‘ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ പറയണമെന്ന് തോന്നി’: പ്രതികരിച്ച് ആനന്ദ് മന്മഥനും
55 ആം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ ജൂറി ചെയർമാൻ പ്രകാശ് രാജ് കുട്ടികളുടെ സിനിമകളെക്കുറിച്ച് നടത്തിയ പരാമർശം ചർച്ചയാകുന്നു. ബാലതാരങ്ങളുടെ വിഭാഗത്തിൽ പരിഗണിക്കാൻ അർഹമായ എൻട്രികളൊന്നും വന്നില്ല എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനും ഈ നിലപാടിനോട് ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി.
‘കഴിഞ്ഞ വർഷം നല്ല പെർഫോർമൻസുകൾ കാഴ്ച്ച വച്ച ബാല താരങ്ങൾ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോൾ പറയണമെന്ന് തോന്നി’ എന്നാണ് ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ സിനിമയുടെ പോസ്റ്റർ പങ്കുവച്ച് താരം കുറിച്ചത്.
‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ സംവിധായകൻ വിനീഷ് വിശ്വനാഥനും പ്രതിഷേധമറിയിച്ചു. ‘അർഹിക്കുന്ന എൻട്രികളൊന്നും ‘ബെസ്റ്റ് ചൈൽഡ് ആക്ടർ’ വിഭാഗത്തിൽ ഇല്ലെന്ന ലോകത്ത്, അവർ തലയെടുപ്പോടെ നിൽക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.
ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ചിത്രത്തെയും ബാലതാരത്തെയും ജൂറി പരിഗണിച്ചിരുന്നില്ല.