‘അവർ സംസാരിക്കട്ടെ, അവരുടെ പ്രശസ്തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ’: മറുപടിയുമായി അജ്മൽ അമീർ
തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദങ്ങളിൽ മറുപടിയുമായി നടൻ അജ്മൽ അമീർ.
‘അവർ സംസാരിക്കട്ടെ, അവരുടെ പ്രശസ്തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ, നിങ്ങളെ അപമാനിക്കട്ടെ, വഞ്ചിക്കട്ടെ, തകർക്കാൻ ശ്രമിക്കട്ടെ. എന്നിരുന്നാലും, ക്ഷമിക്കുക. കാരണം, നിങ്ങളുടെ ശാന്തതയാണ് നിങ്ങളുടെ ശക്തി. ശ്രദ്ധ നേടാൻ അവർ നിങ്ങളെ ഉപയോഗിക്കുന്നത്, അതു നിങ്ങളുടെ കരുത്ത് വെളിപ്പെടുത്തുക മാത്രമേയുള്ളൂ. അവർ വരുത്തുന്ന ഓരോ മുറിവും നിങ്ങളുടെ അറിവ് വർധിപ്പിക്കും. ഓരോ അവസാനവും ഒരു പുതിയ തുടക്കമാകും. വീണ്ടും ഉയിർത്തെഴുന്നേൽക്കുക, കൂടുതൽ ശക്തനായും, തിരിച്ചറിവുള്ളവനായും, അജയ്യനായും മാറുക’– അജ്മൽ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.
സമൂഹമാധ്യമങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം അജ്മലിന്റെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നത്. വാട്സാപ്പ് കോൾ റെക്കോർഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് പ്രചരിച്ചത്. സെക്സ് സംഭാഷണത്തിൽ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്.
തന്റെ പേരിൽ വന്ന വാട്ട്സാപ്പ് വിഡിയോ സന്ദേശങ്ങൾ എഐ നിർമിതമാണെന്ന് വിശദീകരിച്ചുകൊണ്ട് അജ്മൽ അമീർ നേരത്തെ ഒരു വിഡിയോ പങ്കുവച്ചിരുന്നു. എന്നാൽ, ഈ വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളാണ് നടനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.