സോജപ്പനാടാ...കയ്യടിക്കടാ...‘പച്ചവെള്ളം തച്ചിന് സോജപ്പന്‍’ ആഘോഷമാക്കി സോഷ്യൽ മീഡിയ
നടൻ പൃഥ്വിരാജിന്റെ കരിയറിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ് ബാബു ജനാര്‍ദനന്‍ എഴുതി മഹേഷ് സംവിധാനം ചെയ്ത ‘കലണ്ടര്‍’. 2009-ല്‍ റിലീസായ സിനിമയിൽ ഓലിക്കര സോജപ്പൻ എന്ന കൗശലക്കാരന്റെ വേഷത്തിലായിരുന്നു താരം. പക്ഷേ, കാലം പോകെ സോജപ്പനെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. സിനിമയിലെ പ്രത്യേക ഭാവത്തിലുള്ള പൃഥ്വിയുടെ ചിത്രങ്ങൾ മീമുകളായി പ്രചരിച്ചു. തൊട്ടു പിന്നാലെ ‘പച്ചവെള്ളം തച്ചിന് സോജപ്പന്‍’ എന്നാരംഭിക്കുന്ന പാട്ടും ട്രോളൻമാർ ആഘോഷമാക്കി.
ഇപ്പോഴിതാ, സോജപ്പന്റെ ‘പച്ചവെള്ളം’ പാട്ടിന്റെ 4Kഫോർമാറ്റ് പുറത്തിറങ്ങിയിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അഫ്‌സല്‍ യൂസഫ്.
നവ്യ നായര്‍, സെറീന വഹാബ്, മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ചിത്രത്തില്‍ സോജപ്പന്‍ നവ്യ നായര്‍ അവതരിപ്പിച്ച കൊച്ചുറാണിയുമായി പ്രണയത്തിലായ ശേഷം ഒരു ആക്‌സിഡന്റില്‍ മരിക്കുന്നതാണ് കഥാഗതിയിലെ നിർണായക വഴിത്തിരിവ്.