മായയുടെ ആഗ്രഹം അറിഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞു, ‘അത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല’: രാജാവിന്റെ മകളുടെ തുടക്കം
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെയും സുചിത്രയുടെയും മകൾ വിസ്മയ അഭിനയരംഗത്തേക്കു കടക്കുന്ന ‘തുടക്കം’ സിനിമയുടെ പൂജാ ചടങ്ങിന്റെ വിഡിയോ വൈറൽ. ചടങ്ങിൽ, മകൾ അപ്രതീക്ഷിതമായി അഭിനയത്തിലേക്ക് കടന്നുവന്നതിലുള്ള സന്തോഷം പങ്കുവച്ച് സുചിത്ര മോഹൻലാൽ സംസാരിച്ചത് ശ്രദ്ധേയമായി. മകനും മകളും ചേർന്ന് പണ്ടൊരിക്കൽ വീട്ടിൽ ആംഗ്രി വിസ്മയ എന്നൊരു ഹോം സിനിമ ചെയ്തിരുന്നെന്നും അതിന്റെ ക്യാമറ ചെയ്തത് താനായിരുന്നുവെന്നും സുചിത്ര.
‘‘മായ കുറച്ചു വർഷങ്ങൾക്ക് മുൻപ് അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ചേട്ടനോട് പറഞ്ഞു. അപ്പോൾ ചേട്ടൻ പറഞ്ഞു അത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പക്ഷേ നമ്മുടെ പിള്ളേർ വന്നിട്ട് അവരുടെ ഭാവിെയ പറ്റി എന്തെങ്കിലും പറയുമ്പോൾ അവരെ പിന്തുണക്കുക എന്നുള്ളതാണ് നമ്മുടെ കടമ. അതാണ് ഞങ്ങൾ ചെയ്തത്. അങ്ങനെയാണ് ജൂഡുമായി രണ്ടു മൂന്നു കൊല്ലം മുൻപ് സംസാരിച്ചത്. ജൂഡ് വേറെ രണ്ട് കഥ കൊണ്ടുവന്നു. അത് നമുക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഇരിക്കുമ്പോ ഞാൻ വിശാഖിനോട് പറഞ്ഞു, വിശാഖേ (വിശാഖ് സുബ്രഹ്മണ്യം) ജൂഡിന്റെ ഒരു വിവരവും ഇല്ലല്ലോ. വിശാഖ് പറഞ്ഞു, ‘ചേച്ചി ജൂഡ് അല്ലേ എപ്പോഴും എന്തെങ്കിലും കൊണ്ടുവരും’. അതുപോലെ ജൂഡ് ഈ കഥ കൊണ്ടുവന്നപ്പോൾ എനിക്ക് ഇഷ്ടമായി’– സുചിത്ര മോഹൻലാൽ പറഞ്ഞു.
പിതാമഹന്മാരുടെയും ദൈവത്തിന്റെയും അനുഗ്രഹത്തോടെ മകൾക്കും ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷിനും വിജയാശംസകൾ നേർന്നാണ് സുചിത്ര മോഹൻലാൽ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.