‘സെൽഫി എടുക്കാൻ കൊതിച്ചുനിന്ന കാലം, ആ ഞാൻ ഇപ്പോൾ ലാലേട്ടന്റെ സ്റ്റൈലിസ്റ്റ്!’: വൈറൽ പരസ്യത്തിന്റെ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ
മോഹൻലാലിന്റെ പുതിയ വൈറൽ പരസ്യത്തിന്റെ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ സംസാരിക്കുന്നു
പൗരുഷത്തിന്റെയും സ്ത്രൈണതയുടെയും വരമ്പിലൂടെയായിരുന്നു ആ പരസ്യത്തിൽ മോഹൻലാലിന്റെ വിസ്മയയാത്ര. ബട്ടൻസ് തുറന്നിട്ട കറുത്ത ഷർട്ട്. സിനിമയിൽ ഒരുപാടു നായികമാർ മുഖം ചായ്ച നെഞ്ചില്‍ ചേർന്നു കിടക്കുന്ന ഡയമണ്ട് നെക്‌ലേസ്. ആരാധകർ മോഹിച്ചു പോവില്ലേ?
പരസ്യം വൈറലായതോടെ ലാലേട്ടൻ ധരിച്ച കോളർ ഇ ല്ലാത്ത ഷർട്ടും ഹിറ്റായി. ആ കോസ്റ്റ്യൂം ഒരുക്കിയത് ശാന്തികൃഷ്ണയാണ്. കാഞ്ഞങ്ങാടു നിന്നു ഫാഷൻ ഡിസൈനിങ് മോഹവുമായി കൊച്ചിക്കു വന്ന ഒരു പെൺകുട്ടിയുടെ ആത്മവിശ്വാസമാണ് ഈ വിജയത്തിനു പിന്നിലുള്ളത്.
‘‘ ഒപ്പത്തിന്റെ സെറ്റിൽ വച്ചാണു ലാലേട്ടനെ ആദ്യമായി കാണുന്നത്. അനുശ്രീ എന്റെ സുഹൃത്താണ്. അനുവിന്റെ പഴ്സണൽ സ്റ്റൈലിസ്റ്റ് കൂടിയായിരുന്നു ഞാൻ. ലാലേട്ടന്റെ കൂടെ ഒരു സെൽഫി എടുക്കണമെന്നതു വലിയ മോഹമായിരുന്നു. ഇൻഫോ പാർക്കിൽ ഒപ്പത്തിന്റെ ഷൂട്ട് നടക്കുന്ന ദിവസം ഞാനെത്തി. ലാലേട്ടൻ നല്ല തിരക്കിലാണ്. നൈറ്റ് ഷൂട്ടായതുകൊണ്ടു തന്നെ തീർന്ന ഉടൻ അദ്ദേഹം മടങ്ങിപ്പോയി. ഫോട്ടോ എടുക്കാനായില്ലെങ്കിലും ദൂരെ നിന്നു കണ്ടെന്നു മാത്രം.
ആ ഞാന്‍ ഇപ്പോൾ ലാലേട്ടന്റെ സിനിമകളിലും പരസ്യങ്ങളിലും സ്റ്റൈലിസ്റ്റായി. സെൽഫി എടുക്കാൻ കൊതിച്ച കാലത്തു നിന്നു യാത്ര ചെയ്ത് ഞാനെത്തിയ ദൂരം നോക്കിയാൽ മതി കരിയറിൽ സംതൃപ്തി തോന്നാൻ. കണ്ണടച്ചു തുറന്നപ്പോഴുണ്ടായ വിജയമല്ല ഇത്.’’ ശാന്തി കൃഷ്ണ
കാഞ്ഞങ്ങാട് നിന്നു കൊച്ചിയിലേക്ക്
‘‘എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു ഫാഷൻ ഡിസൈനിങ് മനസ്സിലേക്കു വരുന്നത്. വനിത ഉൾപ്പെടെയുള്ള മാസികകളുടെ കവർ പേജുകളും ഫാഷൻ പേജുകളുമാണ് ആ സ്വപ്നം കാണാൻ ഊർജമായത്. ഇതെന്റെ കരിയർ തന്നെയാണെന്ന് ഉറപ്പിച്ചു. കോഴ്സ് കഴിഞ്ഞ് 2014 ൽ കൊച്ചിയിലേക്കു പോന്നു. ഒരുപരിചയവുമില്ലാത്ത നാട്ടിലേക്കു കോഴ്സ് കഴിഞ്ഞ ഉടൻ ഞാനെത്തുകയാണ്. കുഞ്ഞ് ചുവടുവയ്ക്കാൻ പഠിക്കുന്നതു പോലെ നടന്നു തുടങ്ങി.
അന്നു പനമ്പിള്ളി നഗറിൽ ഒരുപാട് ബുട്ടീക്കുകളുണ്ടായിരുന്നു. ശമ്പളത്തേക്കാൾ എനിക്കു വേണ്ടത് ജോലിയും ആളുകളോടുള്ള പരിചയവുമായിരുന്നു. ബുട്ടീക്കിൽ ഒ ൻപതു മാസത്തോളം നിന്നു. സഹസംവിധായകരായ സുഹൃത്തുക്കളുണ്ടായി. അവർ വഴി ചെറിയ സിനിമാ പരിചയങ്ങൾ. അങ്ങനെയാണ് നോൾട്ടയുടെ പരസ്യത്തിന് കോസ്റ്റ്യൂം ചെയ്യാൻ അവസരം കിട്ടിയത്. മുൻപരിചയമില്ലെങ്കിലും ഒതുങ്ങിയിരുന്നാൽ നിലച്ചു പോവുമെന്ന് അറിയാവുന്നതു കൊണ്ടു രാവും പകലും ജോലി ചെയ്തു.
പിന്നെയും വർക്കുകൾ വന്നു. പക്ഷേ, വലിയ ബ്രാൻഡിലേക്കോ വ്യക്തികളിലേക്കോ എത്തിയില്ല. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയി. ശമ്പളിമില്ലെന്നു അറിഞ്ഞാൽ വീട്ടുകാർ തിരികെ വിളിക്കും. തിരിച്ചു പോയാൽ വിവാഹം കഴിഞ്ഞു വീട്ടിൽ ഒതുങ്ങേണ്ടി വരും. ഞാൻ പിടിച്ചു നിന്നു. സ്വപ്നത്തിലേക്ക് എത്തും എന്നുറപ്പിച്ചു.
ലാലേട്ടനിലേക്ക് എത്തുന്നു
വനിത ഉൾപ്പെടെ പല മാസികളുടെയും കവർ പേജുകൾക്കും ഫാഷൻ പേജുകൾക്കും വേണ്ടി താരങ്ങളുടെ വസ്ത്രങ്ങളൊരുക്കി. പിന്നീട് പല താരങ്ങളുടെയും പഴ്സണൽ സ്റ്റൈലിസ്റ്റായി. അങ്ങനെയാണ് ലാൽസാറിലേക്ക് എ ത്തിയത്. അദ്ദേഹത്തിന്റെ സുഹൃത്തായ സനിലേട്ടനെ (ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽകുമാർ) ലോയ്ഡ് പരസ്യഷൂട്ടിനിടയിൽ അനുശ്രീ പരിചയപ്പെത്തി. അദ്ദേഹം വഴി യാണ് ഹാൻഡ് എംബ്രോയ്ഡറി ചെയ്ത ലിനൻ ഷർട്ട് ലാലേട്ടന് നൽകിയത്. അദ്ദേഹത്തിന് അതിഷ്ടപ്പെട്ടു. പിന്നീട് രണ്ടു മൂന്നു ഷർട്ടുകൾ കൂടി ഡിസൈൻ ചെയ്തു. അതിലൊന്ന് ബിഗ്ബോസിൽ ലാലേട്ടൻ ഉപയോഗിച്ചു. ആ കോസ്റ്റ്യൂമിനെക്കുറിച്ച് ഒരുപാട് നല്ല കമന്റുകൾ കിട്ടി.
പിന്നീടിങ്ങോട്ട് ഒന്നരവർഷമായി മൈജി, ലക്ഷ്യ തുടങ്ങി ഇരുപത്തഞ്ചോളം പരസ്യങ്ങളിലും ഹൃദയപൂർവം, ഭഭബ തുടങ്ങിയ സിനിമകളിലും പഴ്സണൽ സ്റ്റൈലിസ്റ്റായി. 48 വർഷമായി ലാലേട്ടനെ കാണുന്നുണ്ട്. അദ്ദേഹം ഉപയോഗിക്കാത്ത ബ്രാൻഡുകളില്ല. ഡിസൈനുകളില്ല. എന്നാലും പുതുമ കൊണ്ടുവരണം. ഏതു ഡിസൈനിലും കൗതുകം ലാൽസാർ കണ്ടു പിടിക്കും. അതെക്കുറിച്ച് ചോദിക്കും. മെറ്റീരിയലോ, ഡിസൈനോ എന്തിന് ഒരു ബട്ടൻസ് പോലുമാകാം.
വിൻസ്മേരയുടെ പരസ്യവും അതേ ചാലഞ്ച് ആയിരുന്നു. ലാലേട്ടനെ പോലെ പൗരുഷത്തിന്റെ പര്യായമായി നിൽക്കുന്ന ഒരാൾ ജ്വല്ലറി പരസ്യം ചെയ്യുന്നു. സ്ത്രൈണ ഭാവം കോസ്റ്റ്യൂമിലും വരരുത്. എന്നാൽ നെക്‌ലേസ് മുങ്ങിപ്പോവാനും പാടില്ല ‘എലഗന്റ് ലുക് വേണം. ബ്ലേസേഴ്സ് മാറ്റിക്കഴിഞ്ഞുള്ള ഷർട്ട് ധരിച്ചാണ് നെക്‌ലേസ് ഇടേണ്ടത്. ബാക്കി ശാന്തിയുടെ െഎഡിയയിൽ ചെയ്തോ.’ ഇ താണ് പ്രകാശ് വർമസാർ പറഞ്ഞത്. ആ സ്വാതന്ത്ര്യമാണ് ഈ കോസ്റ്റ്യൂമിലേക്ക് എത്തിച്ചത്.
മൊഡാൽ സിൽക്ക് മെറ്റീരിയൽ ഉപയോഗിച്ച് കോളർ ഇല്ലാതെ ചെസ്റ്റ് വൈഡ് ആക്കി ഡിസൈൻ ചെയ്തു. ലാലേട്ടന്റെ പൗരുഷവും എന്നാൽ നെക്‌ലേസ് ധരിക്കുമ്പോഴുള്ള ഭംഗിയും ഒന്നിച്ചു കിട്ടി. ഒരൊറ്റ ഡിസൈനേ ഞാൻ ഉണ്ടാക്കിയുള്ളൂ. അതു കണ്ടപ്പോൾ തന്നെ ലാലേട്ടന് ഇഷ്ടപ്പെട്ടു.മെറ്റീരിയിലും ഡിസൈനും നന്നായിട്ടുണ്ടെന്നു പറഞ്ഞു. ദൈവം കാത്തു വച്ച സന്തോഷങ്ങളാണിതൊക്കെ. ’’ അഭിമാനത്തോടെ ശാന്തി കൃഷ്ണ.