കൊടുമൺ പോറ്റിക്കല്ലാതെ ആർക്ക്...മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ മികച്ച നടി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ചിദംബരം നേടി. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി. സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി.
മികച്ച ചിത്രം, സംവിധായകൻ, സ്വഭാവനടൻ, ഛായാഗ്രാഹകൻ, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപകൽപന, കളറിസ്റ്റ് എന്നിങ്ങനെ 10 പുരസ്കാരങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിയത്.
‘ലെവല്‍ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലി അഭിനയത്തിനുള്ള പ്രത്യേക പരാമർശത്തിന് അർഹനായി. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ടൊവീനോ തോമസിനെ സംസ്ഥാന പുരസ്കാരത്തിളക്കത്തിലേക്ക് എത്തിച്ചത്.
തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.