‘ഇതുപോലുള്ള ഓർമ്മകൾ നിധിപോലെ സൂക്ഷിക്കുന്ന സുഹൃത്തുക്കൾക്ക് നന്ദി...’: സന്തോഷം പങ്കുവച്ച് അനു സിതാര
മലയാള സിനിമയുടെ യുവനായിക അനു സിതാര നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ്. ഇപ്പോഴിതാ, സ്കൂൾ കാലത്തെ നൃത്തവേദിയിൽ നിന്നുള്ള തന്റെ ഒരു ഓർമച്ചിത്രം സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
സ്കൂള്‍ കലോത്സവ കാലഘട്ടത്തില്‍ വേദിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചതിന്റെ വാര്‍ത്തയും ചിത്രവും വന്ന ന്യൂസ്പേപ്പര്‍ കട്ടിങ്ങാണ് അനു സിതാര പങ്കിട്ടിരിക്കുന്നത്. ‘കലോത്സവത്തിന്റെ ഓർമ്മകൾ... എന്റെ ബാല്യകാല സുഹൃത്ത് ഞങ്ങളുടെ സ്കൂൾ കലോത്സവത്തിലെ ഈ പത്രക്കഷ്ണം 11 വർഷമായി ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്നു. സമയം എങ്ങനെ പറക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...ഇതുപോലുള്ള ഓർമ്മകൾ നിധിപോലെ സൂക്ഷിക്കുന്ന സുഹൃത്തുക്കൾക്ക് നന്ദി...’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
‘ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ അനു സിതാര...’ എന്നാണ് പത്രത്തിലെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഒപ്പം സ്കൂളിന്റെ പേരുമുണ്ട്.
സഹതാരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്.