‘തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ, ശരീരവും ആത്മാവും പഴയതുപോലെയാക്കണം’: സന്തോഷം പങ്കുവച്ച് ഹനുമാൻകൈൻഡ്
യൂറോപ്പ് പര്യടനത്തിന്റെ അവസാന ഷോയിൽ വച്ച് വലത് കാൽമുട്ടിന്റെ ലിഗമെന്റിന് പരുക്കേറ്റതു ഭേദമായെന്നും ആരോഗ്യ നില പൂർവസ്ഥിതിയിലായെന്നും റാപ്പർ ഹനുമാൻകൈൻഡ്. ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി നോർത്ത് അമേരിക്കൻ പര്യടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ശരീരവും ആത്മാവും പഴയതുപോലെയാക്കണം. നിങ്ങളിൽ പലരും എന്റെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചെങ്കിലും എല്ലാവർക്കും മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല, പക്ഷേ എല്ലാവര്‍ക്കും നന്ദി. ഒരുപാട്, ഒരുപാട് സ്നേഹം. അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയായിരിക്കും നോർത്ത് അമേരിക്ക ടൂർ നടക്കുക’.– ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഹനുമാൻകൈൻഡ് കുറിച്ചു.
യൂറോപ്പ് പര്യടനത്തിന്റെ അവസാന ഷോയിൽ വലത് കാൽമുട്ടിന്റെ ലിഗമെന്റിന് പരുക്കേറ്റതായി ഹനുമാൻകൈൻഡ് നേരത്തെ അറിയിച്ചിരുന്നു.
‘നോർത്ത് അമേരിക്കയിലുള്ളവരോട് നിർഭാഗ്യകരമായ ഒരു വിവരം പങ്കുവയ്ക്കാനുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, അടുത്തിടെ ഞാൻ യൂറോപ്യൻ പര്യടനം പൂർത്തിയാക്കി. എന്നാൽ ലണ്ടനിലെ അവസാന ഷോയിൽ വച്ച് എന്റെ വലത് കാൽമുട്ടിലെ ലിഗമെന്റിന് പരിക്കേറ്റു. ശസ്ത്രക്രിയ മാത്രമാണ് ഏക പരിഹാരം. ഈ മാസം തന്നെ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിൽ എനിക്ക് യാത്ര ചെയ്യാനും പരിപാടി നടത്താനും കഴിയില്ല. കാലിന് സുഖം പ്രാപിക്കാനും ഏറ്റവും മികച്ച സംഗീത പരിപാടികൾ ചെയ്യാനും വിശ്രമം ആവശ്യമാണ്. നിങ്ങൾക്ക് 100 ശതമാനവും നൽകുന്നത് മാത്രമാണ് ശരി’.– എന്നാണ് ഹനുമാൻകൈൻഡ് കുറിച്ചത്.
‘ബിഗ് ഡോഗ്സ്’ എന്ന ഒറ്റ ട്രാക്കിലൂടെ ലോകത്തെമ്പാടുമുള്ള സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ റാപ്പർ ആണ് മലയാളിയായ ഹനുമാൻകൈൻഡ്.