‘ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’: രൂക്ഷ പ്രതികരണവുമായി ബൈജു
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ സർക്കാർ ആദരിച്ച വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. ഫാൽക്കെ പുരസ്കാരം അടൂരിന് ലഭിച്ചപ്പോൾ അന്നൊന്നും സർക്കാർ അനുമോദന ചടങ്ങ് സംഘടിപ്പിച്ചില്ലായിരുന്നു എന്ന അടൂരിന്റെ പരാമർശമാണ് ചർച്ചയായത്.
ഇതിനിടെ, മോഹൻലാലിനെ ഒരിക്കലും സിനിമയിൽ കാസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് അടൂർ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഉൾപ്പെടെയുള്ള വിഡിയോയും പ്രചരിച്ചു. ‘മോഹൻലാലിന് വല്ലാത്തൊരു ഇമേജ് ആണ്. ഒരു നല്ലവനായ റൗഡി, എനിക്ക് ആ റോൾ പറ്റുകില്ല. നല്ലവനായ റൗഡി എന്ന അവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. റൗഡി എങ്ങനെയാണ് നല്ലവനാകുന്നത് ?’ എന്നായിരുന്നു അടൂരിന്റെ അന്നത്തെ പരാമർശം.
ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ ബൈജു സന്തോഷ്.
മേൽവിവരിച്ച രണ്ട് സന്ദർഭങ്ങളും ചേർത്തുകൊണ്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് ബൈജു രൂക്ഷമായ കമന്റുമായി എത്തിയത്. ‘ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’ എന്നായിരുന്നു ബൈജു സന്തോഷ് കമന്റിട്ടത്.
ബൈജുവിന്റെ പ്രതികരണം ഇതിനോടകം വൈറലാണ്.