾ എഴുന്നേറ്റു നിന്നു കയ്യടിച്ചു പോയി. റോട്ടർഡാം ചലച്ചിത്ര മേളയിലടക്കം മികച്ച അഭിപ്രായം നേടിയ, ദേശീയ– സംസ്ഥാന അവാർഡുകൾ നേടിയ ചവിട്ടിന്റെ നിർമാതാവാണ് എന്നു പറയാൻ വലിയ അഭിമാനമുണ്ട്.
സിനിമ ആയിരുന്നോ ചെറുപ്പം മുതലേയുള്ള സ്വപ്നം?
അങ്ങനെ സ്വപ്നം കാണാൻ പോലും അത്ര ധൈര്യമില്ലായിരുന്നു. വാപ്പ കുഞ്ഞുമോനു റെയിൽവേയിൽ ആയിരുന്നു ജോലി. ഉമ്മ നബീസയും ഞാനും അനിയന്മാരായ ഷിഹാബും സിറാജുമൊക്കെയായി ആലുവ സ്റ്റേഷനടുത്തുള്ള റെയിൽവേ ക്വാർട്ടേഴ്സിലാണു താമസം. സിനിമയാണ് അന്നേ ഹരം. വാപ്പച്ചി കൊണ്ടു കാണിക്കുന്നതിനു പുറമേ ക്ലാസ് കട്ട് ചെയ്തും സിനിമയ്ക്കു പോകും.
ബാസ്കറ്റ് ബോൾ കളിക്കാൻ പോയപ്പോഴാണ് അൽഫോൻസ് പുത്രനുമായി കൂട്ടായത്. സെന്റ് മേരീസ് സ്കൂളിൽ പ്ലസ് വണ്ണിനു ചേർന്ന കാലത്തു കിച്ചുവിനെ (കൃഷ്ണശങ്കർ) കണ്ടുമുട്ടി. പ്ലസ്ടു പരീക്ഷയ്ക്കു മുൻപു ഞങ്ങൾ ഒരു സത്യം തിരിച്ചറിഞ്ഞു, രണ്ടുപേർക്കും സിനിമയാണു താത്പര്യം. എന്റെ സംവിധാന മോഹം കേട്ടപ്പോൾ കിച്ചു തമാശയായി പറഞ്ഞു, ‘നീ സംവിധാനം ചെയ്യുന്ന സിനിമയിൽ ഞാൻ നായകനാകാം. ലാലേട്ടൻ പ്രിയദർശനെ ‘പ്രിയാ...’ എന്നു വിളിക്കും പോലെ അന്നു ഞാൻ നിന്നെ ‘ഷറാ...’ എന്നു വിളിക്കാം.’
പഠനം കഴിഞ്ഞു രണ്ടുവഴിക്കു പിരിഞ്ഞ ഞങ്ങൾ ആറു വർഷം കഴിഞ്ഞു വീണ്ടും കണ്ടതു പനമ്പിള്ളി നഗറിൽ മ നോരമ ഓഫിസിനു മുന്നിലെ ചായക്കടയിൽ വച്ചാണ്. മീഡിയ അക്കാദമിയിൽ പുതിയ കോഴ്സിനു ചേരാൻ വന്നതാണു കിച്ചു. കാർ ഷോറൂമിലാണ് എനിക്കു ജോലി. കിച്ചു സിനിമാമോഹം വിട്ടിട്ടില്ല എന്നു മനസ്സിലായപ്പോൾ എനിക്ക് അദ്ഭുതം തോന്നി.
അപ്പോഴേക്കും ഷറഫ് സിനിമാ മോഹം വിട്ടിരുന്നോ?
പ്ലസ്ടു കഴിഞ്ഞു പിന്നെ, പഠിച്ചില്ല. വീട്ടിലെ മൂത്തയാൾ ആയതു കൊണ്ടു വേഗം ജോലി നേടാനുള്ള തിരക്കായിരുന്നു. ചെറിയ ജോലികൾ ചെയ്താണു തുടക്കം. പിന്നെ, കാർ ഡീലർഷിപ്പിലേക്കും സ്വന്തം ട്രാവൽ കമ്പനിയിലേക്കുമെത്തി. കിച്ചുവിനെ കണ്ടതോടെ പക്ഷേ, സിനിമാമോഹം വീണ്ടും തലപൊക്കി. അപ്പോഴേക്കും ചെന്നൈയിൽ നിന്നു സിനിമാ പഠനം കഴിഞ്ഞ് അൽഫോൻസ് തിരിച്ചെത്തിയിരുന്നു. ആലുവക്കാരായ നിവിൻ പോളിയും സിജു വിൽസണും ഞങ്ങളുടെ കൂട്ടത്തിലെത്തി.
അന്ന് ഒന്നിച്ചിരിക്കുമ്പോൾ അൽഫോൻസ് പറയും, ‘മ ലയാളസിനിമയുടെ മതിൽ ഒരു ദിവസം പൊളിയും. അന്നേരം അതിനുള്ളിലേക്ക് ഓടിക്കയറണം. അല്ലെങ്കിൽ ചിലരൊക്കെ ചേർന്ന് ആ മതിൽ വീണ്ടും കെട്ടും...’ 2010നു ശേഷം മലയാളത്തിൽ വന്ന സിനിമകൾ കണ്ടാൽ ആ മതിലു വീണ ത് എപ്പോഴെന്നു കൃത്യമായി മനസ്സിലാകും.
‘കമ്പനി ആർട്ടിസ്റ്റ്’ ആണെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. സൗഹൃദങ്ങളാണോ സിനിമയുടെ അടിത്തറ?
തീർച്ചയായും. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരമാണ് ആദ്യ സിനിമ. അൽഫോൻസിന്റെ തന്നെ പ്രേമമാണു സിനിമയിൽ ബ്രേക് തന്നത്. പ്രേമത്തിന്റെ പത്തു വർഷം ഈയിടെ ആഘോഷിച്ചു.
അന്നു മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നു. പ്രേമത്തിൽ ഒപ്പം അഭിനയിച്ച ജോർജ് കോര സംവിധാനം ചെയ്ത ആദ്യചിത്രം, തോൽവി എഫ്സി റിലീസായത് അതിനു തൊട്ടുമുൻപാണ്. സുഹൃത്തുക്കളുടെ സിനിമകളിൽ അഭിനയിച്ചു ‘കമ്പനി ആർട്ടിസ്റ്റ്’ ആയി എന്നു പറഞ്ഞതും ആ അർഥത്തിലാണ്.
വില്ലൻ വേഷങ്ങളിലേക്കെത്താൻ ധൈര്യം വന്നത് എങ്ങനെ?
പ്രേമത്തിനു ശേഷം വന്ന കഥാപാത്രങ്ങളിൽ എന്റെ ധൈര്യക്കുറവു കൊണ്ടു വിട്ടുകളഞ്ഞ കുറച്ചധികം നല്ല റോളുകളുണ്ട്. നല്ല ആക്ടറാണെന്നു വിശ്വാസമില്ലാത്തത് ആയിരുന്നു പ്രശ്നം. വരത്തനിലേക്ക് അമലേട്ടൻ (സംവിധായകൻ അമൽ നീരദ്) വിളിച്ചപ്പോൾ നോ പറയാനായില്ല. ആ റോളിനെ കുറിച്ചു മനോഹരമായി വിവരിച്ചുതന്നു.
സ്കൂളിൽ വച്ചു കുറച്ച് ഇടിയൊക്കെ ഞാനും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ചോരയും വയലൻസുമൊക്കെ മനംമടുപ്പിക്കും. പണ്ടു പരുത്തിവീരൻ സിനിമ കാണാൻ തിയറ്ററിൽ പോയി. ക്ലൈമാക്സിൽ മുത്തഴകിന്റെ തലയിൽ ആണി കയറുന്ന സീൻ കണ്ടു ഛർദിച്ചു. ദിവസങ്ങളോളം അതു വിങ്ങലായി. അതുകൊണ്ടാകും പെൺകുട്ടികളെ ഉപദ്രവിക്കുന്ന സീനിൽ അഭിനയിക്കില്ല എന്നൊരു ചിന്ത ഇപ്പോഴുണ്ട്.
അഞ്ചാം പാതിരയിൽ കത്തിയിൽ പുരട്ടിയിരുന്ന രക്തം കൂടുതലാണ് എന്നു പറഞ്ഞു ക്രൂവിനെ ഞെട്ടിച്ചിട്ടുണ്ട്. അ തിലും ഞെട്ടിയത് ആ സിനിമയ്ക്കു പിന്നാലെ തമിഴിലെ ആദ്യ ഓഫർ വന്നപ്പോഴാണ്. ഒരു ദിവസം അജു വർഗീസിന്റെ ഫോൺ, ‘തമിഴിലൊരു വേഷമുണ്ട്, ആർജെ ബാലാജി വിളിക്കും.’ സൊർഗവാസൽ എന്ന സിനിമയിലെ ക്രൂരനായ പൊലീസ് വേഷത്തിലേക്കു കാസ്റ്റ് ചെയ്യുമ്പോഴേ പറഞ്ഞിരുന്നു, ‘റൊമ്പ മോശവാനവൻ, ഡെവിളിഷ്...’ വരത്തൻ, അഞ്ചാം പാതിര, സൊർഗവാസൽ, പടക്കളം എന്നിവയ്ക്കു ശേഷം അഞ്ചാമത്തെ വില്ലൻ വേഷം ചർച്ചയിലാണ്. ഇതിന്റെ മറുവശത്ത് ഒട്ടും ടോക്സിക് അല്ലാത്ത നായകവേഷങ്ങൾ കിട്ടുന്നതിന്റെ സന്തോഷവുമുണ്ട്.
പടക്കളവും ഹലോ മമ്മിയും ഫാന്റസി - ഹൊറർ ജോണറിലാണല്ലോ. അത്തരം റിയൽ ലൈഫ് അനുഭവങ്ങളുണ്ടോ ?
വാപ്പച്ചി റിട്ടയറാകുന്നതിനു മുൻപു തന്നെ ഞങ്ങൾ ചൊവ്വരയിലെ വാപ്പച്ചിയുടെ നാട്ടിലേക്കു താമസം മാറിയിരുന്നു. രാത്രി പത്തിനാണ് അവസാനത്തെ ബസ്. സെക്കൻഡ് ഷോ കഴിഞ്ഞാൽ നടക്കുകയേ രക്ഷയുള്ളൂ. ആലുവ റെയിൽവേ സ്റ്റേഷനു പിന്നിലൂടെ നടന്നു പെരിയാർ ക്രോസ് ചെയ്ത് ഒറ്റ പോക്കാണ്. ആ നടപ്പുകൾക്കിടെ ഒരിക്കൽ പോലും ഒരു ഹൊറർ കഥാപാത്രത്തെയും മുന്നിൽ കണ്ടിട്ടില്ല.
പടക്കളത്തിൽ കോമഡിയും ഫാന്റസിയും കൂടുതലു ണ്ട്. രണ്ടാം പകുതിയിൽ സുരാജേട്ടനെ അനുകരിച്ചു എ ന്നൊക്കെ സിനിമ റിലീസായപ്പോൾ മീം കണ്ടു. എന്റെ കഥാപാത്രമായ രഞ്ജിത് സാർ, ഷാജി സാറിലേക്കു പരകായ പ്രവേശം നടത്തുമ്പോൾ സുരാജേട്ടൻ കൈ പിടിക്കുന്നതു പോലെയൊക്കെ വരാൻ ശ്രദ്ധിച്ചിരുന്നു.
ആ സിനിമ മറ്റൊരു ഭാഗ്യം കൂടി തന്നു, സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം കുറച്ചു സമയം ഒന്നിച്ചിരിക്കാൻ.
മക്കൾക്കു തമാശക്കാരനാകുന്നതാണോ ഇഷ്ടം?
ഭാര്യ ബീമയ്ക്കും മക്കൾ ദുവയ്ക്കും ആയത്തിനും തമാശ സിനിമകളാണ് ഇഷ്ടം. ദുവാ അഞ്ചാം ക്ലാസ്സിലും ആയത്ത് യുകെജിയിലുമാണ്. രണ്ടു പേർക്കും പേരിട്ടത് ഞാനാണ്, ദുവാ എന്നാൽ പ്രാർഥന എന്നും ആയത്ത് എന്നാൽ വചനമെന്നുമാണ്. ബീമ കളിയാക്കും, ‘മക്കളുടെ പേരു കേട്ടാൽ നാട്ടുകാർ ഞെട്ടും. നിങ്ങൾക്ക് ഇത്ര വിവരമുണ്ടോ എന്ന്...’
മക്കൾക്കു ഹലോ മമ്മി നന്നായി ഇഷ്ടപ്പെട്ടു. പടക്കളത്തിലെ വില്ലത്തരം അത്ര ഇഷ്ടപ്പെട്ടില്ല എന്നും മുഖത്തു നോക്കി പറഞ്ഞു. ദുവായ്ക്കു ജിംനാസ്റ്റിക്സും സ്കേറ്റിങ്ങുമൊക്കെയാണ് ഇഷ്ടം. ആയത്ത് വലിയ ആർട്ടിസ്റ്റാണ്, വീട്ടിലെ ഒരു ചുവരു പോലും ബാക്കി വച്ചിട്ടില്ല.
അടുത്ത കമ്പനി പടം എന്നാണ്?
ഉടൻ റിലീസാകാനുള്ള ഡിയർ സ്റ്റുഡന്റ്സ് സംവിധാനം ചെയ്തിരിക്കുന്നതു സുഹൃത്തുക്കളായ സന്ദീപും ജോർജുമാണ്. നിവിനും നയൻതാരയുമാണ് അതിൽ താരങ്ങൾ.