‘ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ...’ എന്ന സിനിമ ഡയലോഗ് പറഞ്ഞും എഴുതിയും ‘ക്രിഞ്ച്’ ആയെങ്കിലും ചിലരുടെ ജീവിതത്തോട്, പോരാട്ടങ്ങളോട്, ചേർത്തു വയ്ക്കുമ്പോൾ അതു വജ്രം പോലെ തിളങ്ങും. വിശേഷണത്തിന്റെയും പുകഴ്ത്തലിന്റെയും പൊള്ളത്തരത്തിനപ്പുറം അതിനൊരു കനം ലഭിക്കും. അത‌ാണ് ജോജു ജോർജിന്റെ സിനിമ ജീവിതത്തോടു ബന്ധപ്പെടുത്തുമ്പോൾ ഈ ഡയലോഗിന്റെ പ്രസക്തി. സംശയമേതുമില്ലാതെ, ഒട്ടും മടിക്കാതെ, ഉറപ്പിച്ചു പറയാം – ‘ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ...’!

ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി, അപമാനങ്ങളും അവസരത്തിനു വേണ്ടിയുള്ള അലച്ചിലുകളും താണ്ടി, മടുപ്പേതുമില്ലാതെ വർഷങ്ങളോളും പൊരുതി, ചെറു വേഷങ്ങളിലൂടെ വളർന്ന്, ഇപ്പോൾ നായകനായി നെഞ്ച് വിരിച്ചു നിൽക്കുന്നു ജോജു. താൻ കടന്നു വന്ന വഴികളെ, നേരിട്ട അനുഭവങ്ങളെ അയാൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. തെന്നിന്ത്യയാകെ ആരാധകരുള്ള, കോടികൾ പ്രതിഫലം വാങ്ങുന്ന, വലിയ താരമെങ്കിലും ജീവിതത്തിൽ അഭിനയിക്കാനോ, പ്രശസ്തിയുടെ സിംഹാസനത്തിൽ മതിമറന്നിരിക്കാനോ ജോജു തയാറല്ല. മറ്റാരെക്കാളും ജോജുവിനറിയാം, എത്ര കൊതിച്ച്, കഷ്ടപ്പെട്ട് താൻ നേടിയെടുത്തതാണ് സിനിമയിലെ ഈ വലിയ ഇടമെന്ന്. അതിന്റെ മഹത്വം കൂട്ടാൻ, ഒപ്പമുള്ളവരെ ചേർത്തു പിടിച്ചും അഭിനയത്തിൽ സ്വയം മുഴുകാനുള്ള അവസരങ്ങൾ തേടിയും വറ്റാത്ത ആവേശത്തോടെ അയാൾ മുന്നോട്ടു പോകുന്നു.

ADVERTISEMENT

ഇന്ന്, ഒക്ടോബർ 22ന്, നാൽത്തിയെട്ടാം വയസ്സിലേക്ക് കടക്കുകയാണ് ജോജു. വർഷങ്ങൾക്കു മുമ്പ്, മലയാളത്തിന്റെ പ്രിയസംവിധായകൻ ഷാജി കൈലാസിന്റെ ‘ബാബ കല്യാണി’ എന്ന സിനിമയിൽ ജൂനിയർ ആർ‌ട്ടിസ്റ്റായി അഭിനയിച്ച ഇടത്തു നിന്ന്, ഇപ്പോൾ അതേ സംവിധായകന്റെ പുതിയ സിനിമയില്‍ നായകനാകുന്നതിലേക്കെത്തിയിരിക്കുന്നു ജോജുവിന്റെ കരിയർ ട്രാക്ക്.

എ.കെ. സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനാകുന്ന ‘വരവ്’ എന്ന സിനിമ കോട്ടയം, ഇടുക്കി ജില്ലകളിലായി ഷൂട്ടിങ് പുരോഗമിക്കുകയാണ്. അവസരങ്ങൾക്കായി തന്നെ തേടി എത്തിയിരുന്ന ജൂനിയർ ആർട്ടിസ്റ്റിൽ നിന്നു ഇപ്പോഴത്തെ നായകപദവിയിലേക്കുള്ള ജോജുവിന്റെ വളർച്ച തൊട്ടടുത്തു നിന്നു കണ്ടയാളാണ് സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ.സാജൻ.

ADVERTISEMENT

‘‘25 വർഷമായി എനിക്കു ജോജുവിനെ അടുത്തറിയാം. സിനിമയിലേക്കുള്ള ആരുടെയും വരവ് പൂവിരിച്ച പാതയിലൂടെയല്ല. അതിൽ നിറയേ മുള്ളുകളും കുപ്പിച്ചില്ലുകളും ചതിക്കുഴികളുമാണ്. ഇതിനൊക്കെയിടയിലൂടെ നടന്ന് വിജയത്തിന്റെ വേദിയിലേക്കു കയറുന്നതിനു നിസ്സാരമായ ക്ഷമയും അർപ്പണവും പോര. പാഷൻ‌ കൊണ്ടു മാത്രം കാര്യമില്ല. ഇത്രയും വർഷത്തിനിടേ സിനിമയിൽ അവസരം തേടി നടക്കുന്ന എത്രയോ പേരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, അവരിൽ ഭൂരിഭാഗവും ജീവിതം സുരക്ഷിതമാക്കാൻ മറ്റൊരു ജോലിയോ അവസരമോ കിട്ടിയാൽ അങ്ങോട്ടേക്കു തിരിയുന്നവരാണ്. ‘ജീവിക്കണ്ടേ സാറേ’ എന്നു പറഞ്ഞാകും അവരുടെ പോക്ക്. ചുരുക്കം ചിലരേ അങ്ങനെയല്ലാതെയുള്ളൂ. വലിയ റിസ്കെടുത്ത്, പൊരുതി നിൽക്കുന്നവരാണവർ. അക്കൂട്ടത്തിലാണ് ജോജു. ജീവിതത്തിൽ രക്ഷപ്പെടും എന്ന ഉറപ്പോടെയൊന്നുമല്ല സിനിമയ്ക്കു വേണ്ടി അയാൾ മനസ്സർപ്പിച്ചു നിന്നത്. ഹോട്ടലും ഭൂമിക്കച്ചവടം ഉൾപ്പടെ പല ജോലികൾ ചെയ്തയാളാണ് ജോജു. അതൊക്കെയും സിനിമയിൽ അതിജീവിക്കുന്നതിനായിരുന്നു. അപ്പോഴൊന്നും സിനിമയെന്ന ഫോക്കസ് മാറിയില്ല. അവസരങ്ങൾക്കായി ഒരു വേട്ടക്കാരനെപ്പോലെ വേട്ടയാടി നടന്നവനാണ് ജോജു. അതിന്റെ ഫലമാണ് ജോജു ഇപ്പോഴിരിക്കുന്ന സ്ഥാനം. മലയാള സിനിമയിൽ ഒരു മുൻനിര നായകനാകുകയെന്നത് ഒട്ടും നിസ്സാരമല്ല. എവിടെയും ഇടറിപ്പോകാതെ, വീണു പോകാതെ, തന്റെ പാഷൻ മാത്രം നെഞ്ചോട് ചേർത്തു പിടിച്ചു ജീവിച്ച ഒരു ചെറുപ്പക്കാരൻ’’.– എ.കെ.സാജൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.



ADVERTISEMENT

പ്രേക്ഷകർ തിരിച്ചറിയും മുമ്പേ സിനിമ പ്രവർത്തകർക്കെല്ലാം ജോജു സുപരിചിതനായിരുന്നു. അവസരം തേടി നടന്ന കാലത്ത് സാജന്റെ വീട്ടിൽ ഒരു സ്ഥിരം സന്ദർശകനായിരുന്നു ജോജു. അക്കാലം മുതലേ ഇരുവർക്കുമിടയിൽ ആഴത്തിലുള്ള അടുപ്പവും സൗഹൃദവുമുണ്ട്. സുരേഷ് ഗോപി നായകനായി, എ.കെ.സജൻ തിരക്കഥയെഴുതിയ ‘നാദിയ കൊല്ലപ്പെട്ട രാത്രി’യിൽ നായകനൊപ്പമുള്ള ഒരു കമാൻഡോ റോൾ സാജൻ ജോജുവിനു വേണ്ടി എഴുതി. അങ്ങനെ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെയായിരുന്നു ജോജുവിന്റെ വളർച്ച. വർഷങ്ങൾക്കു ശേഷം സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പുലിമട’യിൽ ജോജു നായകനായി. ഇപ്പോഴിതാ, ‘വരവും’...

നടൻ, നിർമാതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ സിനിമയിൽ ജോജുവിന്റെ ഇടങ്ങൾ പലതാണ്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ മികച്ച വേഷങ്ങളോടെ തിളങ്ങി നിൽക്കുന്ന കരിയർ. ഇനിയുമിനിയും മുന്നോട്ടു പോകാനുള്ള പ്രതിഭയെന്ന ഇന്ധനവുമായി ജോജു യാത്ര തുടരുന്നു...ഒറ്റയ്ക്ക്...ഒറ്റയാനായി...

ADVERTISEMENT