കപ്പൽശാല കൊള്ളയടിക്കുന്നതിനു പ്രയോഗിച്ച തന്ത്രങ്ങളാണ് കരിമിനെ അയൂബിനു പ്രിയപ്പെട്ടവനാക്കിയത്. ദോംഗ്രിയിലെ തെരുവോരത്ത് ‘അഞ്ചു രൂപാ പത്തു രൂപാ’ മരുന്നു കച്ചവടം നടത്തിയിരുന്ന കരിമിനെ അയൂബ് പണക്കെട്ടുകളുടെ ഗോഡൗണിലെത്തിച്ചു. ബാബയ്ക്കു വേണ്ടി കരീം ഒളിഞ്ഞും തെളിഞ്ഞും അക്രമം നടത്തി. ഓരോ ‘ഓപ്പറേഷനുകളിലും’ കടുകിട ചലിക്കാതെ ആത്മാർഥത പുലർത്തി. ദോംഗ്രി വാല നാളെ തനിക്കു നേരേ തോക്കുയർത്തില്ലെന്ന് അയൂബിന് വിശ്വാസമുണ്ടായിരുന്നു. കളം വിടുമ്പോൾ തന്റെ കിരീടം കരിമിന്റെ ശിരസ്സിലണിയിക്കാൻ അയൂബിനു വിശ്വാസം പകർന്നത് ഈ അനുഭവങ്ങളാണ്.
ലാലയായി അവരോധിക്കപ്പെട്ട ശേഷവും കരിം ശ്രദ്ധകേന്ദ്രീകരിച്ചത് തുറമുഖത്തായിരുന്നു. ഏത് ഇരുട്ടിലും തനിക്കു തിരിച്ചറിയുന്ന ഇടനാഴികളിൽ ഒളിച്ചിരുന്ന് അയാൾ കപ്പൽശാലയിൽ കൊള്ള നടത്തി. തുറമുഖത്തെ എല്ലാ ഗ്യാങ്ങുകളുടെയും അധിപനായി. ഈ സമയത്ത് അതേ തുറമുഖത്തു കൂലിയായിരുന്നു മസ്താൻ മിർസ. കരിമിനു മസ്താനെ അറിയാം, മസ്താനു കരിമിനെയും. ലാലയായി കരിം കരുത്തു തെളിയിച്ച സമയത്ത് ലാലയുടെ കളമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ മസ്താനെ കാണാൻ നാലഞ്ച് അറബികൾ വന്നു. കസ്റ്റംസ് റെയ്ഡ് ശക്തമാണ്. സ്ഥിരമായി ‘മരുന്നെ’ത്തിച്ചിരുന്ന ഹുസൈൻ അറസ്റ്റിലായി. അറബികൾ പറഞ്ഞു. ബോംബെയിലെ ആദ്യത്തെ സ്മഗ്ളറാണ് ഹുസൈൻ എന്ന ഹാജി തലാബ് ഹുസൈൻ. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് അക്കാലത്ത് വിദേശത്തേക്ക് മയക്കു മരുന്നു കടത്തിയിരുന്ന ഒരേയൊരാൾ. ഹുസൈനു പകരക്കാനായി അറബികൾ മിർസ മസ്താനെ സ്കെച്ച് ചെയ്തിരിക്കുകയാണ്. അന്നു വരെ കൂലിത്തല്ലു മാത്രമാണ് മസ്താന്റെ ബാക്ക് ഗ്രൗണ്ട്. എങ്കിലും അറബികൾ മസ്താനിൽ വിശ്വാസമർപ്പിച്ചു. ആ വിശ്വാസത്തിൽ മസ്താൻ ധൈര്യം പ്രകടിപ്പിച്ചു. കൂടെ നിൽക്കാൻ പറ്റിയ കുറച്ചു പേരെ സംഘടിപ്പിച്ചു. അതിനു ശേഷം അറബികളുമായി കൈകോർത്തു. മസ്താൻ മിർസ, ഹാജി മസ്താനായി.
മുംബൈ അധോലോകം ഭരിക്കുന്ന ഡോക്ടർ! അയാളെ അന്വേഷിച്ച് വന്നവരെയെല്ലാം പിന്നെ കണ്ടത് ചരമ കോളത്തിൽ
ബോംബെ നഗരത്തിന്റെ രണ്ടു ധ്രുവങ്ങൾ ലാലയുടേയും മസ്താന്റെയും ചൂതാട്ട കളങ്ങളായി. കോടികൾ ഒഴുകിയ ഗാംബ്ലിങ്ങിലൂടെ അവർ ദക്ഷിണ മേഖല പിടിച്ചടക്കി. ഈ സമയത്ത് വദാലയിൽ ഒരു തമിഴ്നാട്ടുകാരന്റെ പേരുയർന്നു – വരദരാജ മുതലിയാർ. റെയിൽവേ വാഗൺ കൊള്ളയടിച്ചുകൊണ്ടായിരുന്നു തുടക്കം. വ്യാജമദ്യ ബിസിനസിലേക്ക് ഇറങ്ങിയതോടെ മുതലിയാർ ഗ്യാങ് ശക്തിപ്പെട്ടു. തമിഴർക്കു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ അയാൾക്കു രക്ഷകന്റെ പരിവേഷമായിരുന്നു. ബോംബെ പൊലീസുമായി നേർയുദ്ധത്തിനിറങ്ങിയ മുതലിയാർ ഗണേശോത്സവത്തിന്റെ ചുക്കാൻ പിടിച്ചു. പിൽക്കാലത്ത് ഗ്യാങ്ങുകളുടെ ശക്തിപ്രകടനത്തിനു വേദിയായ ഗണേശോത്സവം ഇന്നു കാണുംവിധം തുടങ്ങിവച്ചതു മുതലിയാരാണ്.
കരിംലാല, ഹാജി മസ്താൻ, വരദരാജ മുതലിയാർ – ബോംബെ നഗരത്തെ അധോലോകമാക്കി ഈ മൂന്നുപേർ സ്വന്തം സാമ്രാജ്യങ്ങൾക്ക് അതിർത്തി നിർണയിച്ചു.
(നാളെ: അഫ്ഗാനിസ്ഥാനിൽ നിന്നു പാക്കിസ്ഥാനിലേക്ക് കഞ്ചാവ്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന്. അധോലോക സാമ്രാജ്യങ്ങളുടെ പിറവി)