‘വൈകുന്നേരം വരെ പാർക്കിലും സ്ട്രീറ്റിലും നടന്നു തിരികെ വന്നപ്പോഴും ഷൂവില് ഒരു തുള്ളി അഴുക്കോ പൊടിയോ ഇല്ല’: ദീപക്കിന്റെ സിംഗപ്പൂർ ഡേയ്സ്
ചില അഭിനേതാക്കളുണ്ട്, അവരെ ഒരു സംവിധായകനോ തിരക്കഥാകൃത്തിനോ എങ്ങനെയും ഉപയോഗിക്കാം. നായകനോ, വില്ലനോ, സഹനായകനോ, സ്വഭാവ വേഷങ്ങളോ ആകട്ടേ, കഥാപാത്രം എന്തായാലും തങ്ങളുടേതായ രീതിയിൽ പിഴവുകളില്ലാതെ അവതരിപ്പിക്കുവാൻ ശേഷിയുള്ളവരാണിവർ. മലയാള സിനിമയുടെ യുവനിരയിൽ അങ്ങനെയൊരു സാന്നിധ്യമാണ് ദീപക് പറമ്പോൽ. മഞ്ഞുമ്മൽ ബോയ്സ്, പൊൻമാൻ, സർക്കീട്ട്, കണ്ണൂർ സ്ക്വാഡ് എന്നിങ്ങനെ സമീപകാലത്തു കിട്ടിയ എല്ലാ അവസരങ്ങളും വലുപ്പച്ചെറുപ്പമില്ലാതെ മികച്ചതാക്കി, പുതിയ പുതിയ വേഷങ്ങളിലേക്കു നീങ്ങുകയാണ് ദീപക്. ഇപ്പോൾ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ ഉൾപ്പടെ ഒരു പിടി വലിയ സിനിമകളുടെയും ഭാഗമാണ്.
ഭാര്യയും നടിയുമായ അപർണ ദാസിനൊപ്പം ഒരു സിംഗപ്പൂർ യാത്ര കഴിഞ്ഞു വന്ന്, വീണ്ടും തിരക്കുകളിലേക്കു കടക്കുകയാണ് ദീപക്. ആദ്യത്തെ സിംഗപ്പൂർ ട്രിപ്പ് ജീവിതത്തിലെ മനോഹരമായ ഒരനുഭവമായെന്നു താരം പറയുന്നു.
‘‘ഉല്ലാസ യാത്രയുടെ പറുദീസ എന്ന പദവിക്കു യോഗ്യതയുള്ള ഒരു രാജ്യമുണ്ടെങ്കിൽ അതു സിംഗപ്പൂരാണെന്നു പറയുന്നത് വെറുതേയല്ല. അഞ്ച് ദിവസം ഞങ്ങൾ അവിടെയുണ്ടായിരുന്നു. ഈ ദിവസങ്ങളോരോന്നും ജീവിതത്തിലെ മനോഹരമായ കാഴ്ചകളുടെയും അനുഭവങ്ങളുടെയും മണിക്കൂറുകളാണ് സമ്മാനിച്ചത്. കേൾക്കുമ്പോൾ അതിശയോക്തിയാണെന്നു തോന്നുന്ന ഒരു കാര്യം പറയാം. പക്ഷേ, സത്യമാണ്. അതായത്, അവിടെ ചെന്ന ദിവസം ഞാൻ ഒരു വെള്ള ഷൂവാണ് എടുത്തിട്ടത്. സോളും ലേസും ഉൾപ്പടെ നല്ല പാലിന്റെ നിറമുള്ള ഒന്ന്. നമ്മുടെ നാട്ടിലാണെങ്കിൽ, സാധാരണ രണ്ടോ മൂന്നോ മണിക്കൂർ കഴിയുമ്പോഴേ അതില്‍ പൊടിയും ചെളിയുമൊക്കെ പറ്റി കഴുകാതെ ഉപയോഗിക്കാനാകില്ലെന്ന അവസ്ഥയാകും. പക്ഷേ, അവിടെ ഞാനതും ധരിച്ച് സ്ട്രീറ്റുകളിലൂടെയും പാർക്കുകളിലൂടെയുമൊക്കെ മണിക്കൂറുകളോളം നടന്നിട്ടും ഒരു തുള്ളി അഴുക്കോ പൊടിയോ പറ്റിയില്ലെന്നതാണ് സത്യം. വൈകുന്നേരം താമസിക്കുന്ന ഹോട്ടലിർ തിരികെയെത്തിയപ്പോഴും രാവിലെ എടുത്തിട്ട പോലെ ക്ലീൻ ആയിരുന്നു ഷൂ. സത്യത്തിൽ വലിയ അതിശയം തോന്നി. അത്രത്തോളം വൃത്തിയാണ് അവിടെ. വൃത്തിയുടെ കാര്യത്തിൽ മാത്രമല്ല, സമയനിഷ്ഠയിലും നിയമം പാലിക്കുന്നതിലും പൊതുവിടങ്ങളിലെ പെരുമാറ്റരീതിയിലുമൊക്കെ അവിടുത്തെ നിയമസംവിധാനവും ജനങ്ങളും പുലർത്തുന്ന ജാഗ്രത മാതൃകാപരമാണ്. അവിടെ താമസിക്കുന്ന ചില തമിഴരോടൊക്കെ ഞാൻ സംസാരിച്ചിരുന്നു. അവരെല്ലാം പറഞ്ഞത് ഇത്തരം കാര്യങ്ങളിലെ അവിടുത്തുകാരുടെ ശ്രദ്ധയെക്കുറിച്ചാണ്. സിറ്റിയിൽ ധാരാളം മരങ്ങളും ചെടികളുമൊക്കെയുണ്ട്. മരങ്ങളിലൊക്കെ ചിപ്പുകളുണ്ട്. ഒരു കൊമ്പൊടിഞ്ഞു വീണാലോ മറ്റോ പെട്ടെന്നു തന്നെ ആളുകൾ വന്ന് അതു മാറ്റി അവിടം വൃത്തിയാക്കും. അങ്ങനെ നല്ല ശീലങ്ങളുടെ ഒരു വലിയ ഇടമാണ് സിംഗപ്പൂർ. പുസ്തകത്തിൽ എഴുതിവച്ചതു പോലെ ജീവിക്കുന്നവരാണ് അവിടുത്തുകാർ. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പരിഗണിക്കുമ്പോൾ, നമ്മുടെ നാടാണ് വളരെയേറെ മുമ്പിൽ. മറ്റൊന്ന് വിലയാണ്. ഒരു റെസ്റ്റൊറന്റിൽ കയറി ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ കുറഞ്ഞത് ഇവിടുത്തെ 5000 രൂപയാകും. അതുപോലെ പറഞ്ഞ സമയത്ത് ചില കാര്യങ്ങൾ ചെയ്യാൻ പറ്റിയില്ലെങ്കിൽ നല്ല ഫൈൻ വന്നേക്കാം. എന്തായാലും കേബിൾ കാർ യാത്ര, ഇൻഡോർ തീം പാർക്ക്, നൈറ്റ് സഫാരി, യൂണിവേഴ്സൽ സ്റ്റുഡിയോ, സിംഗപ്പൂർ സിറ്റി ടൂർ, ഓർക്കിഡ് ഗാർഡൻ, നാഷനൽ മോസ്ക്, ലേക് ഗാർഡൻസ്, ദേശീയ സ്മാരകം, സ്വാതന്ത്ര്യ ചത്വരം എന്നിങ്ങനെ മറക്കാനാകാത്ത ഒരു യാത്രാനുഭവമാണ് സിംഗപ്പൂർ സമ്മാനിച്ചത്’’.– ദീപക് ‘വനിത ഓൺലൈനോട്’ പറഞ്ഞു.
സിംഗപ്പൂർ യാത്രയുടെ ചിത്രങ്ങൾ അപർണ ദാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സിംഗപ്പൂരിലെ മനോഹകാഴ്ചകള്‍ക്കൊപ്പമുള്ള അപർണയുടെയും ദീപക്കിന്റെയും ചിത്രങ്ങൾ ഒരു കവിത പോലെ സുന്ദരം.
ചോദിച്ചു വാങ്ങിയ വേഷം
നടൻ എന്ന നിലയിൽ ദീപക് പറമ്പോലിന്റെ വേറിട്ട ഗെറ്റപ്പും പ്രകടനുമാണ് ‘പൊൻമാൻ’ സിനിമയിലെ മാർക്കണ്ഡേയ ശർമ്മ. മുടി നീട്ടി വളർത്തിയ, നടനായ മാർക്കണ്ഡേയ ശർമ്മയെ മികവുറ്റതാക്കാൻ ദീപക്കിനായി. യഥാർത്ഥ സംഭവത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട്, ജി.ആർ. ഇന്ദുഗോപൻ എഴുതിയ ‘നാലഞ്ചു ചെറുപ്പക്കാർ’ എന്ന നോവലാണ് ജ്യോതിഷ് ശങ്കറിന്റെ സംവിധാനത്തിൽ ‘പൊൻമാൻ’ സിനിമയായത്.
‘‘ഞാൻ ചോദിച്ചു വാങ്ങിയ അവസരമാണ് പൊൻമാനിലേത്. എന്റെയും അപർണയുടെയും കല്യാണം തീരുമാനിച്ച സമയമാണ്. പണച്ചിലവുണ്ട്. കയ്യിലാണെങ്കില്‍ കാര്യമായ സമ്പാദ്യമൊന്നുമില്ല. കടം വാങ്ങേണ്ടി വരും. ‘അതൊന്നും വേണ്ട, നമുക്ക് ശരിയാക്കാം’ എന്നൊക്കെ അപർണ പറഞ്ഞെങ്കിലും നല്ല ടെൻഷനുണ്ടായിരുന്നു. അപ്പോഴാണ് പരിചയത്തിലുള്ള എല്ലാവർക്കും അവസരം ചോദിച്ച് മെസേജുകൾ അയച്ചത്. ജ്യോതിഷേട്ടൻ സിനിമ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ, അദ്ദേഹത്തിനും അയച്ചു. ‘നിനക്ക് പറ്റിയ വേഷമൊന്നുമില്ല’ എന്നാണ് ജ്യോതിഷേട്ടൻ ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഒരു ഫോട്ടോ അയയ്ക്കാൻ പറഞ്ഞു. ഞാനപ്പോൾ മുടി ചെറുതായി നീട്ടി വളർത്തിയിരുന്നു. പടം കണ്ടപ്പോൾ, ‘കൊല്ലം വരെയൊന്നു വന്നു കാണാമോ’ എന്നു ചോദിച്ചു. ചെന്നു കണ്ടു. അങ്ങനെയാണ് മാർക്കണ്ഡേയ ശർമ്മയായത്. ഏറെ ആസ്വദിച്ച് ചെയ്ത വേഷമാണത്. തൊട്ടുപിന്നാലെ വേറെയും അവസരങ്ങൾ വന്നു. അങ്ങനെ കടം വാങ്ങാതെ കല്യാണം നടത്താനായി. മഞ്ഞുമ്മൽ ബോയ്സും പൊൻമാനും കണ്ണൂർ സ്ക്വാഡും സർക്കീട്ടുമൊക്കെ നല്ല അഭിപ്രായം നേടിത്തന്ന വേഷങ്ങളാണ്. വളരെയേറെ സന്തോഷം’’.– ദീപക് പറഞ്ഞു.
മൃദുൽ നായര്‍ സംവിധാനം ചെയ്യുന്ന ‘തട്ടും വെള്ളാട്ടം’ എന്ന സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നതിന്റെ സന്തോഷത്തിലുമാണ് ദീപക് ഇപ്പോൾ. സൗബിൻ ഷാഹിറാണ് ഒപ്പം. ചിത്രത്തിൽ തെയ്യം കലാകാരനായാണ് ദീപക് വേഷമിടുന്നത്.