‘അദ്ദേഹം മുറിയിലേക്കു നടന്നു വരുന്നതു കണ്ടപ്പോഴേ പാർക്കിൻസൺസ് ആണല്ലോ എന്നു ചിന്തിച്ചു’: ആദ്യ നോട്ടത്തില് രോഗനിർണയം നടത്തിയ ഡോ. മാത്യു പാറയ്ക്കൽ
1950 ൽ സംസ്ഥാനത്തിന്റെ മെറിറ്റു നോമിനിയായി മദ്രാസിലാണ് ഡോ. മാത്യു പാറയ്ക്കൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 92–ാം വയസ്സിലും ചികിത്സയിൽ സജീവമായ അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായുള്ള ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തിൽ മാറുന്ന ഡോക്ടർ–രോഗീ ബന്ധത്തെക്കുറിച്ചും വൈദ്യമേഖലയിലെ മറ്റു മാറ്റങ്ങളെക്കുറിച്ചും
1950 ൽ സംസ്ഥാനത്തിന്റെ മെറിറ്റു നോമിനിയായി മദ്രാസിലാണ് ഡോ. മാത്യു പാറയ്ക്കൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 92–ാം വയസ്സിലും ചികിത്സയിൽ സജീവമായ അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായുള്ള ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തിൽ മാറുന്ന ഡോക്ടർ–രോഗീ ബന്ധത്തെക്കുറിച്ചും വൈദ്യമേഖലയിലെ മറ്റു മാറ്റങ്ങളെക്കുറിച്ചും
1950 ൽ സംസ്ഥാനത്തിന്റെ മെറിറ്റു നോമിനിയായി മദ്രാസിലാണ് ഡോ. മാത്യു പാറയ്ക്കൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 92–ാം വയസ്സിലും ചികിത്സയിൽ സജീവമായ അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായുള്ള ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തിൽ മാറുന്ന ഡോക്ടർ–രോഗീ ബന്ധത്തെക്കുറിച്ചും വൈദ്യമേഖലയിലെ മറ്റു മാറ്റങ്ങളെക്കുറിച്ചും
1950 ൽ സംസ്ഥാനത്തിന്റെ മെറിറ്റു നോമിനിയായി മദ്രാസിലാണ് ഡോ. മാത്യു പാറയ്ക്കൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 92–ാം വയസ്സിലും ചികിത്സയിൽ സജീവമായ അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായുള്ള ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തിൽ മാറുന്ന ഡോക്ടർ–രോഗീ ബന്ധത്തെക്കുറിച്ചും വൈദ്യമേഖലയിലെ മറ്റു മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
തിരിച്ചറിയുന്നത് മനുഷ്യനായല്ല നമ്പറുകളായി
വൈദ്യവൃത്തിയുടെ സ്വഭാവം തന്നെ ഇന്നു പാടേ മാറിപ്പോയി. ഡോക്ടർമാർക്ക് നാല് എച്ചുകൾ വേണമെന്നാണു ഞാൻ വിശ്വസിക്കുന്നത്. ഹ്യുമനിസം, ഓണസ്റ്റി, ഹ്യുമിലിറ്റി, ഹാർഡ് വർക്...ഈ നാല് എച്ചുകൾ ചേർന്നാകണം ഒരു ഡോക്ടറുടെ ആത്മസത്ത രൂപപ്പെടുത്തേണ്ടത്. ഇപ്പോൾ ഇതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ചെറിയൊരു ഉദാഹരണം പറയാം. ആശുപത്രിയിൽ കിടക്കുന്ന ഒരു പരിചയക്കാരനെയോ ബന്ധുവിനെയോ കാണാൻ ചെന്നു എന്നിരിക്കട്ടെ...രോഗിയുടെ പേരു ചോദിച്ചാൽ അറിയില്ലെന്നാകും മറുപടി. എന്നാൽ എന്തു സുഖക്കേടുമായിട്ടാണു വന്നതെന്നു പറഞ്ഞാൽ ഉടൻ മറുപടി കിട്ടും.
ഒാ..ആ പേഷ്യന്റ്...അവർ ഇത്രാം നമ്പർ റൂമിലുണ്ട്... എന്താണ് ഇതിന്റെ സാരാംശം?
മജ്ജയും മാംസവും വികാരവിചാരങ്ങളുമുള്ള മനുഷ്യരായല്ല ഇന്നു രോഗികൾ പരിഗണിക്കപ്പെടുന്നത്, പേരുകൾക്കും മുഖങ്ങൾക്കും പകരം അസുഖങ്ങളായും ടോക്കൺ നമ്പറായും ഒപി നമ്പറുമായൊക്കെയാണ് അവരെ തിരിച്ചറിയുന്നത്.
നിർഭാഗ്യവശാൽ ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതികളിൽ ഒരിടത്തും ഹ്യുമനിസം, എംപതി പോലുള്ള ഗുണങ്ങൾക്കു സ്ഥാനമില്ല. ഇന്നു വൈദ്യപഠനത്തിനു വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിൽ മാർക്കു മാത്രമാണ് ആധാരം. ഡോക്ടറാകാനുള്ള അഭിരുചിയോ അടിസ്ഥാന സ്വഭാവഗുണങ്ങളോ ഉണ്ടോ എന്നു നോക്കുന്നില്ല.‘കംപാഷനേറ്റ് മെഡിസിൻ’ കല വൈദ്യവിദ്യാർഥികളെ ആരും പഠിപ്പിക്കുന്നില്ല.
ആശയവിനിമയം കുറയുന്നു
രോഗികളുമായുള്ള ഡോക്ടർമാരുടെ ആശയവിനിമയം വളരെ വളരെ കുറവാണ്. രോഗികളുടെ എണ്ണം കൂടുന്നതും മറ്റും യാഥാർഥ്യം തന്നെ. പക്ഷേ, എന്തു സാഹചര്യത്തിലായാലും രോഗികളുമായുള്ള ആശയവിനിമയവും സമ്പർക്കസമയവും കുറയ്ക്കുന്നതു ശരിയല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ഇക്കാര്യത്തിൽ രണ്ടു ഡോക്ടർമാരെയാണു ഞാൻ മാതൃകയായി കാണുന്നത്. ഡോ. കെ.എൻ പൈയും ഡോ. ശങ്കർരാമനും. രണ്ടുപേരും അര മണിക്കൂറെങ്കിലും രോഗിയുമായി സംസാരിച്ച ശേഷമേ രോഗനിർണയത്തിലേക്കു പോയിരുന്നുള്ളു.
സ്റ്റാൻഫഡ് സർവകലാശാലയിലെ മെഡിസിൻ വിഭാഗം പ്രഫസറായ , മലയാളിയായ ഡോ. ഏബ്രഹാം വർഗീസ് രോഗികളുമായുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയാറുണ്ട്. ‘ദ കവനന്റ് ഒാഫ് വാട്ടർ’ എന്ന പ്രശസ്തമായ ബുക്ക് എഴുതിയ ആളാണ് അദ്ദേഹം. അമേരിക്കയിൽ ഉൾപ്പെടെ ഡോക്ടർ–രോഗി ആശയവിനിമയം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്.
രോഗികളുടെ മനോഭാവത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. പലരും രോഗവിവരം പൂർണമായും ഡോക്ടറോടു പങ്കുവയ്ക്കാൻ മടി കാണിക്കുന്നു. അവർ വരുന്നതു തന്നെ ഒരു കെട്ടു പേപ്പറുകളുമായാണ്. വിവിധ പരിശോധനകളുടെ ഫലമാണ്– എക്സ് റേ, ലാബ്, സ്കാൻ റിപ്പോർട്ടുകൾ. അതു നോക്കി അസുഖമെന്താണെന്നു പറയണം എന്നതാണ് ആവശ്യം. എന്റെ അടുത്ത് അങ്ങനെ വരുന്നവരോടു ഞാൻ കർക്കശമായി പറയും, എനിക്കു രോഗിയെ നേരിട്ടു കാണണം. രോഗിയെ കണ്ട്, സംസാരിച്ചു രോഗചരിത്രം പൂർണമായും ഗ്രഹിച്ചു വിലയിരുത്തിയശേഷമേ ഞാൻ രോഗനിർണയം നടത്തൂ.
തുറന്ന മനസ്സോടെ രോഗിയോടു സംസാരിക്കുക
ചിലപ്പോൾ രോഗിയെ കാണുമ്പോൾ, ആദ്യ നോട്ടത്തിൽ തന്നെ മനസ്സിൽ ഒരു രോഗനിർണയം തോന്നും. മിക്കവാറും അതു ശരിയാകാറുമുണ്ട്. ഒരിക്കൽ പാലായിൽ, ബിഷപ് ഹൗസിൽ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാനായി പോയി. അവിടെ വച്ച് പടിയറ തിരുമേനിയെ (അന്തരിച്ച കർദിനാൾ മാർആന്റണി പടിയറ) കണ്ടു. അദ്ദേഹം മുറിയിലേക്കു നടന്നു കയറി വരുന്നതു കണ്ടപ്പോഴേ പാർക്കിൻസൺസ് രോഗമാണല്ലോ എന്നു ചിന്ത മനസ്സിലേക്കു വന്നു. പാർക്കിൻസൺ രോഗമുള്ളവരുടെ നടത്തം ഒരു പ്രത്യേക രീതിയിലായിരിക്കും. മീറ്റിങ്ങ് കഴിഞ്ഞു പോരാൻനേരം തിരുമേനിയുടെ കൂടെയുണ്ടായിരുന്നവരോടു വൈകാതെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കാണണമെന്നു തിരുമേനിയോടു പറയാൻ പറഞ്ഞേൽപിച്ചു. അദ്ദേഹം വൈകാതെ തന്നെ ഡോക്ടറെ കണ്ടു, പാർക്കിൻസൺ രോഗമാണെന്നു സ്ഥിരീകരിച്ചു.
ഇതൊന്നും എന്റെ വ്യക്തിപരമായ കഴിവോ അന്തർജ്ഞാനമോ അല്ല. രോഗിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ശരീരപരിശോധന കൃത്യമായി ചെയ്യുകയും വിശദമായ രോഗചരിത്രം കേൾക്കുകയും ചെയ്യുന്ന ശീലമാണു കൃത്യമായ രോഗനിർണയത്തിന് എന്നെ സഹായിക്കുന്നത്. ഒപ്പം നമ്മുടെ മുകളിലുള്ള ആ വലിയ ശക്തിയുടെ അനുഗ്രഹവും....
രോഗനിർണയത്തിന്റെ കാര്യത്തിൽ ഡോക്ടർമാർ എപ്പോഴും ഒരു തുറന്ന മനസ്സു സൂക്ഷിക്കുക. എല്ലായിടത്തു നിന്നുമുള്ള ഉപദേശം കേൾക്കുക. ചിലപ്പോൾ രോഗിയുടെ കൂട്ടിരിപ്പുകാരൻ പറയുന്ന ഒരു വിവരമായിരിക്കും രോഗനിർണയത്തിന്റെ കാര്യത്തിൽ നിർണായകമാകുന്നത്. ഒന്നും അവഗണിക്കരുത്. നിങ്ങൾക്ക് അപ്രധാനമെന്നു തോന്നുന്ന കാര്യം രോഗനിർണയത്തിന്റെ കാര്യത്തിൽ ചിലപ്പോൾ സുപ്രധാനമായേക്കാം.
മരുന്നുപയോഗം കൂടുന്നു
മരുന്നുകളുടെ ഉപയോഗം ഇന്നു വളരെ കൂടുതലാണ്. സത്യത്തിൽ ഭക്ഷണക്രമീകരണവും ജീവിതചര്യാ മാറ്റങ്ങളുമാകണം പ്രധാന ചികിത്സ. ഇന്ന് അതിനാരും മിനക്കെടുന്നില്ല.
മരുന്നുപയോഗം വളരെ കൂടി എന്നു മാത്രമല്ല, അത്ര ലളിതമല്ല ഇന്നത്തെ മരുന്നുപയോഗം. ഒന്നിലേറെ മരുന്നുകളുടെ ഉപയോഗം ( പോളിഫാർമസി), പലതരം കോമ്പിനേഷൻ മരുന്നുകൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിങ്ങനെ സങ്കീർണമായി തീർന്നിരിക്കുന്നു മരുന്നുപയോഗം.
ആവശ്യത്തിനു മാത്രം കഴിക്കുക, വ്യായാമം മുടക്കരുത്
ഡോക്ടർമാരെ സംബന്ധിച്ച് ശാരീരികമായി ഫിറ്റ്നസ് സൂക്ഷിക്കേണ്ടതു പ്രധാനമാണ്. കോട്ടയത്തു വന്ന കാലത്തു മുതലേ, ഞാൻ മുട്ടമ്പലത്തുള്ള ഒാഫിസേഴ്സ് ക്ലബിൽ ബാഡ്മിന്റൺ കളിക്കുമായിരുന്നു. റിട്ടയർ ചെയ്തു കഴിഞ്ഞ് ഏതാനും വർഷം കൂടി അതു തുടർന്നു. തുടർന്നാണു നടത്തത്തിലേക്കു തിരിയുന്നത്. ദിവസവും ഒരു മണിക്കൂറോളം സമയം നടക്കുമായിരുന്നു. കോവിഡ് കാലത്തു നടത്തം മുടങ്ങിയെങ്കിലും വിലക്കുകൾ മാറിയ ശേഷം വീണ്ടും നടന്നുതുടങ്ങി. ഇപ്പോഴെനിക്കു 92 വയസ്സുണ്ട്. നടത്തം ഇപ്പോഴും തുടരുന്നു. .
1994 ലാണ് എനിക്ക് ആദ്യത്തെ ഹൃദയാഘാതം വരുന്നത്. കോട്ടയത്ത് എസ്എച്ച് ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ. ആദ്യത്തെ ഇസിജിയിൽ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ, എനിക്കെന്തോ ഒരു അരുതാഴിക തോന്നുന്നുണ്ടായിരുന്നു– ‘എന്തോ പ്രശ്നമുണ്ടെന്നു’ ഞാൻ വീണ്ടും പറഞ്ഞതുകൊണ്ട് അവർ രണ്ടാമത് ഇസിജി എടുത്തു. അതിൽ ചില മാറ്റങ്ങൾ ഉള്ളതായി കണ്ടു. ഉടനെതന്നെ ചികിത്സ ആരംഭിച്ചു.
അതങ്ങനെയാണ് പലപ്പോഴും ഹൃദയാഘാതത്തിന്റേതായ മാറ്റങ്ങൾ മുഴുവനായി ആദ്യമെടുക്കുന്ന ഇസിജിയിൽ കാണണമെന്നില്ല. ഇന്നു ഹൃദയാഘാതം തിരിച്ചറിയാൻ ഇസിജി അല്ലാതെയുള്ള പരിശോധനകൾ കൂടി ഉള്ളതുകൊണ്ട് പ്രശ്നമില്ല.
എന്റെ നില മെച്ചപ്പെട്ടതിനു ശേഷം ഭക്ഷണക്രമീകരണവും വ്യായാമവും നിർദേശിച്ചു വിട്ടു. പിന്നീട് ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ രണ്ടാമത്തെ ഹൃദയാഘാതം വന്നു. ആ സമയത്ത് ഞാൻ രോഗികളെ പരിശോധിക്കുകയായിരുന്നു. 1997 ൽ മൂന്നാമതും അറ്റാക്ക് വന്ന് എസ്എച്ച് ഹോസ്പിറ്റലിൽ കൊണ്ടുചെന്നപ്പോൾ ഇനി ബൈപാസ് ശസ്ത്രക്രിയ ചെയ്തേ തീരൂ എന്നു ഡോക്ടർമാർ നിർബന്ധം പറഞ്ഞു. അങ്ങനെ മദ്രാസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. ഡോ. കെ. എം ചെറിയാനും ടീമുമാണ് ശസ്ത്രക്രിയ നടത്തിയത്.
മൂന്നുതവണ ഹൃദയാഘാതം വന്നു എന്നത് എന്നെ പ്രത്യേകിച്ചു ബാധിച്ചൊന്നുമില്ല. ഹൃദ്രോഗത്തിന്റേതായ പാരമ്പര്യമുള്ളതുകൊണ്ട് എന്നെങ്കിലും ഈ രോഗം വരുമെന്നു ധാരണയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ആവശ്യത്തിനു വിശ്രമം എടുത്തു. വീണ്ടും രോഗികളെ നോക്കിത്തുടങ്ങി. നടത്തം മുടക്കിയില്ല. ഭക്ഷണത്തിൽ പ്രത്യകിച്ചു വലിയ മാറ്റമൊന്നും വരുത്തിയില്ല. എല്ലാം മിതമായ അളവിൽ കഴിക്കുക എന്നതാണു പണ്ടു മുതലേയുള്ള രീതി. അതുതന്നെ തുടർന്നു.
മദ്യപാനവും പുകവലിയും ഇല്ല. പണ്ട് കോട്ടയത്തു വന്ന് ആദ്യനാളുകളിൽ അപൂർവമായി പാർട്ടികളിൽ പങ്കെടുക്കുമായിരുന്നു. അവിടെ വച്ച് സോഷ്യൽ ഡ്രിങ്കിങ് പോലെ വല്ലപ്പോഴും ചെറുതായി മദ്യപിക്കും. ഒരിക്കൽ ഇങ്ങനെയൊരു പാർട്ടി കഴിഞ്ഞു പിറ്റേന്ന് ക്ലാസ് എടുക്കാൻ പോയി. ക്ലാസ് എടുത്തെങ്കിലും പറയാനുദ്ദേശിച്ച ഒന്നു രണ്ട് പോയിന്റുകൾ വിട്ടുപോയി. പിന്നീട് ഒന്നു രണ്ടു തവണ കൂടി ഇത്തരമൊരു പ്രശ്നം വന്നു. അതിനുശേഷം ഞാൻ മദ്യപിച്ചിട്ടേയില്ല. പുകവലിച്ചിട്ടുമില്ല. എന്റെ സ്വന്തം അനുഭവത്തിൽ നിന്നു പറയുകയാണ്–മദ്യപിക്കുന്നവരിൽ തലച്ചോറിലെ കോശങ്ങൾക്കു നാശം വന്നുതുടങ്ങും. മദ്യപാനവും പുകവലിയും നിങ്ങളുടെ ആരോഗ്യം തകർക്കും, അയുസ്സ് കുറയ്ക്കും.