ഫുൾ സ്ലീവ് ധരിച്ച് ഷോളിട്ടു മൂടിപ്പുതച്ചു നടന്ന നാളുകൾ; വെള്ളപ്പാണ്ടിനെതിരെയുള്ള രസിത രാജന്റെ പോരാട്ടജീവിതം Rasitha Rajan: A Vitiligo Model's Triumph Over Adversity
കൊച്ചി സ്വദേശി രസിത, തന്റെ 12-13 വയസ്സിൽ വെള്ളപ്പാണ്ട് (വിറ്റിലിഗോ) രോഗം ആരംഭിച്ചതു മുതൽ നേരിട്ട കളിയാക്കലുകൾ, പരിഹാസങ്ങൾ, സാമൂഹികമായ വിവേചനം എന്നിവയെ അതിജീവിച്ച് ഇപ്പോൾ മോഡലിംഗ് രംഗത്ത് സജീവമായ വ്യക്തിയാണ്. കഴുത്തിൽ രോഗം തുടങ്ങിയ സമയത്ത് കരച്ചിലും വിഷമവുമായി കഴിഞ്ഞിരുന്ന രസിത, രോഗം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ആളുകളുടെ നോട്ടങ്ങളും ഉപദേശങ്ങളും വേദനിപ്പിച്ചിരുന്നു. ഐടി ജോലി സംബന്ധമായി ലണ്ടനിൽ പോയ കാലഘട്ടമാണ് ആത്മവിശ്വാസം തിരികെ നൽകിയത്, അവിടെ ആരും തുറിച്ചുനോക്കിയില്ല. ഒരു വിദേശ വനിതയുടെ വാക്കുകൾ, തന്റെ പാടുകൾ മറയ്ക്കാൻ ശ്രമിക്കുന്നതിലെ തെറ്റ് തിരിച്ചറിയാൻ രസിതയെ സഹായിച്ചു, ഇത് പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിയാൻ പ്രചോദനമായി. വിറ്റിലിഗോ ബാധിച്ച വ്യക്തികൾക്ക് സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും കളിയാക്കലുകളും ഇപ്പോഴും നേരിടേണ്ടി വരുന്നുണ്ടെങ്കിലും, ഇത് നമ്മുടെ കുറ്റമല്ലെന്നും ധൈര്യമായി നേരിടണമെന്നും രസിത മറ്റുള്ളവരെ ഉപദേശിക്കുന്നു, വ്യാജ ചികിത്സകളിൽ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു.

സ്കൂൾ പഠനകാലത്ത്, 12-13 വയസ്സിലാണു കൊച്ചി സ്വദേശിയായ രസിതയ്ക്കു വെള്ളപ്പാണ്ടു വരുന്നത്. അന്നു മുതൽ വേദനിപ്പിക്കുന്ന ഒട്ടേറെ അനുഭവങ്ങൾ രസിത നേരിട്ടിട്ടുണ്ട്. പൊള്ളിയതാണോ, മേക്കപ് അലർജിയാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ. മദാമ്മ എന്നുള്ള പരിഹാസവിളികൾ... ഫുൾ സ്ലീവേ വേഷം ധരിച്ചും ഷോളു കൊണ്ട് മൂടിപ്പുതച്ചും ഭയന്നു ജീവിച്ച നാളുകൾ...ഒരുനാൾ അപമാനഭീതിയുടെ പ്യൂപ്പയിൽ നിന്നവൾ പുറത്തു കടന്നു. ഇന്ന് ആത്മവിശ്വാ സമുള്ളവളായി, മോഡലിങ് രംഗത്തു സജീവമാണു രസിത. വിറ്റിലിഗോ മോഡലായ രസിത രാജന്റെ പോരാട്ടത്തെക്കുറിച്ചു വായിക്കാം.
ശക്തി നൽകിയത് കളിയാക്കലുകൾ
‘‘കഴുത്തിന്റെ പിറകിൽ വെളുത്തപാട് ആയിട്ടാണു രോഗം തുടങ്ങിയത്. എന്റെ അമ്മയ്ക്ക് ഇതേ പ്രശ്നം ഉണ്ടായിരുന്നു. അതുകൊണ്ടു പാടു കണ്ടപ്പോഴേ നേരേ സ്കിൻ സ്പെഷലിസ്റ്റിനെ കാണിച്ചു. രോഗം പെട്ടെന്നു തിരിച്ചറിഞ്ഞു.
ആ സമയത്തൊക്കെ ഞാൻ ഭയങ്കര കരച്ചിലായിരുന്നു. എന്തിനാണു ദൈവം എന്നെ ഇങ്ങനെ ആക്കിയത് എന്നു വിഷമിച്ചിട്ടുണ്ട്. ഏത് ആരാധനാലയത്തിൽ പോയാലും, ഈ അസുഖം മാറ്റണേ എന്നായിരുന്നു ഏക പ്രാർഥന. വഴിപാടുകളും ചെയ്തു. കാണാത്ത ഡോക്ടർമാരില്ല. പരീക്ഷിക്കാത്ത ചികിത്സകളില്ല.
പാടുകൾ പുറത്തു കാണാതിരിക്കാൻ ഫുൾ സ്ലീവ് മാത്രമേ ഇടാറുണ്ടായിരുന്നുള്ളു. കഴുത്തിൽ ഷോൾ ഇട്ടു മറയ്ക്കും. കോളജിൽ ആയിരുന്നപ്പോൾ കയ്യിലെ പാടു മറയ്ക്കാൻ മെഹന്ദി ഇടുമായിരുന്നു. ഫുൾ സ്ലീവ് ഇട്ടാലും ഡ്രസ്സ് മാറി പാടു പുറത്തു കണ്ടാൽ പിന്നെ നോട്ടമായി, സംസാരമായി. തീരെ സഹിക്കാൻ വയ്യാത്തതു മരുന്നു കഴിക്കുന്നതിനെ കുറിച്ചും ഡോക്ടറെ കാണുന്നതിനെ കുറിച്ചുമുള്ള ആളുകളുടെ ഉപദേശ–നിർദേശങ്ങളായിരുന്നു.
ബിഎസ്‌സി മാത്തമാറ്റിക്സ് കഴിഞ്ഞു ക്യാംപസ് സെലക്‌ഷൻ വഴി പുണെയിൽ ഐടി ഫീൽഡിൽ ജോലി കിട്ടി. അവിടെനിന്നും ജോലിസംബന്ധമായി മൂന്നു നാലു വർഷം ലണ്ടനിൽ പോയിരുന്നു. ലണ്ടനിലെ നാളുകളാണ് എനിക്ക് ആത്മവിശ്വാസം തിരികെ നൽകിയത്. അവിടെയാരും നമ്മളെ തുറിച്ചുനോക്കില്ല.
ഒരിക്കൽ അവിടെ ഒരു മെഡിക്കൽ ഷോപ്പിൽ കറക്ടീവ് മേക്കപ് വാങ്ങാൻ പോയി. അപ്പോൾ അവിടെയുണ്ടായിരുന്ന വിദേശവനിത ഇത് എന്തിനാണ് എന്നു ചോദിച്ചു. പാടു മറയ്ക്കാൻ ആണെന്നു പറഞ്ഞപ്പോൾ അവർ പറഞ്ഞു– ‘നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യില്ല’ എന്ന്.
അതു വലിയൊരു തിരിച്ചറിവായിരുന്നു. ആലോചിച്ചപ്പോൾ ശരിയാണെന്നു തോന്നി. ഇത്രയും കാലം മറ്റുള്ളവരെന്തു വിചാരിക്കും എന്ന ചിന്തയിൽ ഭയന്നൊതുങ്ങിയാണു കഴിഞ്ഞത്. വെള്ളപ്പാണ്ട് വന്ന ശേഷം ഒരു ഫോട്ടോ പോലും എടുക്കില്ലായിരുന്നു. ഫോട്ടോ എടുത്താൽ തന്നെ ഫോട്ടോഷോപ് ചെയ്തു പാട് ഒക്കെ മറച്ചിട്ടേ പോസ്റ്റ് ചെയ്യൂ. അതുകൊണ്ടു വിറ്റിലിഗോ വന്ന സമയത്തെ ഒറ്റ ഫോട്ടോ പോലും ഫോണിൽ ഇല്ല.
വേദനിപ്പിക്കും തമാശകൾ
2020–21 സമയത്താണു മോഡലിങ്ങിലേക്കു തിരിയുന്നത്. അപ്പോഴേക്കും സ്കിൻ മിക്കവാറും വെളുത്ത നിറമായി. മോഡലിങ്ങിനു പോകുമ്പോൾ ‘ഞങ്ങൾക്ക് ഇങ്ങനെ വന്നിരുന്നെങ്കിൽ’, ‘ഈ വെളുത്തനിറം എവിടെ കിട്ടും’ എന്നൊക്കെ തമാശമട്ടിൽ പറയുന്നവരുണ്ട്. വെളുത്തനിറത്തോടുള്ള താൽപര്യം കൊണ്ടാണ്. പക്ഷേ, ഈ പ്രശ്നം കൊണ്ടുള്ള സ്റ്റിഗ്മ അനുഭവിച്ചു മടുത്തതു കൊണ്ടാകാം, എനിക്ക് ആ തമാശ ഇഷ്ടപ്പെടാറില്ല.
ഇതു പൊള്ളിയതാണോ, മേക്കപ് അലർജിയാണോ എന്നൊക്കെയാണ് ആളുകൾ എന്നോടു ചോദിക്കാറ്. ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ ‘പാണ്ട് പിടിച്ചിട്ടു ചികിത്സിക്കാതെ നടന്നു വലിയ ഷോ കാണിക്കുന്നു’ എന്നൊരാൾ മെസേജ് ചെയ്തിരുന്നു. നമ്മുടെ കുറ്റം കൊണ്ടല്ലാതെ വന്ന അവസ്ഥയായിട്ടും എത്ര ജഡ്ജ്മെന്റലായാണ് ആളുകൾ കാണുന്നത്.
ഈയടുത്ത് ഒരാൾ കൊളാബറേഷൻ ഷൂട്ടിനു മെസേജ് അയച്ചു. അയാളുടെ അക്കൗണ്ട് നോക്കിയപ്പോൾ അത്യാവശ്യം ഫോളോവേഴ്സ് ഉണ്ട്. നല്ല ഫോട്ടോസും ആണ്. ഷൂട്ടിങ് ഫിക്സ് ചെയ്തു. തലേന്നു സമയം മാറ്റമുണ്ടോ എന്നു ചോദിച്ചു ഞാൻ മെസേജ് ഇട്ടു. അപ്പോഴാണു പുള്ളി പറയുന്നത്–ഷൂട്ട് നടക്കില്ല. ഇതൊരു രോഗമാണെന്ന് അറിയില്ലായിരുന്നു. യഥാർഥ സ്കിൻ ടോൺ എന്നാണു കരുതിയത് എന്ന്.
എനിക്ക് അതു കേട്ടിട്ടു വലിയ വിഷമം തോന്നിയില്ല. പക്ഷേ, മര്യാദയുടെ പേരിൽ ഇക്കാര്യം നേരത്തേ പറയാമായിരുന്നു. ഇതാദ്യമല്ല മോശം അനുഭവങ്ങൾ നേരിടുന്നത്. അതൊക്കെയാണ് എന്നെ സ്ട്രോങ് ആക്കിയത്.
മെലനിൻ ഇല്ലാത്തതുകൊണ്ടു ചർമം ഭയങ്കര സെൻസിറ്റീവാണ്. എസ്പിഎഫ് 50 എങ്കിലും ഉള്ള സൺസ്ക്രീൻ പുരട്ടാതെ പുറത്തിറങ്ങരുത് എന്നാണു ഡോക്ടർ പറഞ്ഞിട്ടുള്ളത്. എത്ര ചൂടാണെങ്കിലും പുറത്തിറങ്ങുമ്പോൾ ഫുൾ സ്ലീവ് ഇടും. തൊപ്പി വച്ചു മുഖം മറയ്ക്കും. കൂളിങ് ഗ്ലാസ്സ് വയ്ക്കും. പൊതിഞ്ഞു നടന്നാലും ചിലപ്പോൾ പ്രശ്നമാകും. കുറച്ചുനേരം സൂര്യപ്രകാശം കൊണ്ടാൽ തന്നെ ചൊറിച്ചിൽ വരും. ചുവന്ന നിറമാകും. അതു മാറിക്കഴിയുമ്പോൾ കറുത്തപാടുകൾ വരും.
പണ്ടു ഞാൻ കണ്ണാടിയുടെ മുൻപിൽ നിൽക്കാറേ ഇല്ലായിരുന്നു. ഇപ്പോൾ കണ്ണാടിയുടെ മുൻപിൽ നിൽക്കുമ്പോൾ ഞാൻ പഴയ ആ പെൺകുട്ടിയെ ഒാർക്കാറേയില്ല. ഈ അവസ്ഥ അനുഭവിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ധീരരായിരിക്കുക. ഇതു നമ്മുടെ കുറ്റം കൊണ്ടല്ല വരുന്നത്. മനസ്സു തകർന്നാൽ ഇതു കൂടുതലായി വ്യാപിക്കും. ഈ പ്രശ്നം 100 ശതമാനം സുഖമാക്കാനൊന്നും പറ്റില്ല. അങ്ങനെ അവകാശപ്പെടുന്ന വ്യാജചികിത്സകരുടെ പുറകെ പോകാതിരിക്കുക.’’