Tuesday 18 July 2023 03:29 PM IST

‘ആ ഹാന്റിലിൽ പിടിച്ചോ, വീഴണ്ട,’ ഉമ്മൻ ചാണ്ടി പറഞ്ഞു; ഇങ്ങനെയാണ് ഉമ്മൻ ചാണ്ടി ജനങ്ങളുടെ മനസ്സിൽ കയറിയിരുന്നത്...

Vijeesh Gopinath

Senior Sub Editor

oommen-chandy-mother നിയമസഭാ സാമാജികനായി 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിൽ അമ്മ ബേബിയ്ക്കൊപ്പം

ഉമ്മൻ ചാണ്ടി എന്ന വാക്കിന് ആൾക്കൂട്ടം എന്നു കൂടി അർ‌ഥമുണ്ട്. ആരവങ്ങൾക്കിടയിൽ അല്ലാത്ത ഉമ്മൻചാണ്ടിയെ തിരഞ്ഞാണ് 2015 ഡിസംബറിൽ പുതുപ്പള്ളി പള്ളിയിലേക്ക് പോകാൻ തീരുമാനിച്ചത്. ലക്ഷ്യം വനിത ക്രിസ്മസ് ലക്കത്തിലേക്ക് കുടുംബസമേതം ഒരു അഭിമുഖം. അദ്ദേഹം അന്ന് മുഖ്യമന്ത്രിയാണ്.

എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി സെൻറ് ജോർജ് പള്ളിയിൽ കുർബാനയ്ക്ക് എത്തുകയെന്ന പതിവ് ഉമ്മൻചാണ്ടി തെറ്റിക്കാറില്ല. അവിടെയാവുമ്പോൾ നാടിനെക്കുറിച്ചുള്ള ഒാർമവഴികളും തുറന്നു കിട്ടുമല്ലോ, ഒപ്പം പള്ളിക്കു മുന്നിലെ പടികൾ ഇറങ്ങി വരുന്ന ചിത്രവും.

ആറരമണിക്ക് ഒരു പൈലറ്റ് ജീപ്പ് റോഡിൽ വന്നു കിടന്നു. കുറച്ചു കഴിഞ്ഞ് വെള്ള ഇന്നോവക്കാറിൽ‌ ഉമ്മൻചാണ്ടി പള്ളിമുറ്റത്ത് എത്തി. കുർബാനയിൽ പങ്കെടുക്കാൻ അകത്തേക്ക് കയറി വാതിലിന് അരികിൽ ഏറ്റവും പിന്നിൽ ആൾക്കൂട്ടത്തിനൊപ്പം നിൽപ്പ്. പുതുപ്പള്ളിയിൽ ‘ഖദറിന് പഞ്ഞമില്ലാത്തതുകൊണ്ട്’ ഒറ്റ നോട്ടത്തിൽ‌ നാട്ടിലെ തലനരച്ച ഏതോ വല്യപ്പൻ എന്നേ തോന്നു. അടുത്തു നിൽക്കുന്നവർ തിരിഞ്ഞു നോക്കി ഒന്നു ചിരിച്ചു കാണിച്ചു. അത്രയേയുള്ളൂ.

നമുക്കിത് അത്ഭുതമാണ്, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ആൾക്കൂട്ടത്തിന്റെ ഏറ്റവും പിന്നിൽ നിൽക്കുന്നത്. പക്ഷേ പുതുപ്പള്ളിക്കാർക്ക് ഒരു കൗതുകവുമില്ല. അവരുടെ സ്വന്തം ഒ.സി അല്ലേ. അവർക്കെന്ത് മുഖ്യമന്ത്രി.

പള്ളി പിരിഞ്ഞപ്പോൾ ആൾക്കുട്ടത്തിനിടയിലേക്ക് നുഴഞ്ഞു കയറി വന്ന കാര്യം പറഞ്ഞു. പള്ളിയുടെ പടികളിലിരുന്ന് ഒരു ഫോട്ടോ എടുത്താലോ എന്നു ചോദിച്ചു.

ചിരിയോടെ കൈപിടിച്ചു പതുക്കെ ചെവിയിൽ പറഞ്ഞു, ‘‘ഇതെന്റെ നാടാണ്. ഇവർക്കു മുന്നിൽ പോസ് ചെയ്ത് ഫോട്ടോ എടുക്കുക, അതെനിക്ക് എനിക്കു പറ്റില്ല. ഇന്റർവ്യ‌ൂ കാറിൽ വച്ചാവാം. കേറിക്കോ. ’’

‌കാറിനകത്തേയ്ക്ക് അദ്ദേഹം കയറിയതും സെക്കന്റുകൾക്കുള്ളിൽ അഞ്ചെട്ടു പേർ അതിനുള്ളിലേക്ക് ചാടി കയറിയതും ഒന്നിച്ച്. ‘അതിവേഗം’ എന്ന വാക്ക് കേട്ടിട്ടേയുള്ളൂ. കാറിനുള്ളിലേക്കു പ്രവർത്തകർ കയറിയ വേഗം കണ്ട് അമ്പരന്നു നിൽക്കുമ്പോൾ ഒരു പ്രവർത്തകൻ ഇറങ്ങി വന്ന് കാറിനുള്ളിലേക്ക് എന്നെയും ഉന്തിക്കയറ്റി.

ഇന്നോവയാണ് രണ്ട് ബക്കറ്റ് സീറ്റ്. നടുക്ക് ഒരു ബോക്സ് പോലെ ഭാഗം. ‘ഇങ്ങോട്ടു നീങ്ങിയിരുന്നോ, അയാൾ കൂടി കയറട്ടെ’ എന്ന് ഉമ്മൻ ചാണ്ടി. ത്രിശങ്കു എന്ന വാക്കിന്റെ അർഥം അന്ന് ശരിക്കും മനസ്സിലായി. നടുക്ക് ‍ഞാൻ. ഇടതു വശത്ത് കേരളത്തിന്റെ മുഖ്യമന്ത്രി. വലതു വശത്തെ സീറ്റിൽ ഇടിച്ചിരിക്കുന്ന രണ്ട് പ്രവർത്തകർ. പിന്നിലെ സീറ്റിൽ അഞ്ചു പേരുണ്ട്.

സൈറൺ മുഴക്കി വണ്ടി നീങ്ങിയപ്പോഴാണ് അപകടം മനസ്സിലായത്. കാർ വളയുമ്പോൾ മുഖ്യമന്ത്രിയുടെ മേലേയ്ക്ക് ചരിഞ്ഞു വീഴും.ബ്രേക്കിട്ടാൽ മുന്നിലെ സീറ്റിലേക്ക് പറക്കും. കഷ്ടപ്പാടുകണ്ട് ഉമ്മൻചാണ്ടി പറ‍ഞ്ഞു, ‘‘ആ ഹാന്റിലിൽ പിടിച്ചോ. വീഴണ്ട,’’

പിന്നിൽ കൂടി കൈ വലിച്ച് വിന്റോയ്ക്ക് മുകളിലെ ഹാന്റിലിൽ ഒരു പിടുത്തം കിട്ടി. ഒറ്റ നോട്ടത്തിൽ മുഖ്യമന്ത്രിയുടെ തോളിൽ ൈകയിട്ട് ഇരിക്കുന്ന പോലെ ഒരിരുപ്പ്.

ആദ്യ ചോദ്യം ചോദിച്ചപ്പോഴേക്കും പിന്നിൽ നിന്നൊരാൾ. ‘‘നമ്മുടെ വാർഡിലെ ആ ചേടത്തി വയ്യാതെ കിടക്കുകയാണ്. ആരും ഇല്ല. എന്തെങ്കിലും ചെയ്യണം...’’

അതൊരു തുടക്കം ആയിരുന്നു. പിന്നിലിരുന്ന ഒാരോരുത്തരായി നിവദേനങ്ങളുടെയും അപേക്ഷകളുടെയും ക്യൂ തുറന്നു. ഇടയിൽ ഏറ്റമാനൂരിനു മുമ്പ് ഒരുത്ഘാടനം. പിന്നെ ഒരു മരണ വീട്.

ഒടുവിൽ അദ്ദേഹം ചോദിച്ചു, ‘‘അല്ല നമ്മൾ എവിടെയാണ് പറഞ്ഞു നിർത്തിയത്? അല്ലെങ്കിൽ ഇന്നിനി വേണ്ട, തിരുവന്തപുരത്തേക്കു പോരു. അവിടെ ഇരിക്കാം.’’

ഗൺമാനോട് ഒരു ഒാട്ടോ വിളിച്ച് എന്നെ തിരിച്ചു വിടാൻ ആവശ്യപ്പെട്ടു. വൈക്കത്തിനടുത്തുള്ള ഒാട്ടോ സ്റ്റാന്റിനടുത്ത് കാർ നിന്നു. മുഖ്യമന്ത്രിയുടെ തോളിൽ കൈയിട്ടിരുന്ന പോസിൽ നിന്ന് ഞാൻ താഴെയിറങ്ങി. കൈ ഉയർത്തി കാണിച്ച് ഉമ്മൻചാണ്ടി യാത്രയായി.

മറ്റൊരു ഫീച്ചറിന്റെ പിന്നാലെ പോയതോടെ ആ ഇൻറർവ്യു പക്ഷേ എനിക്ക് എടുക്കാനായില്ല. രഞ്ജിത് നായരാണ് വനിതയ്ക്കായി എക്സ്ക്ലൂസീവ് അഭിമുഖം എടുത്തത്.

പല ചോദ്യാങ്ങളും ചോദിക്കാനായില്ലെങ്കിലും ഒരുത്തരം അന്നാണ് കിട്ടിയത്, എങ്ങനെയാണ് ആളുകളുടെ മനസ്സിൽ ഉമ്മൻചാണ്ടി കരുതൽ കൊണ്ട് കയ്യൊപ്പിടുന്നതെന്ന്....

ഉമ്മൻ ചാണ്ടി അന്ന് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം