ഇതു തിലകന് അല്ലേ...ഒറ്റനോട്ടത്തിൽ മനസ്സിലാകുന്നില്ലല്ലോ... ഷമ്മിയുടെ ‘വിലായത്ത് ബുദ്ധ’ ലുക്ക്
മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് റിലീസിനൊരുങ്ങുന്ന ‘വിലായത്ത് ബുദ്ധ’. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഷമ്മി തിലകനാണ്. ഭാസ്കരൻ എന്ന കഥാപാത്രമാണ് ഷമ്മിയുടേത്. ഇപ്പോഴിതാ, ചിത്രത്തിലെ ഷമ്മിയുടെ ലുക്ക് കണ്ട്, ഇത് തിലകൻ അല്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഷമ്മിയുടെ ലുക്ക് ഒറ്റനോട്ടത്തിൽ താരത്തിന്റെ പിതാവും മലയാളത്തിന്റെ മഹാനടനുമായ തിലകനെ ഓർമിക്കുന്നതാണ്.
ഉർവ്വശി തിയേറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദീപ് സേനനും എ.വി. അനൂപും ചേർന്നു നിർമ്മിക്കുന്ന വിലായത്ത് ബുദ്ധ നവാഗതനായ ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി.ആർ. ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - അരവിന്ദ് കശ്യപ്, രണദിവെ, എഡിറ്റിങ് - ശ്രീജിത്ത് ശ്രീരംഗ്.