‘ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഘോഷിക്കുന്നു’: രൂക്ഷമായി വിമർശിച്ച് ശ്രുതി ശരണ്യം
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് സംവിധായിക ശ്രുതി ശരണ്യം. ലൈംഗിക കുറ്റവാളികളെപ്പോലും യാതൊരു മടിയുമില്ലാതെ ആഘോഷിക്കുകയാണെന്ന്, ‘കേരള സ്റ്റേറ്റ് മസ്കുലിൻ അവാർഡുകൾ’ എന്ന തലക്കെട്ടില്‍ ശ്രുതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘കേരള സ്റ്റേറ്റ് മസ്‌കുലിന്‍ അവാര്‍ഡ്‌സ് - പ്രധാന ഭാഗങ്ങൾ.
എന്‍ട്രികളുടെ പത്ത് ശതമാനം മാത്രമേ സ്ത്രീകേന്ദ്രീകൃത സിനിമകൾ ഉണ്ടായിരുന്നുളളൂവെന്നാണ് ജൂറി ചെയര്‍മാന്‍ തന്നെ പറഞ്ഞത്. എന്നിട്ട് അവര്‍ ഒരു ‘ഹൊയ്‌ഡെനിഷ്’ സിനിമയ്ക്കുമേല്‍ അവാര്‍ഡുകള്‍ ചൊരിഞ്ഞു. അതും പോരാതെ, ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഘോഷിക്കുന്നു. ‘ബഹുമാനപ്പെട്ട’ ജൂറിക്കു മെയിൽ ഗെയ്‌സ് (പുരുഷ നോട്ടം) എന്താണെന്ന് മനസിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് വ്യക്തം. ഇതിനിടെ കാനിലും സിയോളിലും തരംഗം സൃഷ്ടിച്ച സ്ത്രീകേന്ദ്രീകൃത സിനിമകളടക്കം സൗകര്യപൂര്‍വം മാറ്റി നിര്‍ത്തപ്പെടുന്നു. അവന്റെ സിനിമ. അവന്റെ അവാര്‍ഡ്. അവന്റെ നോട്ടം’.– ശ്രുതി കുറിച്ചതിങ്ങനെ.
അതേസമയം ലൈംഗികാരോപണക്കേസിൽ ആരോപണവിധേയനായ റാപ്പർ വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നൽകിയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.