‘ഈ തീരുമാനം മാറ്റണം...നിങ്ങളെ സ്ക്രീനിൽ കണ്ടു കൊതിതീർന്നിട്ടില്ല...’: ആരാധകർ പറയുന്നു, ‘മിസ് യൂ ദളപതീ...’
നിലവിൽ തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ചലച്ചിത്രനടൻ ആരാണ് ? നിസ്സംശയം മറുപടി പറയാം – വിജയ്! കഴിഞ്ഞ ദിവസം മലേഷ്യയിലെ ‘ജനനായകന്‍’ ഓഡിയോ ലോഞ്ചിലേക്ക് ഒഴുകിയെത്തിയ മനുഷ്യരും അതാണ് തെളിയിക്കുന്നത്. സിനിമയിൽ തന്റെ ‘വൺ ലാസ്റ്റ് ടൈം’ എന്നാണ് ഈ സിനിമയെ വിജയ് വിശേഷിപ്പിക്കുന്നത്. അതിന്റെ വേദന
നിലവിൽ തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ചലച്ചിത്രനടൻ ആരാണ് ? നിസ്സംശയം മറുപടി പറയാം – വിജയ്! കഴിഞ്ഞ ദിവസം മലേഷ്യയിലെ ‘ജനനായകന്‍’ ഓഡിയോ ലോഞ്ചിലേക്ക് ഒഴുകിയെത്തിയ മനുഷ്യരും അതാണ് തെളിയിക്കുന്നത്. സിനിമയിൽ തന്റെ ‘വൺ ലാസ്റ്റ് ടൈം’ എന്നാണ് ഈ സിനിമയെ വിജയ് വിശേഷിപ്പിക്കുന്നത്. അതിന്റെ വേദന
നിലവിൽ തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ചലച്ചിത്രനടൻ ആരാണ് ? നിസ്സംശയം മറുപടി പറയാം – വിജയ്! കഴിഞ്ഞ ദിവസം മലേഷ്യയിലെ ‘ജനനായകന്‍’ ഓഡിയോ ലോഞ്ചിലേക്ക് ഒഴുകിയെത്തിയ മനുഷ്യരും അതാണ് തെളിയിക്കുന്നത്. സിനിമയിൽ തന്റെ ‘വൺ ലാസ്റ്റ് ടൈം’ എന്നാണ് ഈ സിനിമയെ വിജയ് വിശേഷിപ്പിക്കുന്നത്. അതിന്റെ വേദന
നിലവിൽ തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ചലച്ചിത്രനടൻ ആരാണ് ?
നിസ്സംശയം മറുപടി പറയാം – വിജയ്!
കഴിഞ്ഞ ദിവസം മലേഷ്യയിലെ ‘ജനനായകന്‍’ ഓഡിയോ ലോഞ്ചിലേക്ക് ഒഴുകിയെത്തിയ മനുഷ്യരും അതാണ് തെളിയിക്കുന്നത്. സിനിമയിൽ തന്റെ ‘വൺ ലാസ്റ്റ് ടൈം’ എന്നാണ് ഈ സിനിമയെ വിജയ് വിശേഷിപ്പിക്കുന്നത്. അതിന്റെ വേദന അദ്ദേഹത്തിന്റെ ആരാധകരിൽ എത്രത്തോളം ആഴത്തിലാണ് പതിഞ്ഞിരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിയുന്ന ‘മിസ് യൂ ദളപതീ...’ ഹാഷ് ടാഗുകൾ കണ്ടാൽ മനസ്സിലാകും.
ചിലർ ചോദിക്കുന്നു, ‘രാഷ്ട്രീയം വേണോ...? നിങ്ങളെ സ്ക്രീനിൽ കണ്ടു കൊതിതീർന്നിട്ടില്ല...’, മറ്റുചിലർ പറയുന്നു, ‘ഈ തീരുമാനം മാറ്റണം. വർഷത്തിൽ ഒരു സിനിമ താങ്കളുടേതായി വേണം’. പക്ഷേ, വിജയ് തീരുമാനിച്ചിരിക്കുന്നത് ഇനി സിനിമയേ ഇല്ലെന്നാണ്. എങ്കിലും പ്രതീക്ഷകൾക്ക് അവസാനമില്ല, ഒന്നും ഇവിടെ അവസാനിക്കുന്നില്ലെങ്കിലോ...?
ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ആരാധകരുടെ ‘ദളപതി’യ്ക്ക് ഇത്രയേറെ ജനപ്രീതിയും താരമൂല്യവുമുണ്ടായതെന്തേ ? സിനിമയുടെ വാണിജ്യമേഖലയിൽ പകരം വയ്ക്കാനില്ലാത്ത ‘പ്രീമിയം പ്രൊഡക്ട്’ ആയി അയാൾ മാറിയതെങ്ങനെ ?
ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തേടേണ്ടത് വിജയ്‌യുടെ പതിറ്റാണ്ടുകൾ കടന്ന സിനിമായാത്ര കൃത്യമായി പഠിച്ചുകൊണ്ടാകണം.
ഒരു സുപ്രഭാതത്തിൽ, ഏതെങ്കിലുമൊരു വലിയ വിജയത്തിന്റെ തേരിലേറി താരപദവിയിലേക്കെത്തിപ്പെട്ടതല്ല വിജയ്. പരാജയങ്ങളും അപമാനങ്ങളും വിജയങ്ങളും പ്രതിസന്ധികളുമൊക്കെ താണ്ടി, പരുവപ്പെട്ട്, തനിക്കായുള്ള സിംഹാസനം സ്വയം പണിതെടുത്താണ് വിജയ് ദളപതിയായത്.
സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് പ്രഖ്യാപിച്ചപ്പോഴും വിജയ്ക്ക് വിജയിക്കാനായേക്കാം എന്നു പ്രേക്ഷകർക്കു തോന്നുന്നതും അയാളുടെ ആ പ്രീവിയസ് ഹിസ്റ്ററിയിലുള്ള പ്രതീക്ഷകളാലാണ്.
അല്ലെങ്കിലും ‘എലി മൂഞ്ചി’ എന്നു പരിഹസിക്കപ്പെട്ടിടത്തു നിന്നു, ഇളയദളപതിയിലേക്കും ദളപതിയിയിലേക്കുമുള്ള ആ വളർച്ച ഇന്ത്യൻ സിനിമ ലോകം ലൈവ് ആയി കണ്ടതാണല്ലോ.
അഭിനയമികവിൽ വിജയ് വമ്പനല്ല. ഹാസ്യത്തിലെയും നൃത്തത്തിലെയും മികവും പ്രണയരംഗങ്ങളിലെയും ആക്ഷൻ രംഗങ്ങളിലെയും തിളക്കവുമൊഴിച്ചാൽ, നടൻ എന്ന നിലയിൽ പരീക്ഷിക്കപ്പെട്ട വേഷങ്ങളൊന്നും വിജയ്ക്ക് ലഭിച്ചിട്ടില്ല.
പക്ഷേ, തനിക്കു മുൻപും ഒപ്പവും പിന്നീടും വന്നവർക്കൊക്കെ സാധ്യമാകുന്നതിനുമെത്രയോ മുകളിൽ നിൽക്കുന്ന എന്റർടെയ്നറാണ് വിജയ് എന്ന ബ്രാൻഡ്. ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെയും തൊണ്ണൂറുകളിലെയും കമൽഹാസൻ, രജനീകാന്ത്, വിജയകാന്ത് ത്രയത്തിന്റെ കൊമേഴ്സ്യൽ സക്സസിന്റെ ഏറ്റവും ഗംഭീരമായ തുടർച്ചയാണ് വിജയ്. ഏറെക്കുറെ വിജയ്‌യോളം താരമെന്നു പറയപ്പെടുന്ന അജിത്തിനു പോലും ആ നിലയിലേക്കുയരാനൊത്തിട്ടില്ലെന്നതാണ് സത്യം.
അയലത്തെ പയ്യൻ, പ്രണയനായകൻ, ആക്ഷൻ ഹീറോ അഥവാ ട്രോളുകളിലെ വിശേഷണം കടമെടുത്താൽ രക്ഷകൻ എന്നിങ്ങനെയൊരു വളർച്ചയാണ് വിജയ്‌യുടെ കരിയറിലുള്ളത്. പക്ഷേ, ഇതിനിടയിൽ പലപ്പോഴും വലിയ പരാജയങ്ങളും പ്രതിസന്ധികളും അദ്ദേഹത്തെ തേടിയെത്തി. അതൊക്കെ മറികടന്ന്, ഒരു സിനിമയ്ക്ക് കുറഞ്ഞത് 200 കോടി രൂപ പ്രതിഫലം വാങ്ങുന്ന താരമൂല്യത്തിലേക്കുള്ള ആ വളർച്ച ഒട്ടും നിസ്സാരമല്ല. വിജയ് എന്ന താരത്തിൽ നിന്നു വിജയ് എന്ന രാഷ്ട്രീയ നേതാവിലേക്കുള്ള മാറ്റം അതിന്റെ ഉന്നതിയിലേക്കടുക്കുമ്പോഴാണ് ‘ജനനായക’ന്റെ വരവ് എന്നതും എടുത്തു പറയണം.
‘‘അവസാന സിനിമയെന്നു പറയുമ്പോൾ വേദനയുണ്ട്. എന്തു ചെയ്യാം! തമിഴ് സിനിമ ആരംഭിച്ചിട്ട് എത്രയോ വർഷങ്ങളായി. അത്രയും വർഷങ്ങൾക്കുള്ളിൽ തമിഴരുടെ സന്തോഷത്തിലും ദുഃഖത്തിലും ആഘോഷത്തിലും കുടുംബത്തിലും ജീവിതത്തിലും രാഷ്ട്രീയത്തിലും എന്നു വേണ്ട എല്ലാ മേഖലകളിലും കലർന്നു നിറഞ്ഞു നിൽക്കുകയാണ് സിനിമ. അങ്ങനെയുള്ള തമിഴ് സിനിമയിൽ ഞാനും ചെറിയൊരു ഭാഗമായിരുന്നുവെന്ന് ആലോചിക്കുമ്പോൾ സന്തോഷം തോന്നുന്നു. അഭിമാനം തോന്നുന്നു. സിനിമ വിട്ട് എന്തിനാണ് പോകുന്നത് എന്ന് എല്ലാവരും ചോദിക്കുന്നു. സിനിമ വലിയൊരു കടൽ ആണ്. അതിന്റെ തീരത്ത് ചെറിയൊരു മണൽവീട് കെട്ടണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതിനെ വലിയൊരു മാളിക ആക്കിയത് നിങ്ങൾ പ്രേക്ഷകരാണ്. എനിക്കു വേണ്ടി എല്ലാം ഉപേക്ഷിച്ച എന്റെ ആരാധകർക്കായി ഞാൻ സിനിമ തന്നെ ഉപേക്ഷിക്കുന്നു. ഈ വിജയ് വെറുതെ നന്ദി എന്നു പറഞ്ഞുപോകുന്ന ആളല്ല. നന്ദിയും കടപ്പാടും തീർത്തിട്ടേ പോകൂ!’’.– ഓഡിലോ ലോഞ്ചിൽ വിജയ് പറഞ്ഞതിങ്ങനെ.
‘നെഞ്ചുക്കുൾ കുടിയിറുക്കും’ എന്ന പാട്ട് പാടിയാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്. വിജയ്ക്കൊപ്പം കാണികളും ആ പാട്ടിൽ പങ്കുചേർന്നു. ഏറെ വൈകാരികമായാണ് പാട്ടിലെ ഓരോ വരികളും വിജയ്ക്കൊപ്പം സദസ് ഏറ്റുപാടിയത്. സിനിമയെ വെല്ലുന്ന മാസ് എൻട്രിയുമായാണ് മലേഷ്യയിലെ ‘ദളപതി തിരുവിഴ’ ഓഡിയോ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ വിജയ് എത്തിയത്. പ്രൈവറ്റ് ജെറ്റിൽ വന്നിറങ്ങുന്ന വിജയ്‌യുടെ വിഡിയോ വൈറലായി.
‘ജനനായകൻ’ കഴിഞ്ഞാൽ അഭിനയരംഗം വിട്ട് രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുമെന്നാണ് താരത്തിന്റെ പ്രഖ്യാപനമെങ്കിലും പൂർണമായും ആ സാധ്യതയെ വിശ്വസിക്കേണ്ടതില്ല. സിനിമ നടൻ എന്ന പ്രഭാവത്തിനു പുറത്തേക്ക് വിജയ് എന്ന വ്യക്തിയുടെ സ്വാധീന ശക്തി എത്രത്തോളമെന്ന് വരും കാലങ്ങളാണ് സാക്ഷ്യം പറയേണ്ടത്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ മത്സരിക്കുന്നുണ്ട്. അതിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽ വിജയ് തിരികെ സിനിമയിൽ സജീവമാകാനാണ് സാധ്യത. മറിച്ചാണ് സംഭവിക്കുന്നതെങ്കിലും കൃത്യമായ ഇടവേളയിൽ ഒരു സിനിമയെന്ന നിലപാട് താരം സ്വീകരിച്ചേക്കാം. എന്തെന്നാൽ, സിനിമയിലൂടെ തനിക്ക് കിട്ടിയേക്കാവുന്ന സ്വീകാര്യത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുമായി വിജയ് പരിഗണിച്ചേക്കാം എന്നു ചുരുക്കം.
2014ഫെബ്രുവരി ആദ്യമാണ് വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ പ്രഖ്യാപിച്ചത്. പാർട്ടിയുടെ ചെയർമാൻ വിജയ് തന്നെയാണ്. രാഷ്ട്രീയം തന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു തൊഴിൽ അല്ലെന്നും ഇതൊരു ഹോബിയല്ലെന്നും വിജയ് പറഞ്ഞിരുന്നു. എന്നാൽ, സാമ്പത്തികമായും ആശയപരമായും വിജയ് എന്ന ഒറ്റബിന്ദുവിൽ മാത്രം കേന്ദ്രീകരിക്കുന്ന ‘തമിഴക വെട്രി കഴകം’ മാറിയ കാലത്തെ ദ്രാവിഡ രാഷ്ട്രീയത്തിൽ എത്രത്തോളം അതിജീവിക്കുമെന്നത് കണ്ടറിയണം. തുടക്കത്തിന്റെ ആവേശത്തിൽ കുറേ വോട്ടുകൾ പാർട്ടി സമാഹരിച്ചേക്കാമെങ്കിലും ശക്തരായ ഡി.എം.കെയോടോ അണ്ണാ ഡി.എം.കെയോടോ ഒറ്റയ്ക്ക് നിന്നു മത്സരിക്കാനുള്ള കരുത്ത് താരത്തിന്റെ സംഘത്തിനുണ്ടാകുമോ എന്നതും ചോദ്യമാണ്. വരട്ടേ കാണാം...
എന്തായാലും വിജയ് ഒരു പ്രതിഭാസമാണ്. തമിഴ് സിനിമയിൽ എം.ജി.ആർ, രജനികാന്ത് പ്രഭാവങ്ങളുടെ തുടർച്ച, ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ താരബിംബങ്ങളിലൊരാൾ. അങ്ങനെയൊരു നടൻ സിനിമ പൂർണമായും വിട്ട് രാഷ്ട്രീയത്തിലിറങ്ങുന്നത് പ്രേക്ഷകരെ നിരാശരാക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടേ...