സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡും മുംബൈ അധോലോകവുമായുള്ള ബന്ധം ഒരിക്കൽ കൂടി വാർത്തകളിൽ നിറഞ്ഞു. ആരാധകരുടെ പ്രിയപ്പെട്ട എസ്എസ്ആറിന്റെ മരണം അന്വേഷിച്ചെത്തിയ സിബിഐ സംഘം എത്തി നിൽക്കുന്നത് മുംബൈ അധോലോകത്തിന്റെയും മയക്കുമരുന്നുകളുടെയും ലോകത്താണ്. ഇങ്ങ് കൊച്ചു കേരളത്തിലും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് സ്വർണ്ണക്കടത്തും ലഹരിക്കച്ചവടവുമൊക്കെയാണ്.
ഈ കണ്ണികൾ കൂട്ടിച്ചേർത്ത് യഥാർഥ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി രാജ്യം മുഴുവൻ വല വിരിക്കുമ്പോൾ ബോംബെ അധോലോകത്തിന്റെ നാൾവഴി ഓർക്കുക. കള്ളക്കടത്തു വസ്തുക്കൾ ഒഴുകിയിരുന്ന ‘പഴയ ഇന്ത്യ’യിലെ ‘നൊട്ടോറിയസ് കോറിഡോർ’ ഇപ്പോഴും സജീവമെന്നു തോന്നുന്നില്ലേ?
ബോംബെ അധോലോകത്തിന്റെ കഥ
അക്കാലത്ത് ധാരാവിയിലും ജുഹുവിലും താമസിക്കുന്നവർ വർത്തമാനം പറയുമ്പോൾ ഡോക്ടർ എന്ന പേര് ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു. ചുറ്റുമുള്ളവരിൽ പലരും ‘ഡോക്ടറുടെ’ ആളാണെന്ന് അവർ പേടിച്ചു. ഡോക്ടറെ അന്വേഷിച്ച് വന്നവരുടെ ഫോട്ടോ പിറ്റേന്നത്തെ പത്രത്തിന്റെ ചരമ കോളത്തിൽ പ്രത്യക്ഷപ്പെടുന്നതു പതിവായപ്പോഴാണ് അവർ നിശബ്ദത ശീലിച്ചത്. ബോംബെയിലെ അധോലോകം ഭരിക്കുന്ന ‘ഡി കമ്പനി’യുടെ നായകന്റെ വിളിപ്പേരാണ് ഡോക്ടറെന്ന് അന്നത്തെയൊരു അന്തിപ്പത്രം റിപ്പോർട്ട് ചെയ്തു. ‘ഗോൾഡ് മാൻ’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നു ചോർത്തി കിട്ടിയ കഥ ശ്രദ്ധിക്കപ്പെട്ടു.
‘‘നിങ്ങൾക്ക് എവിടെ നിന്നാണ് ഈ കഥയൊക്കെ കിട്ടുന്നത്?’’
വാർത്തയെഴുതിയ റിപ്പോർട്ടർക്ക് അന്നു സൂര്യാസ്തമയത്തിനു മുൻപ് അജ്ഞാതന്റെ ഫോൺ കോൾ. സീക്രട് സോഴ്സുണ്ടെന്നു റിപ്പോർട്ടറുടെ മറുപടി.
‘‘നിങ്ങൾ എഴുതിയതെല്ലാം സത്യമാണോ?’’ അയാൾ വീണ്ടും ചോദ്യമുയർത്തി. വിളിക്കുന്നയാളുടെ പേരു പറയാൻ റിപ്പോർട്ടർ ആവശ്യപ്പെട്ടു.
‘‘ദാവൂദ് ഇബ്രാഹിം’’ വിനയം കലർത്തിയ സ്വരത്തിൽ അയാളുടെ മറുപടി. ദാവൂദിന്റെ ജീവിതത്തെ കുറിച്ചു പ്രസിദ്ധീകരിക്കപ്പെട്ട കഥകളുടെ തുടക്കം അതായിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലിന്റെ സൗകര്യളുള്ള മണിമാളികയിലാണു താമസം. ഉച്ചയോടെ ഉറക്കമുണരും. നീന്തലും കുളിയും ഭക്ഷണവും കഴിഞ്ഞ് മാനേജര്‍മാര്‍ക്കൊപ്പം അൽപനേരം. ഇരുപത്തിനാലു മണിക്കൂറും സായുധ സംഘം കാവലുണ്ട്. ഡിസൈനര്‍ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. വിലകൂടിയ വാച്ചുകൾ മാത്രമേ അണിയാറുള്ളൂ. ഓരോ യാത്രയ്ക്കും വെവ്വേറെ ആഡംബര കാറുകൾ. സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ മാത്രമാണു സന്ദർശനം. ഒട്ടു മിക്കതും ബിസിനസ് മീറ്റിങ്ങുകൾ. അർധരാത്രി കഴിയും വരെ ചൂതാട്ടത്തിന്റെയും സൗന്ദര്യത്തിന്റെയും മുജ്‌റയുടെയും ലഹരി. മടക്കയാത്രയ്ക്ക് മുൻകൂട്ടി വഴി നിശ്ചയിക്കാറില്ല...
ഡോക്ടർ, ഗോൾഡ്മാൻ എന്നീ പേരുകളിൽ ബോംബെ അധോലോകം നിയന്ത്രിച്ചിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ നീക്കങ്ങൾ ഒരിക്കലും പൊലീസിനു ട്രാക്ക് ചെയ്യാൻ കഴിഞ്ഞില്ല. മുംബൈയിൽ നിന്നു ദുബായിയിലേക്കും ഇന്റർപോളിന്റെ കണ്ണുവെട്ടിച്ച് അവിടെ നിന്നു പാക്കിസ്ഥാനിലേക്കും കടന്നു. ആയുധക്കച്ചവടത്തിന് ഇടനിലക്കാരനായി. ഉസാമ ബിൻ ലാദനുമായി ബന്ധം തെളിഞ്ഞതോടെ ദാവൂദിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. അയാളുടെ പേരിൽ ലോകത്തെവിടെയുമുള്ള സ്വത്തു കണ്ടുകെട്ടാൻ നീക്കം തുടങ്ങി. ഫോർബ്സ് മാസിക ടോപ് 10 ഡ്രെഡഡ് ക്രിമിനലുകളുടെ പട്ടികയിൽ നാലു തവണ ദാവൂദിന്റെ പേരു നിരത്തി. കാര്യങ്ങൾ ഇവിടംവരെ എത്തിയിട്ടും ദാവൂദിന്റെ ലൊക്കേഷൻ വെളിപ്പെടുത്താൻ പാക്കിസ്ഥാൻ തയാറായില്ല. പക്ഷേ, കഴിഞ്ഞ മാസം (2020 ഓഗസ്റ്റ്), യുഎൻ ഉപരോധം മറികടക്കാനാവാതെ പാക് അധികൃതർ തുറന്നു പറച്ചിലിനു നിർബന്ധിതരായി. ദാവൂദ് കറാച്ചിയിലുണ്ടെന്ന് അവർ വെളിപ്പെടുത്തി. ‘വൈറ്റ് ഹൗസ്’, സ്ട്രീറ്റ് നമ്പർ 30, കറാച്ചി എന്നൊരു മേൽവിലാസവും പുറത്തുവിട്ടു. എന്നാൽ, നാലു പകൽ കഴിയുന്നതിനു മുൻപ് ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി വാക്കു മാറ്റി. ഒരു കാര്യം ഉറപ്പ്, 1955ൽ ജനിച്ച ഷെയ്ക്ക് ദാവൂദ് ഇബ്രാഹിം കസ്കർ എന്ന അണ്ടർ വേൾഡ് ഡോൺ ഇപ്പോഴും ശക്തനാണ്, പാക്കിസ്ഥാനെ നിയന്ത്രിക്കാൻ തക്കവിധം ഇപ്പോഴും അയാൾക്കു സ്വാധീനമുണ്ട്.
1990ൽ പുറത്തിറങ്ങിയ ഡോ. അഗ്നീപഥ് എന്ന സിനിമയിൽ അമിതാഭ് ബച്ചനാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതു മാത്രമല്ല, ബോംബെ അധോലോകത്തിന്റെ കഥയുമായി ഒട്ടേറെ സിനിമകൾ ഇറങ്ങി. സഞ്ജീർ, ദീവാർ, സലാം ബോംബെ, പരിന്ദ, ധാരാവി, സത്യ, കമ്പനി, ഡി, സെർക്കാർ രാജ്, ബ്ലാക്ക് ഫ്രൈഡേ, ട്രാഫിക് സിഗ്നൽ, ഷൂട്ട് അറ്റ് സൈറ്റ്, ലോഖണ്ഡ് വാല, ജയിംസ് – അധോലോകത്തിന്റെ കഥ എത്ര പറഞ്ഞിട്ടും മതിവന്നില്ല ബോളിവുഡിന്. അഭിമന്യൂ, ഇന്ദ്രജാലം തുടങ്ങിയ മലയാള ചിത്രങ്ങളിലും ‘ബോംബെ’ മുതൽ തലൈവാ വരെയുള്ള തമിഴ്സിനിമകളുടെയും കഥാപശ്ചാത്തലം അധോലോകമാണ്. ഇക്കൂട്ടത്തിൽ മെഗാഹിറ്റ് എന്നു പറയാവുന്നതാണു കമൽഹാസൻ അവതരിപ്പിച്ച ‘നായകൻ’. ബോംബെ അധോലോകത്തിലെ രണ്ടാംതലമുറക്കാരായ ‘ത്രയ’ങ്ങളിലെ തെക്കേ ഇന്ത്യക്കാരനായ വരദരാജ മുതലിയാരുടെ കഥയാണ് നായകൻ. ദക്ഷിണേന്ത്യക്കാരെ മൊത്തം ‘മദ്രാസി’കളെന്ന് മഹാരാഷ്ട്രക്കാർ പരിഹസിച്ചിരുന്ന കാലത്ത് ബോംബെയിൽ കുടിയേറിയ തമിഴ്നാട്ടുകാരൻ. ഹാജി മസ്താനും കരിലാലയും ബോംബെയുടെ തെക്കു പ്രദേശം കേന്ദ്രീകരിച്ച് അധോലോക രാജാക്കന്മാരായപ്പോൾ, വദാലയിൽ തമിഴ് ഭൂരിപക്ഷ മേഖലയുടെ രക്ഷകനായി ‘ഭരണം നടത്തി’ മധുരയിൽ ജനിച്ച മുതലിയാർ. റെയിൽവെ വാഗണുകൾ കൊള്ളയടിച്ചുണ്ടാക്കിയ പണത്തിന്റെ ബലത്തിലാണ് അധോലോകത്തേക്ക് മുതലിയാരുടെ രംഗപ്രവേശം. പിൽക്കാലത്ത് ബോംബെയിലെ ഗ്യാങ്സ്റ്റർമാരുടെ ശക്തിപ്രകടനത്തിന്റെ വേദിയായി മാറിയ ഗണേശോത്സവം ഇന്നു കാണുന്ന രീതിയിൽ തുടങ്ങി വച്ചതു മുതലിയാരാണ്. വ്യാജമദ്യം നിർമിച്ചും ചൂതാട്ടം നടത്തിയും മുംബൈ അധോലോകത്ത് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തു മുതലിയാർ. ഒരർഥത്തിൽ ദാവൂദ് ഇബ്രാഹിം കണ്ടു വളർന്നത് മസ്താൻ – ലാല – മുതലിയാർ ത്രയത്തെയാണ്. പക്ഷേ, ദാവൂദിനെ പോലെ ഇന്റർനാഷണൽ കോറിഡോറുകളുമായി ഇവർക്കു ബന്ധമുണ്ടായിരുന്നില്ല. കാരണം, മസ്താനും ലാലയും മുതലിയാരും വരുന്നതിനു മുൻപുള്ള ബോംബെ നഗരത്തിന്റെ വിദേശ ബന്ധങ്ങൾക്ക് ആഴം കുറവായിരുന്നു. ‘ഡോൺ’ എന്നു പറയാൻ അവരുടെ മുന്നിൽ ഒരാളേ ഉണ്ടായിരുന്നുള്ളൂ, നൊട്ടോറിയസ് ഗ്യാങ്സ്റ്റർ – അയൂബ് ലാല.
(നാളെ: കരിംലാല ഡോൺ പദവിയിലേക്ക്)