Friday 05 July 2019 07:23 PM IST : By സ്വന്തം ലേഖകൻ

‘നാട്ടിലെ ട്രീറ്റ്മെന്റിൽ കിട്ടാത്ത കുഞ്ഞുങ്ങൾ കുവൈറ്റിൽ പോയപ്പോൾ അവൾക്കെങ്ങനെ കിട്ടി’; ദുഷിപ്പ് നിറഞ്ഞ ആ ചോദ്യം; അനുഭവം

inv

കുത്തുവാക്കുകളും പരിഹാസങ്ങളും ഒളിപ്പിച്ച ‘വിശേഷം തിരക്കലുകാരുടെ’ കഥകൾ കഴിഞ്ഞ ദിവസം മുതലാണ് വനിത ഓൺലൈൻ വായനക്കാർക്കു മുന്നിലെത്തിച്ചത്. കണ്ണുനീരടക്കി ഒരു കുഞ്ഞിക്കാലിനായി കാത്തിരിക്കുന്നവരുടെ മേൽ ശരം കണക്കെ പതിക്കുന്ന പരിഹാസച്ചിരികളും അസ്ഥാനത്തെ പ്രസവാന്വേഷണങ്ങളും ആശ്വാസമല്ല, മറിച്ച് അന്തമില്ലാത്ത വേദനയാണ് പലർക്കും സമ്മാനിക്കുന്നത്. വേദനയൊളിപ്പിച്ച അക്കഥകൾ ഒരു കൂട്ടം വീട്ടമ്മമാർ വനിത ഓൺലൈനിനോട് പങ്കുവച്ചപ്പോൾ അഭൂത പൂർണമായ പ്രതികരണങ്ങളാണ് ലഭിച്ചത്. പേരും വെളിപ്പെടുത്തിയും അല്ലാതെയും നിരവധി പേർ തങ്ങളുടെ അനുഭവ കഥകൾ ലോകത്തോട് പങ്കുവയ്ക്കാതെത്തി.

കരളുറപ്പു കൊണ്ട് നേരിട്ട ആ ചോദ്യശരങ്ങൾ, വേദനയുടെ പ്രസവകാലങ്ങൾ, നെഞ്ചുനീറ്റുന്ന കുത്തുവാക്കുകൾ വായനക്കാർ അവർ ഇതാ ലോകത്തോടു പങ്കുവയ്ക്കുകയാണ്. പറയാതെ ബാക്കി വച്ച മറുപടി...#ഇവിടെ നല്ല വിശേഷം... വിശേഷം തിരക്കലുകാരുടെ വേദനയൊളിപ്പിച്ച ചോദ്യങ്ങൾക്കുള്ള വീട്ടമ്മമാരുടെ മറുപടിയ്ക്ക് ഇതാ ഒരു തുടർച്ച. രാജി അനിൽ കുമാർ എന്ന യുവതിയാണ് ഓർക്കാൻ ആഗ്രഹിക്കാത്ത ആ ഭൂതകാലത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്.

നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി മരിച്ചതിന്റെ യഥാർത്ഥ കാരണം; ‘ഇര’യാക്കപ്പെട്ട ബാങ്ക് മാനേജർ ശശികല ആദ്യമായി പ്രതികരിക്കുന്നു

ഞാന്‍ ജനിക്കുമ്പോൾ രണ്ടുമുറി ഫ്ളാറ്റിലായിരുന്നു താമസം; ഷിഫ യൂസഫലി പറയുന്നു ബാബ എന്ന കരുതലിനെക്കുറിച്ച്

‘പ്രണയം പറഞ്ഞപ്പോൾ വീട്ടിൽ നിന്നു പുറത്തായി’! കാന്തി ജീവിതത്തിലും ബോൾഡാണ്: ‘അമ്മിണിപ്പിള്ള’യുടെ നായിക ഷിബ്‌ലയുടെ വിശേഷങ്ങൾ

രാജിയുടെ വേദനിപ്പിക്കുന്ന അനുഭവം ഇങ്ങനെ;

ഞങ്ങൾക്കും ഉണ്ട് 7 വർഷത്തോളം നീണ്ടു നിന്ന ഒരു വേദനിപ്പിക്കുന്ന കഥ... ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന കാലം. വിവാഹം കഴിഞ്ഞു 2 വർഷം കഴിഞ്ഞിട്ടും കുട്ടികളായില്ല. അപ്പോഴാണ് ചികിത്സ ആരംഭിക്കുന്നത്. രണ്ടു തവണ iui ചെയ്തു. ഒന്നിനും ഫലം ഉണ്ടായില്ല. സാമ്പത്തികമായി വലിയ അവസ്ഥ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും പണയം വച്ചും കടം വാങ്ങിയും ചികിത്സ തുടർന്നു.

അതിനിടയിൽ ഭർത്താവ് ദുബായ് പോയി. പിന്നെ ആ വീട്ടിൽ ഞാൻ മാത്രം ഒറ്റയ്ക്ക് ചോദ്യം ചെയ്യൽ നേരിടാൻ തുടങ്ങി.ദുബായ് വലിയ ലാഭം ഒന്നും ഞങ്ങൾക്ക് തന്നില്ല. അതുകൊണ്ട് തന്നെ ഭർത്താവ് തിരിച്ചു വന്നു.

വീണ്ടും ട്രീറ്റ്മെന്റിന്റെ നാളുകൾ. ഒരു പ്രയോജനവും ഉണ്ടായില്ല. അതിനിടയിൽ ഞാൻ എവിടെയെങ്കിലും പോയാലോ പരിചയം ഉള്ളവരെ കണ്ടു സംസാരിച്ചു കഴിഞ്ഞാലോ ഭയങ്കര സഹതാപം. പോയി കഴിഞ്ഞു പരസ്പരം പറയുന്നത് ഹോ കഷ്ടം. ലോകത്തുള്ള ചികിത്സ എല്ലാം നടത്തി. ഒരു രക്ഷയും ഇല്ല. ‘കൊച്ചുങ്ങൾ ഒന്നും ഉണ്ടാകാത്തില്ലെന്നേ...’. ചിലപ്പോൾ ചെവിയിൽ കേൾക്കേണ്ടി വന്നിട്ടുണ്ട്. ആകെയുള്ള സപ്പോർട്ട് ഭർത്താവും എന്റെ വീട്ടുകാരും മാത്രം.

എന്റെ വീട്ടിൽ അമ്മയോട് സങ്കടം പറഞ്ഞാൽ എന്നോട് പറയും. ദൈവം തരും മക്കളെ. ഇത് വേണ്ടെന്നു വച്ചു വേറെ നോക്കിയാലും ഇത് തന്നെയാണോ ഗതിയെന്ന് എങ്ങനെ അറിയും. നമുക്ക് വിധിച്ചിട്ടുണ്ടെങ്കിൽ കിട്ടും. ഇതിനിടയിൽ ഒരു തവണ പോലും ഗർഭം ഉണ്ടാവുകയും ചെയ്തിട്ടില്ല.

മറ്റുള്ളവർ നടക്കുന്ന കാണുമ്പോൾ ആരും കാണാതെ കണ്ണാടിയുടെ മുമ്പിൽ ഉടുപ്പിലൂടെ തുണിയൊക്കെ വച്ച് അതേ രീതിയിൽ നടന്നിട്ടുണ്ട് ഞാൻ. ഇതിനിടയ്ക്ക് ഞാനും ഭർത്താവും കൂടി കുവൈറ്റിൽ സെറ്റിലായി. ഒരുമിച്ച് താമസം തുടങ്ങി ഒരു വർഷം ആയപ്പോൾ ഒരു ചികിത്സ ഇല്ലാതെ ഞങ്ങൾക്ക് ഒരു പൊന്നോമനയെ കിട്ടി . അതുകഴിഞ്ഞു നാലു വർഷം കഴിഞ്ഞപ്പോൾ ഒരു മോനും കൂടി. ഇപ്പോൾ മോൾക്ക് 7 വയസ് ആകുന്നു. മോന് മൂന്നു വയസ്സും. ഇപ്പോൾ നാട്ടുകാർക്ക് സംശയം നാട്ടിൽ കുറെ ട്രീറ്റ്മെന്റ് നടത്തിയിട്ടു കിട്ടാത്ത കുഞ്ഞുങ്ങൾ കുവൈറ്റിൽ പോയപ്പോൾ എങ്ങനെ കിട്ടിയെന്നാണ്. എല്ലാത്തിനും ദൈവം സാക്ഷി. ആരോടും മറുപടി പറയാൻ ഇല്ല.